വാഷിംഗ്ടൺ: ഇന്ത്യക്ക് വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഔദ്യോഗിക ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടർന്നാൽ താരിഫ് ഇനിയും വർധിപ്പിക്കും. യുക്രെയിനിൽ യുദ്ധം നടത്തുന്ന റഷ്യയിൽ നിന്നും കൂസലില്ലാതെ എങ്ങനെ എണ്ണ വാങ്ങാൻ കഴിയുന്നുവെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിലൂടെ ചോദിച്ചു. ഇന്ത്യ കേവലം റഷ്യൻ എണ്ണ വാങ്ങുക മാത്രമല്ല ഓപ്പൺ മാർക്കറ്റിൽ മറിച്ചു വിറ്റ് വലിയ ലാഭവും നേടുകയാണെന്ന് ട്രംപ് ആരോപിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ റഷ്യയെ യുക്രെയ്നെതിരായ യുദ്ധത്തിന് സഹായിക്കുന്നുവെന്ന് ആരോപണം നേരത്തെയും യുഎസ് ഉയർത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്നും അല്ലെങ്കിൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പും നൽകിയിരുന്നു.
അതേ സമയം, ട്രംപിൻ്റെ തീരുവ ഭീഷണിക്കെതിരെ ഇന്ത്യയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നടപടി ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. രാജ്യ സുരക്ഷയ്ക്കും സാമ്പത്തിക സുരക്ഷയ്ക്കും ആവശ്യമായ നടപടി സ്വീകരിക്കും എന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.
ട്രംപ് കഴിഞ്ഞയാഴ്‌ച 25 ശതമാനം തീരുവ പ്രഖ്യാപിച്ചത് ഇന്ത്യൻ കയറ്റുമതി മേഖലയെ സമ്മർദത്തിലാക്കിയിരുന്നു. പാകിസ്ഥാൻ, ബംഗ്ലദേശ് തുടങ്ങിയ അയൽ രാജ്യങ്ങളേക്കാളും കയറ്റുമതി രംഗത്തെ എതിരാളികളായ വിയറ്റ്നാം, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ തുടങ്ങിയവയേക്കാളും ഉയർന്ന ഇറക്കുമതി തീരുവയാണ് ഇന്ത്യയ്ക്കുമേൽ ട്രംപ് പ്രഖ്യാപിച്ചത്. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് പ്രത്യേകം പിഴയും ചുമത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ എന്താണ് പിഴയെന്ന് വ്യക്തമാക്കിയിട്ടില്ല.