പത്തനംതിട്ട: അവയവദാനത്തിലൂടെ മാലാഖക്കുഞ്ഞായി വിടപറഞ്ഞ ആലിന് ഇന്ന് (ഞായറാഴ്‌ച) സംസ്ഥാന ബഹുമതികളോടെ നാട് യാത്രമൊഴിയേകും. വൈകിട്ട് അഞ്ചിന് നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. മല്ലപ്പള്ളി റവ. ജോർജ് മാത്തൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ 7.45ന് നെടുങ്ങാടപ്പള്ളി വൈഎംസിഎ ജങ്ഷനുസമീപത്തെ വീട്ടിലെത്തിക്കും.
കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ അധ്യായത്തിനാണ് ശനിയാഴ്‌ച ലോകം സാക്ഷ്യം വഹിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച പത്തുമാസക്കാരി ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായപ്പോൾ, ആലിൻ്റെ കരൾ സ്വീകരിച്ച ആറുമാസക്കാരി ധ്രിയ ഏറ്റവും പ്രായം കുറഞ്ഞ സ്വീകർത്താവായി മാറി. കിംസ് ആശുപത്രിയിൽ വെള്ളി രാത്രി 10.30-ന് ആരംഭിച്ച ശസ്ത്രക്രിയ ശനി രാവിലെ ആറിനാണ് പൂർത്തിയാക്കിയത്. ധ്രിയയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അഞ്ച് കുരുന്നുകൾക്ക് പുതുജീവൻ പകർന്ന ആലിൻ ഷെറിൻ്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശം നൽകിയത്. അവയവദാന രംഗത്ത് വലിയ മാതൃകയായിരിക്കുകയാണ് കുഞ്ഞ് ആലിൻ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആലിൻ ഷെറിൻ.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണം:
കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.
ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിച്ചു. അതേറ്റവും വേഗത്തിൽ എത്തിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു.
ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ 2 കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ഈ മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ് , ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ – സ്വകാര്യ മേഖലകൾ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ. അവരുടെയും ഈ നാടിൻ്റേയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയാക്കും.
കോടിക്കണക്കിന് മനുഷ്യരിലൂടെ ജീവിക്കും: മോഹൻലാൽ
സഹജീവികളായ കുരുന്നുജീവനുകൾക്ക് പുനർജന്മത്തിൻ പ്രതീക്ഷകൾ നൽകി യാത്രയായ ആലിൻ കോടിക്കണക്കിന് മനുഷ്യഹൃദയങ്ങളിലൂടെ ജീവിക്കുമെന്ന് നടൻ മോഹൻലാൽ. അവയവദാനം ഏ കോപിപ്പിക്കുന്ന സംവിധാനമായ കെ സോട്ടോയുടെ (മൃതസഞ്ജീവനി) ഗുഡ്‌വിൽ അംബാസഡർകൂടിയായ മോഹൻലാൽ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചത്. ‘ആ ലിൻ മോളുടെ അവയവങ്ങ ൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത അച്ഛനമ്മമാരായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിൻ്റെ ഏറ്റവും വലി യ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതുതന്നെ ഇതുപോലെയുള്ള നിസ്വാർഥ സ്നേഹങ്ങളുടെ നിറവെളിച്ചംകൊണ്ടാണ്‘- അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.


