ന്യൂഡൽഹി: പശ്ചിമ ബംഗാൾ അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മാസത്തിലേറെ നീണ്ടുനിന്ന എസ്ഐആർ നടപടി ക്രമങ്ങൾക്ക് പിന്നാലെയാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഗോവ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ കരട് പട്ടികയാണ് പുറത്ത് വന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം പശ്ചിമ ബംഗാളിൽ 58,20,899 വോട്ടർമാരെയും രാജസ്ഥാനിൽ ഏകദേശം 41,85,000 വോട്ടർമാരെയുമാണ് കരട് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. രാജസ്ഥാനിൽ 199 നിയമസഭാ മണ്ഡലങ്ങളിലെ കരട് വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. രാജസ്ഥാനിൽ 5.48 കോടി വോട്ടർമാരാണുണ്ടായിരുന്നത്. കരട് പട്ടികയിൽ ഇത് 5.04 കോടിയായി കുറഞ്ഞു. ഗോവയിൽ 11.85 ലക്ഷം പേരെയാണു വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇത് 10.84 ആയി കുറഞ്ഞു. പുതുച്ചേരിയിൽ 10.21 ലക്ഷത്തിൽ നിന്ന് 9.18 ലക്ഷമായും ലക്ഷദ്വീപിൽ 58,000 ത്തിൽ നിന്ന് 56,384 ആയും വോട്ടർമാരുടെ എണ്ണം കുറഞ്ഞു.
ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ കലക്ടർ, ജില്ലാ ഇലക്ഷൻ ഓഫിസർ തുടങ്ങിയവരുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ്. മരണം, കണ്ടെത്താനാകാത്തവർ, സ്ഥിരമായി സ്ഥലംമാറിയവർ എന്നിവയാണ് ആളുകളെ ഒഴിവാക്കാനുള്ള പ്രധാന കാരണങ്ങൾ. പട്ടികയിൽ നിന്നും പേര് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാർക്ക് ഡിസംബർ 16 മുതൽ 2026 ജനുവരി 15 വരെ തടസവാദങ്ങളും പരാതികളും ഉന്നയിച്ച് പേര് തിരികെ ചേർക്കാൻ അവസരമുണ്ട്.
വോട്ടർ പട്ടിക സംബന്ധിച്ച് പരാതിയുള്ളവർക്ക് 1950-ലെ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റിനും തുടർന്ന് ചീഫ് ഇലക്ടറൽ ഓഫിസർക്കും അപ്പീൽ നൽകാവുന്നതാണ്. അപ്പീൽ നൽകുന്നതിനും പരിശോധനയ്ക്കുമുള്ള സമയം ഡിസംബർ 16 മുതൽ 2026 ഫെബ്രുവരി ഏഴ് വരെയായിരിക്കും. കരട് വോട്ടർ പട്ടിക പ്രാദേശിക ബൂത്ത് ലെവൽ ഓഫിസറുടെ (ബിഎൽഒ) കൈവശം ലഭ്യമാണ്. കൂടാതെ ഇസിഐനെറ്റ് (ECINET) മൊബൈൽ ആപ്പ് വഴിയും voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയും പൊതുജനങ്ങൾക്ക് പട്ടിക പരിശോധിക്കാവുന്നതാണ്. പ്രത്യേക പരിശോധന മാർഗരേഖയിലെ ഖണ്ഡിക അഞ്ച് (ബി) പ്രകാരം, പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് മുന്നറിയിപ്പ് നോട്ടിസ് നൽകാതെ ആരുടെയും പേര് നീക്കം ചെയ്യില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. സുതാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പരിശോധന നടപടികളാണ് കമ്മിഷൻ സ്വീകരിക്കുന്നത്. അർഹരായ ഒരാൾ പോലും ഒഴിവാക്കപ്പെടില്ലെന്നും അനർഹരായ ആരും പട്ടികയിൽ ഉണ്ടാവില്ലെന്നും ഉറപ്പുവരുത്തുമെന്നും കമ്മിഷൻ അറിയിച്ചു.
തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലെ കരട് പട്ടിക ഡിസംബർ 19-ന് പ്രസിദ്ധീകരിക്കും. കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ കണക്കെടുപ്പ് ഡിസംബർ 18-ന് അവസാനിക്കുകയും കരട് പട്ടിക ഡിസംബർ 23-ന് പുറത്തിറങ്ങുകയും ചെയ്യും. ഉത്തർപ്രദേശിൽ സമയപരിധി 15 ദിവസം നീട്ടിയിട്ടുണ്ട്. അവിടെ ഡിസംബർ 26-ന് കണക്കെടുപ്പ് അവസാനിക്കുകയും ഡിസംബർ 31-ന് കരട് പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും.



