വാഷിങ്ടൺ: ഇറാനിൽ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ജനങ്ങൾക്ക് നേരെ ഭരണകൂടത്തിൻ്റെ അക്രമമോ, വെടിവെപ്പോ ഉണ്ടായാൽ അമേരിക്ക ഇടപെടുമെന്ന മുന്നറിയിപ്പുമായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ‘സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരേ ഭരണകൂടം അക്രമം അഴിച്ചുവിട്ടാൽ അമേരിക്ക അവരുടെ രക്ഷയ്ക്കെത്തും. ‘ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു, പോകാൻ സജ്ജരാണ്’ – ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കി.
രൂക്ഷമായ വിലക്കയറ്റത്തിനും ഭരണാധികാരികളുടെ സ്വേച്ഛാധിപത്യത്തിനുമെതിരെ ഇറാനിൽ ഡിസംബർ 28-ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ആളിപടരുകയാണ്. ഇറാൻ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പരമോന്നത നേതാവ് അലി ഖമേനിക്കെതിരെ ജനവികാരം ശക്തമാണ്. ടെഹ്റാനിൽ വ്യാപാരി, വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധങ്ങൾ യൂണിവേഴ്സിറ്റികളിലേക്ക് ആളിപ്പടരുകയായിരുന്നു. 1979 ലെ ഇസ്ലാമിക വിപ്ലവകാലത്ത് പുറത്താക്കപ്പെട്ട പരേതനായ ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകൻ റെസ പഹ്‌ലവിയെ പിന്തുണച്ച് “ഏകാധിപതിക്ക് മരണം” എന്ന് മുദ്രാവാക്യം വിളിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ ടെഹ്‌റാനിലെ തെരുവിലിറങ്ങി.
അരക്, ഇസ്‌ഫഹാൻ, മഷാദ്, ഷിറാസ് തുടങ്ങിയ നഗരങ്ങളിലേക്ക് പ്രതിഷേധങ്ങൾ വ്യാപിച്ചിരിക്കുകയാണ്. 2022 -ലെ ഹിജാബ് വിരുദ്ധ സമരത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണിത്. ചില മതനേതാക്കളും സാംസ്‌കാരിക പ്രവർത്തകരും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടെ വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ വിവിധ പ്രവിശ്യകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ഇവർ പൊലീസുമായി ഏറ്റുമുട്ടുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം ഇറാൻ്റെ സമ്പദ് വ്യവസ്ഥ വർഷങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര തലത്തിൽ കടുത്ത ആശങ്കയ്ക്ക് കാരണമായതാണ് ഉപരോധത്തിലേക്ക് നയിച്ചത്. ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ സംഘർഷവും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇറാൻ്റെ ആണവ പദ്ധികൾ മുന്നോട്ടുകൊണ്ടുപോയി പാശ്ചാത്യ രാജ്യങ്ങൾക്കെതിരേ പോരാടി നിൽക്കാമെന്ന പ്രതീക്ഷയാണ് 2025 ജൂണിൽ നടന്ന ഇസ്രായേലി-അമേരിക്കൻ ആക്രമണത്തോടെ ഛിന്നഭിന്നമായിപ്പോയത്. ഇറാന് അതിൻ്റെ പ്രതിരോധ ശേഷി അപ്പാടെ നഷ്ടമായി. ശാസ്ത്രജ്ഞരുടെ സംഘങ്ങൾ ചിതറിപ്പോയി, ചിലർ കൊല്ലപ്പെട്ടു. ചരക്കു നീക്കത്തിനുള്ള ശൃംഖല തകർന്നു. ഒരിക്കൽ അടുത്ത സഖ്യകക്ഷികളായി കണക്കാക്കപ്പെട്ടിരുന്ന റഷ്യയും ചൈനയും പോലും അകലം പാലിക്കുന്നു. പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസി മൂല്യം കുത്തനെ ഇടിഞ്ഞതാണു പ്രതിസന്ധി രൂക്ഷമാക്കിയത്.



