വിശാലിന്‍റെ ചിറ്റപ്പന്‍റെ വീട് കണ്ടുപിടിക്കാന്‍, അത്ര ബുദ്ധിമുട്ടുണ്ടായില്ല. കോട്ടയം ടൗണില്‍ത്തന്നെയാണു വീട്.
വലിയ ഗേറ്റ് തുറന്ന് അകത്തേക്കു കയറിയപ്പോള്‍ കൂട്ടില്‍ കിടക്കുന്ന നായ്ക്കള്‍ കുരയ്ക്കാന്‍ തുടങ്ങി, അതു കേട്ടിട്ട് അകത്തുനിന്ന് ഒരു അമ്മ ഇറങ്ങിവന്നു.
“വിശാലിന്‍റെ ചിറ്റപ്പന്‍റെ വീടല്ലേ?” ആശ ചോദിച്ചു.
“വിശാലിന്‍റെ കൂട്ടുകാരനും അമ്മയും അല്ലേ? അകത്തേക്കൂ വരൂ.”
“അമ്മയുടെ പേരെന്താ?”
“ആശ.”
“നിങ്ങള്‍ ഇരിക്കൂ, ഞാന്‍ ഹസ്ബന്‍റിനെ വിളിക്കാം.”
അവര്‍ അകത്തെ മുറിയിലേക്കു കയറിപ്പോയി. രണ്ടു മിനിറ്റിനുശേഷം, ചിറ്റപ്പന്‍ ഒരു നായ്ക്കുട്ടിയെയുംകൊണ്ട് പുറത്തുവന്നു.
അതു കണ്ടതേ പിങ്ക്ളാങ്കി ഓടിച്ചെന്ന് അതിനെ തൊട്ടു. അതാകട്ടെ, അവനെ നോക്കി ചിരിക്കുന്നതുപോലെ തോന്നി.
“ഇത് മെയില്‍പപ്പിയാണ്. മൂന്നുമാസമായി, ആറാഴ്ചയായപ്പോള്‍ ഒരാള്‍ കൊണ്ടുപോയി. പക്ഷേ, അവര്‍ക്കു ട്രാന്‍സ്ഫറായി. നോക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് തിരികെക്കൊണ്ടുവന്നു.”
“വിശാല്‍ എന്നോടു പറഞ്ഞു.”
“മോന്‍ ഇരിക്കൂ.” അതു പറഞ്ഞിട്ടു ചിറ്റപ്പന്‍ അവനെ പിങ്ക്ളാങ്കിയുടെ മടിയില്‍വച്ചുകൊടുത്തു. എന്നിട്ട് അമ്മയോടായി പറഞ്ഞു:
“ഇവന്‍ കെന്നല്‍ ക്ലബ് സെര്‍ട്ടിഫൈഡ് ആണ്. ട്രൈ കളര്‍, ബ്ലാക്ക്, ബ്രൗണ്‍, വൈറ്റ്. ഇവന്‍റെ പേരെന്‍റ്സ് ഇവിടെ പുറത്തു കൂട്ടിലുണ്ട്.”
“ഞങ്ങള്‍ വന്നപ്പോള്‍ കുരച്ചവരാണോ?”
“അതുതന്നെ…”
പിങ്ക്ളാങ്കി കുഞ്ഞിനെ തലോടുന്നപോലെ അവനെ തലോടി. ഒരു പഞ്ഞിക്കെട്ടുപോലെ…
“എത്ര വിലയാകും?”
ആ സമയം ആന്‍റി ജ്യൂസ് കൊണ്ടുവന്നു. ഐവാന് അവനെ താഴെവച്ചിട്ട് ജ്യൂസ് കുടിക്കാന്‍ തോന്നിയില്ല.
അവര്‍ ചോദ്യം കേട്ടില്ല എന്നു കരുതി അമ്മ ഒന്നുകൂടി ചോദ്യം ആവര്‍ത്തിച്ചു.
“വില പറഞ്ഞില്ല.”
