Mantis Partners Sydney
Thursday, March 5, 2026
Mantis Partners Sydney
Home » പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലി
പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലി

പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ആനന്ദവല്ലി

ആർ. ഗോപാലകൃഷ്ണൻ

by Editor
Send your news and Advertisements

നാലു പതിറ്റാണ്ടുകാലം മലയാളസിനിമയിലെ ഡബ്ബിംഗ് രംഗത്തെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി. ‘മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റി’നുള്ള അവാർഡ് കേരള സർക്കാർ ഏർപെടുത്തിയ വർഷം തന്നെ (1992) അതിനു അർഹയായതു ആനന്ദവല്ലി ആണ്. ‘അഭിനേത്രി’ എന്ന നിലയിൽ ആനന്ദവല്ലിയെ മലയാളം മറന്നാലും ‘ഡബ്ബിംഗ് ആർട്ടിസ്റ്റ്’ ആയ ആനന്ദവല്ലിയെ ആരും മറക്കില്ല.

ശരിക്കും ഈ ഡബ്ബിംഗ്/ വോയിസ് ആർട്ടിസ്റ്റ് എന്നത് ഒരു അത്ഭുതം ആണ്. പ്രശസ്ത നായികാ-നായകന്മാരുടെയെല്ലാം അഭിനയ സിദ്ധിയുടെ ഗണ്യമായ ഒരുഭാഗം അവരുടെ ഡയലോഗ് ഡിലിവറിയാണ്; സംഭാഷണം കേട്ട് ആണ് നാം ഇഷ്ടപ്പെടുന്നത്. പലരുടെയും അഭിനയ ജീവിതത്തിൽ ആ ഒരു ‘ഗണ്യമായ പങ്ക്‘ നിർവഹിക്കുന്നവരാണ് ഈ ഡബ്ബിങ് ആർട്ടിസ്റ്റുകൾ.

എന്നാൽ അതൊന്നും ശരിക്കും അവരല്ല എന്ന് അറിയുന്നത് വല്ലാത്തൊരു അനുഭവം തന്നെ. പക്ഷേ, എന്ത് കൊണ്ടോ ഒരു കാലത്ത് പ്രേക്ഷകർ അതൊന്നും അറിഞ്ഞിരുന്നേയില്ല. ഇപ്പോൾ, ഏതാനും പേരെ (ആനന്ദവല്ലി, ഹരി, ഭാഗ്യലക്ഷ്മി, കൃഷ്ണചന്ദ്രൻ, ഷമ്മി തിലകൻ തുടങ്ങിയവരെപ്പോലെ ചിലരുടെ മാത്രം ശബ്ദസാന്നിദ്ധ്യം) നാം തിരിച്ചറിയുന്നു.

കൊല്ലം വെളിയത്ത് മണിപ്പുഴ വീട്ടിൽ രാമൻ പിള്ളയുടേയും ചെമ്പകക്കുട്ടിയമ്മയുടെയും മകളായി 1952 ജനുവരി 14-ന് ജനിച്ചു. വെളിയം കൈയെല സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അവിടെ സ്കൂൾ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി.

അച്ഛന്റെ കലയിലുള്ള താൽപര്യം ആനന്ദവല്ലിയെ കലാരംഗത്ത് എത്തിച്ചു. ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങി. സ്കൂളിലെ അധ്യാപകരുടെ നിർബന്ധത്തിനു വഴങ്ങിയാണ് അവർ ആദ്യമായി നാടകത്തിൽ അഭിനയിക്കുന്നത്. കഥാപ്രാസംഗികനായ, തന്റെ കൂട്ടുകാരിയുടെ പിതാവിൽ നിന്നും കഥാപ്രസംഗം പഠിക്കുകയും പതിമൂന്നാം വയസ്സിൽ ആദ്യമായി വെളിയത്ത് കഥാപ്രസംഗം അവതരിപ്പിക്കുകയും ചെയ്തു. ‘രമണന്‍’, ‘ആയിഷ’, ‘ചണ്ഡാലഭിക്ഷുകി’ തുടങ്ങി നിരവധി കഥകൾ പല വേദികളിൽ ആനന്ദവല്ലി ആക്കാലത്ത് അവതരിപ്പിച്ചു.

കൗമാരപ്രായത്തിൽ ആനന്ദവല്ലി നാടകങ്ങൾക്കായി പാടാൻ തുടങ്ങിയിരുന്നു.

