മാലാഖമാരുടെ മുറിയില്‍നിന്ന് പിങ്ക്ളാങ്കി പുറത്തുവന്നത്, ഭാഗ്യത്തിന് അമ്മ കണ്ടില്ല. അമ്മ അടുക്കളയിലേക്കു കാപ്പിയുണ്ടാക്കാന്‍ പോയി.
“മോനേ, നിനക്കു കുടിക്കാന്‍ എന്തെങ്കിലും വേണോ? അമ്മ കാപ്പിയുണ്ടാക്കാന്‍ പാലു തിളപ്പിക്കുകയാണ്.”
“തിന്നാന്‍ എന്തെങ്കിലും ഉണ്ടോ?”
“ഇലയട ഉണ്ടാക്കണം എന്നോര്‍ത്തു, ഇന്നിനി മടിയാണ്, ആ സ്റ്റോര്‍മുറിയിലെ പാട്ടയില്‍ അച്ചപ്പം ഉണ്ട്. അതും തീരാറായി.”
പിങ്ക്ളാങ്കിക്ക് എന്തോ അച്ചപ്പം കഴിക്കാന്‍ തോന്നിയില്ല. വിശപ്പും ദാഹവുമൊക്കെ അവനെ വിട്ടുപോയി.
“അമ്മേ, ഈ മാലാഖമാരൊക്കെ എന്താ കഴിക്കുന്നത്?”
“എന്തിനാ, മുറിയിലിരിക്കുന്ന രൂപങ്ങള്‍ക്കു കഴിക്കാന്‍ കൊടുക്കാനാണോ?”
അമ്മയുടെ ആ പരിഹാസം അത്ര ഇഷ്ടപ്പെട്ടില്ല അവന്.
“അമ്മ പറ, മാലാഖമാരെന്താ കഴിക്കുന്നത്?”
“മന്നാ.”
“മന്നായോ, അതെന്താ?”
“അതൊരു അദ്ഭുതഭക്ഷണമാണ്. സ്വര്‍ഗത്തില്‍നിന്നുള്ള അപ്പം.”
“അതെങ്ങനെ കിട്ടും?”
“അതെനിക്ക് അറിയില്ല.”
“അമ്മയ്ക്ക് അതുണ്ടാക്കാന്‍ അറിയുമോ?”
“പിന്നെ, എനിക്കു സ്വര്‍ഗത്തിലെ അടുക്കളയിലല്ലായിരുന്നോ ജോലി. എന്‍റെ പിങ്ക്ളാങ്കീ, എന്നെ ഭ്രാന്തു പിടിപ്പിക്കല്ലേ, ആ അച്ചപ്പം എടുത്ത്, മന്നായാണെന്നോര്‍ത്തു കഴിച്ചോ, ചെറുക്കന്‍റെ ഓരോ കിന്നാരങ്ങള്‍!”
ആരോടു ചോദിച്ചാല്‍ മന്നാ ഉണ്ടാക്കുന്ന വിവരം കിട്ടും, ഗൂഗിളില്‍ നോക്കിയാല്‍ കിട്ടുമോ? അതോ യൂട്യൂബ് നോക്കണോ?
എന്താണെങ്കിലും എങ്ങനെയെങ്കിലും അത് കണ്ടുപിടിക്കണം, അല്ലെങ്കില്‍ തന്‍റെ മാലാഖമാര്‍ പട്ടിണിയായിപ്പോകും.
അമ്മ വരുന്നതിനുമുമ്പേ അവരോടുതന്നെ ചോദിക്കാമായിരുന്നു. ഇന്നിനി ഉടനെയൊന്നും മുറിയില്‍ കയറാന്‍ പറ്റില്ല. ചേച്ചി ഉണ്ടായിരുന്നെങ്കില്‍ സഹായിച്ചേനേ. ഈ അമ്മ ചിലസമയം ഇങ്ങനെയാണ്, ഒരു ഉപകാരവുമില്ല.
“അമ്മേ,” അവന്‍ പിന്നെയും വിളിച്ചു.
“എന്താടാ?”
“അമ്മയുടെ ഫോണ്‍ ഒന്ന് തരുമോ?”
“എന്തിനാ?”
“ചേച്ചിയെ ഒന്ന് വിളിക്കാനാണ്.”
“ഈസ്റ്ററിനു വന്നിട്ട് ഒരാഴ്ച മുമ്പല്ലേ അവള്‍ തിരികെപ്പോയത്, ഒരുപാട് പഠിക്കാനുണ്ട് അവള്‍ക്ക്. എന്തിനാ വെറുതെ വിളിച്ചു ശല്യം ചെയ്യുന്നത്.”
