തിരുവനന്തപുരം: ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി, ഷാളണിയിച്ച് സ്വീകരിച്ചു. ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്നും റെജി ലൂക്കോസ് പ്രതികരിച്ചു.
ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോൾ കേരളത്തിലില്ല. യുവാക്കൾ നാടുവിടുന്നു, അങ്ങനെ പോയാൽ കേരളം വൃദ്ധാലയം ആകും. ബിജെപിയുടെ വികസന ആശയങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ റെജി ലൂക്കോസ് ഇനി മുതൽ ശബ്ദിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രമെന്നും വ്യക്തമാക്കി. കഴിഞ്ഞ കുറേ നാളുകളായി സിപിഎം കേരളത്തിൽ വർഗീയവിഭജനത്തിനായി നടത്തുന്ന ആശയവ്യതിയാനം വല്ലാതെ ദുഃഖിപ്പിച്ചുവെന്നും റെജി ലൂക്കോസ് പറഞ്ഞു.
ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസിത കേരളം എന്ന മുദ്രാവാക്യം ജനങ്ങൾ അംഗീകരിച്ചുവെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിയമസഭയിലും ഈ മുദ്രാവാക്യം തന്നെയാവും മുന്നോട്ടുവയ്ക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.



