ന്യൂഡൽഹി: രാജ്യത്തെ നടുക്കി ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനം ഭീകരാക്രമണമെന്നു സൂചന. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ഒൻപതു പേര് മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. കൊല്ലപ്പെട്ടവർ ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം. 24 പേർക്ക് പരിക്കേറ്റിട്ടുണ്ട്, അതിൽ മൂന്ന് പേരുടെ നില ഗുരുതരം ആണെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. ഉന്നമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്നാണ് വിവരം. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്നു മണിക്കൂർ നിർത്തിയിട്ടു. സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. കാറിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നാണ് വിവരം. കഴിഞ്ഞമാസം 29-നാണ് ഇയാൾ വാഹനം വാങ്ങിയത്.
ലാൽകില മെട്രോ സ്റ്റേഷന് മുന്നിലെ ട്രാഫിക് സിഗ്നലിന് മുന്നിലേക്ക് വേഗം കുറച്ചെത്തിയ ഹുണ്ടായ് ഐ 20 കാർ, പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന കാറുകൾ, ഓട്ടോറിക്ഷകൾ, സൈക്കിൾ റിക്ഷകളെല്ലാം പൊട്ടിത്തെറിയിൽ തകർന്നു. ഭീകരവാദിയായ ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ച് ചെങ്കോട്ടയിലെത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഫരീദാബാദ് ഭീകര സംഘത്തിൽ പൊലീസ് തിരയുന്ന വ്യക്തിയാണ് ഇയാളെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങള്‍ നൽകുന്ന വിവരം. സ്ഫോടനം നടന്ന ഐ20 കാറിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോയെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും.
ഇന്നലെ ഹരിയാന ഫരീദാബാദില്‍നിന്നടക്കം ജമ്മു കശ്മീര്‍ പൊലീസ് അറസ്‌റ്റ് ചെയ്‌ത ഡോക്‌ടർമാർ ഉൾപ്പെടുന്ന ഭീകരസംഘത്തിലെ അംഗമാണ് ഉമർ മുഹമ്മദും എന്നാണ് വിവരം. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള ഡോക്‌ടർമാരടക്കം എട്ടുപേരാണ് ഇന്നലെ പിടിയിലായത്. ഉമർ മുഹമ്മദും ജയ്‌ഷെ മുഹമ്മദിലെ അംഗമാണ് എന്നാണ് റിപ്പോർട്ട്. സ്ഫോടനമുണ്ടായ ഹ്യൂണ്ടായി ഐ20 കാര്‍ ഡല്‍ഹിയില്‍ പലയിടത്തും ചുറ്റിക്കറങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ഫോടക വസ്തുക്കള്‍ നിറച്ചായിരുന്നു കാറിന്‍റെ യാത്രയെന്നാണ് നിഗമനം.
ഹരിയാനയിലെ ഫരീദാബാദിലെ രണ്ടു കെട്ടിടങ്ങളിൽനിന്നായി മൂന്ന് ടണ്ണോളം (ഏകദേശം 2,900 കിലോ) സ്ഫോടക വസ്തുക്കളാണ് ജമ്മുകശ്മീർ പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. ഇതിൽ 350 കിലോ അമോണിയം നെട്രേറ്റും ഉൾപ്പെടുന്നു. ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്നതാണ് അമോണിയം നെട്രേറ്റ്. ജമ്മു കശ്മീർ സ്വദേശിയായ ഡോ. ആദിൽ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റു ചെയ്തതിനു പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജമ്മു പൊലീസ് റെയ്ഡ് നടത്തിയത്. മുസമിൽ ഷക്കീൽ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടിൽനിന്നാണ് 12 സ്യൂട്ട് കെയ്സുകളിലായി സൂക്ഷിച്ചിരുന്ന ആയുധങ്ങളും സ്ഫോടക വസ്തുവും കണ്ടെടുത്തത്. ഷക്കീൽ ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയാണ്. ഫരീദാബാദിലെ ആശുപത്രിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്തു വരുകയായിരുന്നു. ഡൽഹിയിൽ സ്ഫോടനത്തിന് കാരണമായി പൊട്ടിത്തെറിച്ച ഐ20 കാറും ഹരിയാന റജിസ്ട്രേഷനിലുള്ളതാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. എന്‍ഐഎ, എന്‍എസ് ജി, ഡല്‍ഹി പൊലീസിന്റെ പ്രതേക വിഭാഗം, ജെകെ പൊലീസ് ഉള്‍പ്പെടെ സംയുക്തമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. സ്‌ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടന്‍ വ്യക്തത നല്‍കാന്‍ കഴിയുമെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും. അന്വേഷണ ഏജന്‍സികളുടെയും സുരക്ഷാസേനകളുടെയും തലവന്മാര്‍ യോഗത്തില്‍ പങ്കെടുക്കും.
ചാന്ദ്‌നി ചൗക്ക് മാർക്കറ്റ് ഇന്ന് അടച്ചിടുമെന്ന് ചാന്ദ്‌നി ചൗക്ക് ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് ഭാർഗവ് പറഞ്ഞു. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മറ്റു മാർക്കറ്റുകൾക്കും പൊലീസ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലം സുരക്ഷ ശക്തമാക്കി. പാകിസ്ഥാന്‍ – ബംഗ്ലാദേശ് അതിര്‍ത്തികളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു.