പതിനാറാം വയസ്സിൽ, 1968-ൽ അപ്രതീക്ഷിതമായി, പ്രൊഫഷണൽ നാടരംഗത്തേക്ക് അവർ കടന്നു വന്നു. അതിനു നിമിത്തമായത് അച്ഛന്റെ സുഹൃത്ത് കൂടിയായ ‘കാവൽ സുരേന്ദ്രനാ’യിരുന്നു.

1968-ൽ കോട്ടയം നാഷണൽ തിയേറ്റർ അവതരിപ്പിച്ച ‘ശിലായുഗം’ നാടകത്തിൽ കാവൽ സുരേന്ദ്രൻ, വൈക്കം സുകുമാരൻ നായർ, കൊല്ലം ശങ്കർ, തൃശൂർ എൽസി, തുടങ്ങിയവരോടൊപ്പം ആനന്ദവല്ലിയും അഭിനയിച്ചു. ആ നാടകം എഴുതിയത് പ്രൊഫ. ജി. ഗോപാലകൃഷ്ണനാണ്, കോളേജ് പ്രൊഫസറും പ്രമുഖ നാടകകൃത്തുമായ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രൊഫഷണൽ നാടകമായിരുന്നു ഇത്.

അടുത്ത വർഷം 1969-ൽ കോട്ടയം ചെല്ലപ്പന്റെ ‘ചിതലു കയറിയ ഭൂമി‘ എന്ന നാടകത്തിലാണ് പിന്നീട് അഭിനയിക്കുന്നത്. പിന്നണി പാടാനാണ് അവിടെയെത്തിയത് എങ്കിലും, നായികയായി അഭിനയിക്കേണ്ട നടി വരാത്തത് കൊണ്ട് ആനന്ദവല്ലിക്ക് നറുക്ക് വീഴുകയായിരുന്നു. ആ നാടകത്തിന്റെ ആദ്യഅവതരണം കാണാൻ വന്ന പ്രശസ്ത നാടകകൃത്തും നാടകസമിതി സാരഥിയും ആയ ഒ. മാധവനും ഭാര്യയും (നടിയുമായ) വിജയകുമാരിയും അവരെ ഗ്രീൻ റൂമിൽ ചെന്ന് അഭിനന്ദിക്കുകയും ‘കാളിദാസ കലാകേന്ദ്ര‘ത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെ കെ. ടി. മുഹമ്മദിന്റെ ‘മുത്തുച്ചിപ്പി’ എന്ന നാടകത്തിൽ, ഒരു ശ്രദ്ധേയവേഷം, മണവാളൻ ജോസഫിന്റെ സഹോദരിയായി, വേഷം ചെയ്തു…

ശബ്ദനിയന്ത്രണമുൾപ്പടെ കാര്യങ്ങൾ ആനന്ദവല്ലി പഠിച്ചത് കെ. ടി. മുഹമ്മദിൽ നിന്നാണ്. ദേശാഭിമാനി തീയേറ്റേഴ്സ് ആറ്റിങ്ങൽ, കേരള തീയേറ്റേഴ്സ് കോട്ടയം, കായംകുളം പീപ്പിൾസ് തീയേറ്റേഴ്സ് എന്നിവയുടെ നാടകവേദിയിൽ അഭിനയിച്ചു തുടങ്ങി. നാടകരംഗത്ത് സജീവമായതോടെ പത്താം ക്ലാസിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ശബ്ദം കൈകാര്യം ചെയ്യുന്ന രീതിയും ശബ്ദ നിയന്ത്രണവും കെ ടി-യിൽ നിന്നും അവർ പഠിച്ചു.

വിവാഹംശേഷം (1970) തിരുവനന്തപുരത്ത് കെ പി എ സി സണ്ണിയുടെ ട്രൂപ്പിൽ അഭിനയിച്ചു തുടങ്ങി. ആകാശവാണിയിൽ (കരാർ അടിസ്ഥനത്തിൽ) അനൌൺസർ ആയിയും ആനന്ദവല്ലി പ്രവർത്തിച്ചു.

നാടകത്തിനായി തിരുവനന്തപുരത്ത് താമസമാക്കിയ സന്ദർഭത്തിലാണ് നാടക അഭിനയത്തിനായി കെപിഎസി-യിൽ നിന്നും ക്ഷണം ലഭിക്കുന്നത്. ‘എനിക്ക് മരണമില്ല‘എന്ന, കണിയാപുരം രാമചന്ദ്രന്‍റെ നാടകത്തിലെ അഭിനയത്തിന് ആനന്ദവല്ലിക്ക് 1978-ൽ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ( കെ.പി.എ.സി. പ്രേമചന്ദ്രനായിരുന്നു അതിൽ അവരുടെ നായകൻ.)

