Thursday, November 13, 2025
Mantis Partners Sydney
Home » ഡൽഹി ചെങ്കോട്ടയിൽ വൻ സ്ഫോടനം; 9 മരണം
ഡൽഹി ചെങ്കോട്ട സ്ഫോടനം

ഡൽഹി ചെങ്കോട്ടയിൽ വൻ സ്ഫോടനം; 9 മരണം

by Editor

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ വൻ സ്ഫോടനത്തിൽ 9 മരണം. രണ്ടു സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്‌റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച‌ വൈകിട്ട് 6.52-നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം.

സ്ഥലത്ത് മൃതദേഹങ്ങൾ ചിന്നിച്ചിതറി കിടക്കുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ്റെ ഗേറ്റ് നമ്പർ ഒന്നിന് സമീപം നിർത്തിയിട്ട രണ്ട് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. എട്ടോളം വാഹനങ്ങൾ കത്തി നശിച്ചതായാണ് വിവരം. സ്ഫോടന ശബ്ദ്‌ദം കേട്ട ഉടൻ ആളുകൾ പരിഭ്രാന്തരാവുകയും ഓടുകയുമായിരുന്നു. പൊട്ടിത്തെറിച്ച കാറുകൾക്ക് സമീപമുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.

സംഭവത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അയൽ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്. ബോംബ് സ്ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മിഷണറുമായി ഫോണിൽ സംസാരിച്ചു. അമിത് ഷാ സ്ഫോടന സ്‌ഥലവും ആശുപത്രിയും സന്ദർശിച്ചു. സ്ഫോടനത്തിൻ്റെ കാരണം ഇപ്പോൾ പറയാറായിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും സ്‌ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അമിത് ഷാ പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ധരിപ്പിച്ചു.

രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനം ഭീകരാക്രമണമാണെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് ഈ സ്ഫോടനത്തിൽ പങ്കുള്ളതായാണ് സംശയം. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തത്. മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ. മുസാമിൽ ഷക്കീലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അൽ ഫലാഹ് ആശുപത്രിക്ക് സമീപം ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറിൽ നിന്ന് ഒരു കരോം കോക്ക് അസോൾട്ട് റൈഫിളും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരു ഡോക്ടറായ ഡോ. ആദിൽ അഹമ്മദ് റാത്തറിനെ നേരത്തെ ആയുധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!