കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി വി അൻവറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്ത് വിട്ടയച്ചു. ഇഡി കൊച്ചി ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ വായ്പാ തട്ടിപ്പ്, ആലുവയിൽ 11 ഏക്കർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തൽ, അനധികൃത സ്വത്ത് വർധനവ് തുടങ്ങിയ കേസുകളാണ് അൻവറിനെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ, അൻവറിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അൻവർ ഒരേ ഭൂമിയിൽ രണ്ടു വായ്പ എടുത്തുവെന്നാണ് പ്രധാന പരാതി.
കെ.എഫ്.സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും മതിയായ ഈടില്ലാതെയും ക്രമക്കേട് നടത്തിയും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ കെ.എഫ്.സി മലപ്പുറം ചീഫ് മാനേജര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേയും പി.വി അന്‍വര്‍, സഹായി സിയാദ് അമ്പായത്തിങ്ങല്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് നേരത്തെ കേസെടുത്തിരുന്നു. കൊല്ലത്തെ വ്യവസായിയും പ്ലാന്‍റുമായ മുരുഗേഷ് നരേന്ദ്രന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് അന്വേഷണം. ഇതിനു പിന്നാലെയാണ് കള്ളപ്പണ ഇടപാടില്‍ ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇ ഡി അറസ്റ്റ് ചെയ്തു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പി വി അൻവർ പറഞ്ഞു. വായ്പാ കേസിൽ അന്വേഷണം നടക്കുന്നുണ്ട്. വിജിലൻസ് കള്ളക്കേസാണ് എടുത്തത്. കേരളത്തിലെ നീതി ന്യായ വ്യവസ്ഥയിൽ പ്രതീക്ഷയുണ്ട്. കോടതിയിൽ പോരാട്ടം തുടരും. ഇഡി അന്വേഷണവുമായി സഹകരിക്കുമെന്നും അൻവർ പറഞ്ഞു. ചോദ്യം ചെയ്യലിനാണ് ഇഡിക്ക് മുന്നിൽ ഹാജരായത്. സാമ്പത്തിക ആവിശ്യത്തിനാണ് കെഎഫ്‌സിയിൽ നിന്ന് ലോൺ എടുത്തത്. ഒരു തട്ടിപ്പും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വിജിലൻസ് കള്ളക്കേസ് എടുത്തത്. പിണറായിസത്തിനെതിരെ ടീം യുഡിഎഫിനോടൊപ്പം പോരാട്ടം തുടരുമെന്നും അൻവർ പറഞ്ഞു.



