തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ, ഇടതുസഹയാത്രികനും മുൻ എംഎൽഎയും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് ചെയ്തു. കൻ്റോൺമെന്റ് പൊലീസാണ് കുഞ്ഞുമുഹമ്മദിനെ അറസ്‌റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ചൊവ്വാഴ്ചയാണ് പി.ടി. കുഞ്ഞുമുഹമ്മദ് കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെത്തിയത്. അദ്ദേഹത്തെ അപ്പോൾത്തന്നെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. തനിക്കെതിരായ പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് കുഞ്ഞുമുഹമ്മദ് പറയുന്നത്.
നവംബർ 27-ന് സംവിധായിക മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഡിസംബർ എട്ടിനാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞമാസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഐഎഫ്എഫ്കെയുടെ മലയാളസിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറി ചെയർമാനായിരുന്നു കുഞ്ഞുമുഹമ്മദ്. സെലക്ഷൻ സ്‌ക്രീനിങ്ങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽമുറിയിൽ വെച്ച് പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. വിരുന്ന് സത്കാരത്തിനായി പരാതിക്കാരിയെ ഹോട്ടൽമുറിയിലേയ്ക്ക് വിളിച്ചുവരുത്തുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
സ്ത്രീകള്‍ക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രാഥമിക അന്വേഷണം നടത്തി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരാതിയില്‍ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംവിധായികയുടെ രഹസ്യമൊഴി ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.