“ഇന്നലെ നീ വിളിച്ചില്ലേ? ഇനി നാളെ വിളിക്കാം കേട്ടോ.”
ഐവാന്‍ അതിന് ഉത്തരം പറയാതെ മുറ്റത്തേക്കിറങ്ങി, പേരമരത്തിന്‍റെ ചുവട്ടിലെത്തി. അതില്‍ പേരയ്ക്ക വല്ലതും പഴുക്കാറായതുണ്ടോ എന്നു നോക്കാന്‍.
വവ്വാല്‍ കൊത്തിയ ഒരെണ്ണം താഴെ വീണുകിടപ്പുണ്ട്. വേറേ ഒന്നുമില്ല.
സ്കൂള്‍ തുറന്നിരുന്നെങ്കില്‍ വിശാലിനോട് ഇതൊക്കെയൊന്നു പറയാമായിരുന്നു. അതിനിനി ഒരു മാസംകൂടിയുണ്ട്.
വിഷാദമനസ്സോടെ അവന്‍ തിണ്ണയിലെ അരഭിത്തിയിലിരുന്നു.
“എന്താ ഒരു ആലോചന?” അമ്മ ചോദിച്ചു.
“അമ്മയ്ക്ക് എന്നോട് ഒരു ഇഷ്ടോമില്ല.”
ആശാമ്മ ഒരു നിമിഷം അവനെത്തന്നെ നോക്കിയിട്ടു ചോദിച്ചു:
“അതെന്താടാ, അങ്ങനെ ഒരു കമന്‍റ്?”
“ഇന്നു ഞാന്‍ ചോദിച്ചതിനൊന്നും ശരിക്കുള്ള ഉത്തരം തന്നില്ല, എന്നെ ചേര്‍ത്തുപിടിച്ചില്ല, പിന്നെ ഉമ്മയും തന്നില്ല.”
“അതാണോ?” അമ്മ ചെടിക്കു വെള്ളമൊഴിക്കുന്ന പൈപ്പ് താഴെയിട്ടിട്ട് അവനെ കെട്ടിപ്പിടിച്ചു, പിന്നെ നെറ്റിയിലും മൂര്‍ദ്ധാവിലും ചുംബിച്ചു.
“ചെറുക്കന്‍റെ ഒരു കെറുവ്.”
“അമ്മേ, മന്നാ ഉണ്ടാക്കുന്നത് എങ്ങനെയാണെന്നു പറ.”
“അതാണോ കാര്യം, ഇപ്പോള്‍ പിടികിട്ടി.”
“എന്‍റെ പിങ്ക്ളാങ്കീ, അമ്മയ്ക്കു മന്ന ഉണ്ടാക്കാന്‍ അറിയില്ല. ബൈബിളിലും മറ്റും വായിച്ചിട്ടുണ്ട്. പക്ഷേ, അത് ഉണ്ടാക്കുന്നതൊന്നും എങ്ങും എഴുതിയിട്ടില്ല. ഞാന്‍ എന്‍റെ കസിന്‍ കന്യാസ്ത്രിച്ചേച്ചിയോട് ഒന്നു ചോദിക്കട്ടെ, അവര്‍ക്കറിയുമോന്ന്, ഇനി മഠങ്ങളില്‍ എങ്ങാനും അത് എപ്പോഴെങ്കിലും ഉണ്ടാക്കീട്ടുണ്ടോന്ന്.”
അതു കേട്ടപ്പോള്‍ ഐവാനു സമാധാനമായി.
അവന്‍ അമ്മയെ സഹായിക്കാന്‍, ചെറിയ ബക്കറ്റില്‍ വെള്ളമെടുത്തു ചട്ടിയിലെ ചെടികള്‍ക്ക് ഒഴിക്കാന്‍ തുടങ്ങി.
“ഈ മാലാഖമാര്‍ എത്ര ദിവസം നമ്മുടെ വീട്ടിലുണ്ടാകും?”
“ഏത്, മുകളില്‍ കൊണ്ടുവച്ചിരിക്കുന്ന രൂപങ്ങളോ?”
“അറിയില്ല, മേയ് മാസം പള്ളി വെഞ്ചരിക്കുമെന്നാണു പറഞ്ഞത്, അതിനുമുമ്പേ കൊണ്ടുപോകും.”