അതിനു ശേഷം ഏതാനും അമച്വര്‍ നാടകങ്ങളില്‍ അഭിനയിക്കാന്‍ അവർക്ക് അവസരം ലഭിച്ചു. പി. കെ. വേണുക്കുട്ടന്‍ നായര്‍, പി. സി. സോമന്‍, ലീല പണിക്കര്‍ എന്നിവർക്കൊപ്പം സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ ‘ലങ്കാലക്ഷ്മി’, ‘സാകേതം’, ‘കാഞ്ചനസീത‘ തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. ടി. എന്‍. ഗോപിനാഥന്‍ നായരുടെ ‘സാക്ഷി‘ എന്ന നാടകത്തില്‍ നെടുമുടി വേണു, ആറന്മുള പൊന്നമ്മ, മാവേലിക്കര പൊന്നമ്മ തുടങ്ങിയവ രോടൊപ്പവും അഭിനയിച്ചു.

തോപ്പിൽ ഭാസിയുമായുള്ള പരിചയത്തിലൂടെ, അവിടെ നിന്നാണ് അവർ സിനിമയിലേക്കെത്തുന്നത്. 1973-ൽ ‘ഏണിപ്പടികൾ‘ എന്ന സിനിമയിലൂടെയാണ് സിനിമാ അഭിനയ രംഗത്തേക്ക് ആനന്ദവല്ലി കടന്നു വന്നത്. ആ വർഷം തന്നെ ‘കാട്’ എന്ന പി. സുബ്രഹ്മണ്യം (മെരിലാൻഡ്) സിനിമയിലും അഭിനയിച്ചു. അടുത്ത വർഷം തന്നെ, (1974-ൽ) ‘ദേവി കന്യാകുമാരി‘ എന്ന മെറിലാൻഡ് സിനിമയിലൂടെ നടി രാജശ്രീക്ക് ശബ്ദം നൽകി ‘ഡബ്ബിങ്‘ രംഗത്തേക്കു കടക്കുകയായിരുന്നു; ‘ദേവി കന്യാകുമാരി‘യിൽ അഭിനയിക്കുകയും ചെയ്തു. (ആ സമയത്ത് അവരുടെ ഭർത്താവിന് മെറിലാൻഡ് സ്റ്റുഡിയോയിൽ മാനേജരായി ജോലി ലഭിക്കുകയും ചെയ്തിരുന്നു.)

‘ഹൃദയം ഒരു ക്ഷേത്രം’, ‘ശ്രീ മുരുകൻ’, ‘ഭാര്യ ഇല്ലാത്ത രാത്രി’, ‘യൗവനം’ തുടങ്ങി 40-ഓളം ചിത്രങ്ങളില്‍ ആനന്ദവല്ലി അഭിനയിച്ചു.

എൺപതുകളിലാണ് തിരക്കുള്ള ഡബ്ബിംഗ് ആർട്ടിസ്റ്റായി മാറുന്നത്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ പൂ‌ർണിമാ ജയറാമിന് ശബ്ദം നൽകിയതോടെയാണ് അവർ ആ രംഗത്ത് ഏറെ ശ്രദ്ധേയയാകുന്നത്. ഇതര ഭാഷകളിൽ നിന്ന് കേരളത്തിൽ നായികമാരായി എത്തിയ പൂർണിമ ജയറാം, ഗീത, സുഹാസിനി, ഗൗതമി എന്നിവരുൾപ്പടെ നിരവധിപേർക്ക് ശബ്ദം നൽകിയത് ആനന്ദവല്ലിയാണ്.

കൂടുതൽ സിനിമകളിൽ ഡബ്ബ് ചെയ്യാനുള്ള സൌകര്യത്തിനായി അവർ ചെന്നൈയിലേക്ക് താമസം മാറി. ആ കാലഘട്ടത്തിൽ ഏതാണ്ട് മിക്ക സിനിമകളിലും അവർ ശബ്ദം നൽകി; പല ചിത്രങ്ങളിലും ഒന്നില്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ക്ക്, കോംബിനേഷൻ രംഗങ്ങളിൽ ഉൾപ്പെടെ, അവർ ശബ്ദം പ്രദാനം ചെയ്തു! ഷാജി കൈലാസിന്റെ ‘സ്ഥലത്തെ പ്രധാന പയ്യൻസ്’ എന്ന ചിത്രത്തിൽ, ഗീത, സുചിത്ര, കോഴിക്കോട് വിലാസിനി (തിരുത്തിയാട് വിലാസിനി) എന്നിവരുടേതടക്കം അഞ്ചു കഥാപാത്രങ്ങൾക്കായി അവർ ശബ്ദം നൽകി. വിജി തമ്പിയുടെ ‘കാലാൾപട‘ എന്ന ചിത്രത്തിൽ രഞ്ജിനിക്കും ഒരു പുരുഷ കഥാപാത്രത്തിനും വേണ്ടി അവർ ശബ്ദം നൽകിയിട്ടുണ്ട്!

