കൊച്ചി: കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കൊച്ചി മേയറാകില്ല. വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടും. ആദ്യത്തെ രണ്ടര വർഷം പാലാരിവട്ടം ഡിവിഷനിൽ നിന്ന് വിജയിച്ച മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും. ഡപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും. എല്ലാത്തരം പരിഗണനകൾക്കും ശേഷമാണ് മേയറെ തീരുമാനിച്ചതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
ദീപ്തി മേരി വർഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതൽ മേയർ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാൽ ഇന്നലെ ചേർന്ന പാർലമെന്റെ പാർട്ടി യോഗത്തിൽ വികെ മിനി മോൾക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. വികെ മിനി മോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിന് 19 പേരും പിന്തുണച്ചു. ദീപ്തി മേരി വർഗീസിന് നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ സമ്മർദമാണ് ദീപ്തിയ്ക്കു വിനയായത്. നിയമസഭ തിരഞ്ഞെടുപ്പിൽ ദീപ്തി മേരി വർഗീസിനെ പരിഗണിക്കാമെന്ന ധാരണയും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
അതേസമയം കെപിസിസി നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല എന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു. തർക്കം ഉണ്ടെങ്കിൽ കെപിസിസി നിരീക്ഷകൻ എത്തി പരിഹരിക്കണം എന്നാണ് മാനദണ്ഡം. കോർ കമ്മിറ്റി വിളിക്കുമെന്നാണ് പറഞ്ഞിട്ട് വിളിച്ചില്ല. മാനദണ്ഡങ്ങൾ പാലിക്കാത്ത കാര്യം കെപിസിസി പ്രസിഡന്റിനോട് അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനത്തിനു മുൻപ് ആശയവിനിമയം നടത്തിയില്ല. കൂടുതൽ കൂടിയാലോചനകൾ ഉണ്ടാകണമായിരുന്നു. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എൻ വേണുഗോപാലുമാണ് കൗൺസിലർമാരെ കേട്ടത്. അവർ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസനീയമാണെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ ലഭിച്ചു. കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഒരു വിഷമവുമില്ല. കെപിസിസി തീരുമാനത്തിന് ഒപ്പം നിൽക്കും. ആർക്കെങ്കിലും തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ അവർ തിരുത്തട്ടെയെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കെപിസിസി ജനറൽ സെക്രട്ടറിയായ ദീപ്തി മേരി വർഗീസിനെ കൊച്ചി മേയർ സ്ഥാനത്തേക്ക് യുഡിഎഫ് ഉയർത്തിക്കാണിച്ചിരുന്നു. എന്നാൽ ഫല പ്രഖ്യാപനത്തിന് പിന്നാലെ എ,ഐ ഗ്രൂപ്പുകൾ സംയുക്തമായി ദീപ്‌തിയെ മേയർ സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് അവരെ അനുകൂലിക്കുന്നവർ പറയുന്നത്. പാർട്ടിയുടെ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തിക്ക് കൂടുതൽ പരിഗണന നൽകണമെന്ന് കെപിസിസി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതും തള്ളിക്കൊണ്ടാണ് തീരുമാനം വന്നിരിക്കുന്നത്. കൊച്ചി കോർപറേഷനിലെ സ്റ്റേഡിയം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് ദീപ്തി.
പാർട്ടിയിൽ ദീപ്തിക്കുള്ള സീനിയോറിറ്റി പരിഗണിക്കണം എന്ന നിലപാടിലായിരുന്നു മുതിർന്ന നേതാക്കൾ. അതിനിടെ ലത്തീൻ വിഭാഗത്തിൽ നിന്നൊരാളെ മേയറാക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. ദീപ്തിയെ അനുകൂലിക്കുന്നവർ കടുത്ത നിരാശയിലാണ്. മറ്റ് കോർപറേഷനുകളിലൊന്നും ഇല്ലാത്ത രീതിയിലാണ് കൊച്ചിയിലെ മേയറെ തിരഞ്ഞെടുക്കാൻ എ, ഐ ഗ്രൂപ്പുകളും ഡിസിസിയും പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. കൗൺസിലർമാരെ നേരിട്ട് കണ്ട് അഭിപ്രായം ചോദിച്ചും രഹസ്യബാലറ്റ് തടഞ്ഞും ദീപ്‌തി മേരി വർഗീസിനെ വെട്ടാനുള്ള ശ്രമമാണ് നടത്തിയതെന്നും ഇവർ ആരോപിക്കുന്നു.