“അമ്മ മന്നയുടെ കാര്യം മറക്കരുത്.”
“ശ്ശോ ഈ കൊച്ചിന്‍റെ കാര്യം, മറക്കില്ല.”
രാത്രിയില്‍ കട പൂട്ടിയിട്ടു പപ്പ വരാന്‍ ഐവാന്‍ കാത്തിരുന്നു. അതു പതിവാണ്, പപ്പ എല്ലാ ദിവസവും അവനൊരു ചോക്ലേറ്റ് കൊണ്ടുവരും, രാത്രിയില്‍ കഞ്ഞികുടി കഴിഞ്ഞ് അവനതു കഴിക്കും. ചില ദിവസം ഉറങ്ങിപ്പോയാലും പപ്പ അവന്‍റെ കട്ടിലിന്‍റെ അടുത്തുള്ള ചെറിയ മേശയില്‍ അതു വച്ചിരിക്കും. ഉറങ്ങുന്ന പിങ്ക്ളാങ്കിയുടെ നെറ്റിയില്‍ ഒരുമ്മയും കൊടുക്കും.
ഇന്നവന് ഉറങ്ങാന്‍ കഴിഞ്ഞില്ല, നമ്മുടെ വീട്ടില്‍ മാലാഖമാര്‍ വന്ന കാര്യം പറയണം. ചോക്ലേറ്റ് വീതിച്ചു മാലാഖമാര്‍ക്കും കൊടുക്കാം.
ഇനിയും തുറക്കാനുള്ള പൊതിയില്‍ ശ്വാസംമുട്ടിയിരിക്കുന്ന മാലാഖമാരുടെ കാര്യമോര്‍ത്തപ്പോള്‍ ഒരു പേടിയും വന്നു.
മറ്റു മൂന്നുപേര്‍ സഹായിക്കുമായിരിക്കും. മിഖായേല്‍ മാലാഖയ്ക്കു നല്ല പൊക്കമുണ്ട്, ഒരു ഏഴടി കാണുമായിരിക്കും, അദ്ദേഹം എന്താണെങ്കിലും സഹായിക്കും. കുറച്ചു വെള്ളം അവിടെ വയ്ക്കേണ്ടതായിരുന്നു, അവര്‍ക്കു ദാഹിക്കുമോ എന്തോ?
പപ്പ വന്നതും അവനാ ചോക്ലേറ്റ് വാങ്ങി, അമ്മയുടെ കണ്ണില്‍പ്പെടാതെ രണ്ടു കുപ്പി വെള്ളം അടുക്കളയില്‍നിന്ന് എടുത്ത് പതുക്കെ മുകളിലേക്കു കയറിപ്പോയി.
ശബ്ദമുണ്ടാക്കതെ വാതില്‍ തുറന്നു, പപ്പ കൊടുത്ത ചോക്ലേറ്റ്, വെള്ളക്കുപ്പി ഇതുരണ്ടും മുറിയില്‍ വച്ചു. ലൈറ്റ് ഓണാക്കാതെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു: “മാലാഖമാരേ, ഇന്ന്, ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാമോ? നാളെ മന്നാ ഉണ്ടാക്കിത്തരാം.”
ഇരുട്ടില്‍ അവരുടെ മിന്നുന്ന ഉടുപ്പുകളും, തലയ്ക്കുമുകളിലെ പ്രകാശവലയവും മാത്രമേ അവനു കാണാന്‍ സാധിച്ചുള്ളൂ.
രാത്രിയില്‍ അവന് തീരെ ഉറക്കം വന്നില്ല. എന്നാലും ഇരുട്ടില്‍ മുകളിലെ മുറിയില്‍ പോകാന്‍ പേടി തോന്നി. അവരോടു സംസാരിച്ചു കൊതിതീര്‍ന്നില്ല, എന്തെല്ലാം കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ട്.
എപ്പോഴോ അവന്‍ ഉറങ്ങിപ്പോയി. സ്വപ്നങ്ങളില്‍ തന്നെ ചേര്‍ത്തുപിടിച്ച മിഖായേല്‍ മാലാഖ അവനോട് എന്തൊക്കെയോ സംസാരിച്ചു.
രാവിലെ പപ്പ കടയില്‍ പോകുന്നതിനുമുമ്പേ വന്നു വിളിച്ചപ്പോഴാണ് അവന്‍ എഴുന്നേറ്റത്.
തുടരും ….
പുഷ്പമ്മ ചാണ്ടി, ചെന്നൈ



