Home » കേരളത്തിലെ എസ്ഐആർ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്, പരാതികള്‍ ജനുവരി 22 വരെ നല്‍കാം
എസ്ഐആർ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

കേരളത്തിലെ എസ്ഐആർ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്, പരാതികള്‍ ജനുവരി 22 വരെ നല്‍കാം

by Editor
Send your news and Advertisements

തിരുവനന്തപുരം: കേരളത്തിലെ എസ്ഐആറിൻ്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 24.08 ലക്ഷം പേരാണ് കരട് വോട്ടർ പട്ടികയിൽ ഒഴിവാക്കപ്പെട്ടത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്. voters.eci.gov.in എന്ന വെബ്സൈറ്റിൽ പട്ടിക പരിശോധിക്കാം.

നിലവിലെ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താത്തവര്‍ക്ക് വീണ്ടും പേര് ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. ഒഴിവാക്കപ്പെട്ടവർ ഇന്ന് മുതൽ ഒരു മാസത്തിനകം പേര് ചേർക്കാൻ ഫോം നൽകണം. പരാതി പരിഗണിക്കാൻ ആയിരത്തോളം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കരട് വോട്ടർ പട്ടിക പാർട്ടികൾക്ക് കൈമാറിയിട്ടുണ്ട്. ഫെബ്രുവരി 21-നാണ് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കുക. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാനാവാത്തവർക്ക് ഡിസംബർ 23 മുതൽ ഫോം ആറിൽ അപേക്ഷിക്കാം. ഡിക്ലറേഷനും നൽകണം. പുതിയതായി പേര് ചേർക്കാൻ ഫോറം ആറിലും പ്രവാസികൾ ആറ് എയിലുമാണ് അപേക്ഷിക്കേണ്ടത്. മരണം, താമസം മാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കാൻ ഫോറം ഏഴിലും വിലാസം മാറ്റാനും മറ്റ് തിരുത്തലുകൾക്കും ഫോറം എട്ടിലും അപേക്ഷിക്കണം. ഫോറങ്ങൾ കമ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.

കമ്മിഷന് കണ്ടെത്താനാവാത്ത പലരും നാട്ടിൽത്തന്നെയുണ്ട് എന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പറയുന്നത്. ഇവർക്ക് ഇനി പേര് ചേർക്കണമെങ്കിൽ പുതിയ വോട്ടറായി അപേക്ഷിക്കണം. കരട് പട്ടികയിലുള്ള ഒരാളുടെ പേർ ഹിയറിങങ്ങിന് ശേഷം ഒഴിവാക്കിയാൽ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അപ്പീൽ നൽകാം. ഇതിലും പരാതിയുണ്ടെങ്കിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറെ 30 ദിവസത്തിനകം സമീപിക്കണം. എന്യൂമറേഷൻ ഫോറങ്ങളിലെ തീരുമാനവും പരാതി തീർപ്പാക്കലും ഡിസംബർ 23 മുതൽ ഫെബ്രുവരി 14 വരെയാണ് നടക്കുന്നത്. സ്ഥലംമാറിയതോ, മരിച്ചു പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ വോട്ടര്‍ മാരുടെ പട്ടികയും വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേരളത്തിന് ഒപ്പം മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നിവിടങ്ങളിലെ പട്ടികയും പ്രസിദ്ധീകരിക്കും.

You may also like

error: Content is protected !!