“ഐവാന്‍ ഇത്ര ആഗ്രഹിച്ച് ഇവിടെവരെ നിങ്ങള്‍ വന്നതല്ലേ? പിന്നെ വിശാലിന്‍റെ ബെസ്റ്റ് ഫ്രണ്ടും. നിങ്ങള്‍ക്ക് ഇഷ്ടമുള്ളതു തന്നാല്‍ മതി.”
“ഞാന്‍ ഒരു പതിനായിരം കൊണ്ടുവന്നിട്ടുണ്ട്. എന്നാലും ഇവന്‍റെ പപ്പയെ ഒന്നു വിളിക്കട്ടെ?”
അമ്മ ഫോണ്‍ എടുത്തു പുറത്തേക്കു പോയപ്പോള്‍ ചിറ്റപ്പന്‍ പറഞ്ഞു:
“ഇവനെ നല്ലതുപോലെ നോക്കണം. ഭക്ഷണം, വാക്സിന്‍ ഒക്കെ ഞാന്‍ പറഞ്ഞുതരാം, നിങ്ങള് അത്ര ദൂരത്തല്ലല്ലോ താമസിക്കുന്നത്. ഞങ്ങളുടെ വെറ്റിനറി ഡോക്ടറുടെ നമ്പര്‍ തരാം.”
അമ്മ അപ്പോഴേക്കും ഉള്ളിലേക്കു വന്നു. പേഴ്സില്‍നിന്നു പൈസ എടുത്തുകൊടുത്തു.
“ഒരു ഓട്ടോ പിടിച്ചു തരുമോ, ഐവാന്‍ ഓട്ടോയില്‍ വന്നാല്‍മതി സ്കൂട്ടിയില്‍ ബുദ്ധിമുട്ടായിരിക്കും.”
“ഓട്ടോയൊന്നും വേണ്ട, ഞാന്‍ ഇവനെ കാറില്‍ കൊണ്ടുവിടാം.”
അദ്ദേഹം മുറിയിലേക്കു കയറിപ്പോയി. ഒരു ചെറിയ കാര്‍ട്ടണ്‍ ബോക്സ് എടുത്തുകൊണ്ടുവന്നു. അതില്‍ തുണിയിട്ടു. പിന്നെ കഴുത്തിലിടാന്‍ ഒരു ബെല്‍റ്റും ലീഷും ബോക്സില്‍വച്ചു.
ആന്‍റിയോടു യാത്ര പറഞ്ഞു.
ചിറ്റപ്പന് അമ്മ വഴിപറഞ്ഞുകൊടുത്തു.
പിങ്ക്ളാങ്കി കാറിന്‍റെ പിന്‍സീറ്റില്‍ കയറിയിരുന്നു. വണ്ടി ഓടിക്കുന്നതിന്‍റെയിടയില്‍ അദ്ദേഹം ചോദിച്ചു:
“മോന് മൃഗങ്ങളെ ഇഷ്ടമാണ് ഇല്ലേ?”
“പപ്പയോടും അമ്മയോടും എത്ര നാളായി, ഒരു പെറ്റിനെ ചോദിക്കുന്നു, ഇപ്പോളാണ് സമ്മതിച്ചത്.”
“ഇനി അഞ്ചാം ക്ലാസ്സിലേക്കല്ലേ പോകുന്നത്? പഠിത്തം ഉഴപ്പരുത് കേട്ടോ.”
“ബീഗിളിനുള്ള ഫുഡ് എന്നു പറഞ്ഞാല്‍ മതി പെറ്റ്ഷോപ്പില്‍ കിട്ടും. പാത്രവും കുറച്ചു ദിവസത്തെ ഭക്ഷണവും വണ്ടിയിലുണ്ട്. ഞാന്‍ എന്‍റെ നമ്പര്‍ തരാം, എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി.”
“ബീഗിളിന് ഏറ്റവും ആവശ്യം അറ്റെന്‍ഷനാണ്, നമ്മള് മനുഷ്യരെപ്പോലെതന്നെ.”
ഐവാന്‍ എല്ലാം ശ്രദ്ധിച്ചുകേട്ടു.