സിൽക്ക് സ്മിത മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങളിൽ മിക്കവക്കും ‘പ്രത്യേക വൈകാരികതയുള്ള‘ ശബ്ദം നൽകിയത് ആനന്ദവല്ലിയാണ്. അതുപോലെ, ഒരുകാലത്തു ഒരു ട്രെൻഡ് ആയിമാറിയ ഉച്ചപ്പടങ്ങളിലും ‘അത്തരം‘ ചൂടൻ ശംബ്ദ സാദ്ധ്യത്തോടെ ഡബ്ബിങ് നടത്തിയത് ആനന്ദവല്ലി തന്നെയിരുന്നു എന്ന് ഡബ്ബിങ് കലാകാരമാരുടെ ഒരു ടി. വി. ചർച്ചയിൽ അവർ ഉദാഹരണ സഹിതം അവതരിപ്പിച്ചത് ഓർക്കുന്നു…

മണിവത്തൂരിലെ ആയിരം ശിവരാത്രികളി’ൽ സുഹാസിനി, ‘പഞ്ചാഗ്നി‘യിൽ ഗീത, ‘സുകൃത‘ത്തിലെ ഗൗതമി, ‘ഭരത‘ത്തിലെ ലക്ഷ്മി, ‘കന്മദ’ത്തിലെ മുത്തശ്ശി, ‘ആകാശദൂതി‘ലെ മാധവി എന്നിവയെല്ലാം ആനന്ദവല്ലിയുടെ കരിയറിലെ ശ്രദ്ധേയപ്രകടനങ്ങളാണ്. മൂവ്വായിരത്തിലധികം മലയാള സിനിമകയിൽ ഡബ്ബിങ് ചെയ്തു. ‘കന്മദ‘ത്തിലെ മുത്തശ്ശിയുടെ സംഭാഷണം ഒരു അഭിമുഖത്തിൽ ആനന്ദവല്ലി അവതരിപ്പിക്കുന്നുണ്ട്.

ആധാരം‘ എന്ന ചിത്രത്തിൽ ഗീതയ്ക്ക് ശബ്ദം നൽകിയ ആനന്ദവല്ലിക്ക് മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥസ്ഥാന അവാർഡ് (1992) ലഭിച്ചു. ‘മഴത്തുള്ളിക്കിലുക്കം’ (2002-ൽ) എന്ന സിനിമയിൽ നടി ശാരദയ്ക്കു വേണ്ടിയാണ് ഇവർ അവസാനമായി ഡബ്ബ് ചെയ്തത്.

1970-ൽ, തൻ്റെ 18-ാം വയസ്സിൽ, ആനന്ദവല്ലി അകന്ന ബന്ധു കൂടിയായ ചന്ദ്രശേഖര പിള്ളയെ വിവാഹം കഴിച്ചു. വെളിയം ചന്ദ്രൻ എന്ന പേരിൽ അറിയപ്പെട്ട നാടകകൃത്തും കലാകാരനുമായിരുന്നു അദ്ദേഹം. പിന്നീട് തിരുവനന്തപുരം മെരിലാന്റ് സ്റ്റഡിയോയുടെ മാനേജരായിരുന്നു; പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമായിരുന്നു… ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ‘ഇതും ഒരു ജീവിതം’ (1982) വെളിയം ചന്ദ്രന്റെ ‘ഉർവശി‘ എന്ന നാടകമാണു ‘ഇതും ഒരു ജീവിതം‘ എന്ന സിനിമയായി മാറിയത്; കല്പനയും സായികുമാറും ബാലതാരങ്ങളായി അഭിനയിച്ചതും ഇതിലാണ്.

സംവിധായകൻ ദീപൻ ഇവരുടെ മകനാണ്. മകൾ അനു ലക്ഷ്മി. മകന്‍ ദീപൻ്റെ അപ്രതീക്ഷിത മരണവും ആനന്ദവല്ലിയെ ഏറെ തളര്‍ത്തി.

നേമത്തായിരുന്നു അവരുടെ താമസം… 2019 ഏപ്രിൽ 5–ന്, 67-ാം വയസ്സിൽ, ആനന്ദവല്ലി, തലച്ചോറില്‍ പെട്ടെന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന്, തിരുവനന്തപുരത്തു വെച്ച് അന്തരിച്ചു.

ആർ. ഗോപാലകൃഷ്ണൻ

You may also like

error: Content is protected !!