മംഗ്ലൂരു: ഹോർമുസ് കടലിടുക്കിലെ അനിശ്ചിതത്വം തുടരുമ്പോൾ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലും അമേരിക്കയിൽ (US) നിന്നുള്ള പാചകവാതകവുമായി (LPG) ടാങ്കറുകളും ഇന്ത്യയിലെ തുറമുഖങ്ങളിൽ എത്തിച്ചേർന്നു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം ഇന്ധന വിതരണത്തിലുണ്ടായ തടസ്സങ്ങൾ പരിഹരിക്കാനാണ് ഇന്ത്യ ഈ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ നീക്കം നിലച്ചതോടെ റഷ്യ, യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയിരുന്നു.
ടെക്സസിൽ നിന്നുള്ള ‘Pyxis Pioneer’ എന്ന കൂറ്റൻ കാർഗോ കപ്പൽ അമേരിക്കൻ പാചകവാതകവുമായി മംഗളൂരു തുറമുഖത്ത് എത്തിച്ചേർന്നു. ഏകദേശം 176,000 ടൺ LPG ഈ ആഴ്ച അമേരിക്കയിൽ നിന്ന് ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് എൽപിജി വഹിച്ചുകൊണ്ട് പൈക്സിസ് പയനിയർ എന്ന ചരക്ക് കപ്പൽ ഇന്ന് (ഞായറാഴ്ച) രാവിലെയാണ് മംഗലാപുരം തുറമുഖത്ത് എത്തിയത്. ഫെബ്രുവരി 14നാണ് ടെക്സസിലെ നെദർലാൻഡ് തുറമുഖത്ത് നിന്ന് കപ്പൽ പുറപ്പെട്ടത്.
റഷ്യൻ അസംസ്‌കൃത എണ്ണയുമായി ‘Aqua Titan’ എന്ന ടാങ്കർ മംഗളൂരുവിൽ അടുത്തു. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം ചൈനയിലേക്ക് പോകാനിരുന്ന ഈ കപ്പൽ ഇന്ത്യയിലേക്ക് തിരിച്ചുവിടുകയായിരുന്നു. കൂടുതൽ എൽപിജി ടാങ്കറുകൾ വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തും. സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ സിലിണ്ടർ വിതരണം ഇരുപത് ശതമാനം കൂട്ടാൻ ഇന്നലെ കേന്ദ്രം തീരുമാനിച്ചിരുന്നു. അതിഥി തൊഴിലാളികൾക്ക് 5 കിലോ സിലിണ്ടറുകൾ ലഭ്യമാക്കാനും കേന്ദ്രം നിർദ്ദേശം നല്കി.
ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാൻ എല്ലാ രാജ്യങ്ങളും ഉൾക്കൊള്ളുന്ന സുരക്ഷ ചട്ടക്കൂട് എന്ന നിർദ്ദേശം ഇറാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാനുള്ള ഏത് ശ്രമത്തിനും പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്തിയനെ അറിയിച്ചിരുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്നും ആണവ നിലയങ്ങളുടെ പരിശോധനയ്ക്ക് തയ്യാറെന്നും ഇറാൻ പ്രസിഡൻറ് പറഞ്ഞു. ഭാവിയിൽ ഇറാനു നേരെ കടന്നുകയറ്റം ഉണ്ടാകില്ല എന്ന ഉറപ്പ് നല്കിയാലേ യുദ്ധം നിറുത്തൂ എന്നും പെസഷ്തിയൻ മോദിയെ അറിയിച്ചു.