അമ്മ എത്തുന്നതിനുമുമ്പേ ചിറ്റപ്പനും ഐവാനും വീട്ടിലെത്തി, അമ്മയ്ക്കായി കാത്തുനിന്നു.
ആശ വന്നു വാതില്‍ തുറന്ന് അകത്തുകയറി. ചിറ്റപ്പന്‍ അമ്മയോടായി പറഞ്ഞു:
“എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി.” പോക്കറ്റില്‍നിന്ന് ഒരു വിസിറ്റിങ് കാര്‍ഡ് എടുത്ത് അമ്മയുടെ കൈയില്‍ കൊടുത്തിട്ട് അദ്ദേഹം പോകാനിറങ്ങി.
“ഇവന് ഒരു കൂടുണ്ടാക്കേണ്ട? പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞുതരുമോ?”
“ഞാന്‍ ഒരാളെ ഇങ്ങോട്ടു പറഞ്ഞുവിടാം.”
ചിറ്റപ്പന്‍ പോയതും പിങ്ക്ളാങ്കി പട്ടിക്കുട്ടിയെ പുറത്തെടുത്തുവച്ചു, അവന്‍ മെല്ലെ ഓടാന്‍ തുടങ്ങി.
“പിപ്പിന്‍, ഇവിടെ നോക്കൂ…”
‘ഇതിനിടെ പേരും ഇട്ടോ?”
“പിങ്ക്ളാങ്കിക്കു ചേരുന്ന പേരല്ലേ പിപ്പിന്‍?”
അമ്മ ചിരിച്ചതല്ലാതെ ഉത്തരമൊന്നും പറഞ്ഞില്ല.
ഫോണ്‍ എടുത്തു പപ്പയെ വിളിച്ചു പേരിട്ട കാര്യമൊക്കെ പറഞ്ഞു.
പിങ്ക്ളാങ്കി അടുക്കളയിലേക്കു പോയി ഒരു പാത്രത്തില്‍ പാലെടുത്തു കൊണ്ടുവന്ന് ചിറ്റപ്പന്‍ കൊണ്ടുവന്ന കവറില്‍നിന്നു പാത്രമെടുത്തു കഴുകി പാല് ഒഴിച്ചുകൊടുത്തു.
പിപ്പിന്‍ അതു കുടിക്കുന്നത് ആത്മസംതൃപ്തിയോടെ നോക്കിനിന്നു.
അമ്മ കുറച്ചുനേരം ഒന്നു മാറിയിരുന്നെങ്കില്‍ മാലാഖമാരെ പിപ്പിനെ പരിചയപ്പെടുത്താമായിരുന്നു.
“അമ്മേ, ഞാന്‍ പിപ്പിനെ വീടൊക്കെ കൊണ്ട് കാണിച്ചുകൊടുക്കട്ടെ?”
നടകയറി മുകളിലോട്ടു പോകുമ്പോള്‍ ആശ പറഞ്ഞു:
“ദേ, ഒരു കാര്യം, മുകളിലോട്ടു പോകുന്നതൊക്കെ കൊള്ളാം, ആ രൂപങ്ങള്‍ വച്ച മുറി തുറക്കരുത്.”
പിങ്ക്ളാങ്കി പിറകിലോട്ടു നോക്കി, അമ്മയെ കണ്ണിറുക്കി കാണിച്ചു. അമ്മയുടെ ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു, പിപ്പിനും അമ്മയെ ഒന്നു നോക്കി.
“കുറെ ദിവസമായി ആ മുറി ഒന്നു തൂത്തുവാരിയിട്ട്, നാളെയാകട്ടെ.”
അവന്‍ ബാല്‍ക്കണി തുറന്ന് പുറത്തേക്കു നോക്കി. അമ്മ ഫോണില്‍ ആരോടോ സംസാരിക്കുന്ന ശബ്ദം കേള്‍ക്കാം.
പിങ്ക്ളാങ്കി പതുക്കെ മാലാഖമാരുടെ മുറി തുറന്നു.
തുടരും ….
പുഷ്പമ്മ ചാണ്ടി, ചെന്നൈ



