തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ ലോക സമുദ്ര വ്യാപാര മേഖലയിൽ വിഴിഞ്ഞം വിസ്മയമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് നിരവധി പ്രയാസങ്ങളും പ്രതിബന്ധങ്ങളും അനുഭവിക്കേണ്ടിവന്നു. തുടങ്ങിയത് യുഡിഎഫ് സർക്കാരാണെങ്കിലും പദ്ധതി നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് സർക്കാരിനാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
ചരക്കു നീക്കത്തിനു മറ്റുള്ള തുറമുഖങ്ങളെ ആശ്രയിച്ച കാലം മാറിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒന്നാംഘട്ടം പൂർത്തിയായതോടെ ആഗോള കപ്പല്‍ ചാനലിൽ കേരളത്തിന്റെ പേര് സുവർണലിപികളാൽ എഴുതപ്പെട്ടു. പ്രതിവർഷം 10 ലക്ഷം ടിയുഇ ആയിരുന്നു വിഴിഞ്ഞത്തിന്റെ ശേഷിയായി കണക്കാക്കിയത്. 10 മാസം കൊണ്ട് ഈ ലക്ഷ്യം നേടി. ലോകത്ത് ഒരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത നേട്ടമാണിത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര തുഖമുഖ മന്ത്രി സർബാനന്ദ സോനോവാൾ, മന്ത്രി വി.എൻ.വാസവൻ, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, തുറമുഖത്തിന്റെ എംഡി കരൺ അദാനി തുടങ്ങിയവർ സംസാരിച്ചു.
വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഉമ്മൻചാണ്ടിയുടെ പങ്ക് എടുത്തുപറഞ്ഞായിരുന്നു കരൺ അദാനി സംസാരിച്ചത്. ഒരു സർക്കാരിൻ്റെ മാത്രം പ്രയത്നഫലമല്ല വിഴിഞ്ഞം. കൂട്ടായ ശ്രമത്തിന്റെ ഫലമാണ്. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നെങ്കിൽ പദ്ധതി പൂർത്തിയാവില്ലായിരുന്നു. പ്രതിപക്ഷ നേതാവിനും നന്ദി. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വിഴിഞ്ഞത്തിനായി എല്ലാവരും പരിശ്രമിച്ചെന്നും കരൺ അദാനി കൂട്ടിച്ചേർത്തു.
കമ്മീഷനിങ്ങിന് മുൻപ് തന്നെ രാജ്യത്തിൻ്റെ വികസന നാഴികകല്ലായി മാറിയ വിഴിഞ്ഞത്ത് രണ്ടാം ഘട്ടത്തിൽ 9,700 കോടി രൂപയുടെ നിക്ഷേപമാണ് കാത്തിരിക്കുന്നത്. ശനിയാഴ്‌ച വൈകിട്ട് നാലിന് വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നിർവഹിച്ചത്. തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്‌സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിർമിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും നടന്നു.
വികസന പദ്ധതി പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷിക ശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും. മൊത്തംനിക്ഷേപം 18,000 കോടിയായി ഉയരും. ബെർത്ത് നിലവിലുള്ള 800 മീറ്ററിൽ നിന്ന് 2000 മീറ്റർ ആയി വികസിപ്പിക്കും. 2000 മീറ്ററായി വികസിപ്പിക്കുന്നതോടെ രാജ്യത്തെ നീളംകൂടിയ കണ്ടെയ്നര്‍ ബെര്‍ത്തെന്ന നേട്ടവും സ്വന്തമാകും. ബ്രേക്ക് വാട്ടർ 3 കിലോമീറ്ററിൽ നിന്ന് നാലു കിലോമീറ്റർ ആയി വികസിപ്പിക്കും. 2.96 കിലോമീറ്റര്‍ പുലിമുട്ട് 920 മീറ്റര്‍കൂടി നിര്‍മിച്ച് 3.88 കിലോമീറ്ററാക്കും. ഒന്നാംഘട്ടത്തില്‍ നിര്‍മിച്ച പുലിമുട്ട് രാജ്യത്തെ ഏറ്റവും ആഴംകൂടിയതാണ്. ഇതിനു പുറമെ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടര്‍വികസനത്തിന് ഭൂമി ഏറ്റെടുക്കേണ്ടതില്ല. 50 ഹെക്‌ടറോളം കടല്‍ നികത്തും.
ഇന്ത്യയിലെ ഏറ്റവും വലിയ സ്‌ട്രെയ്റ്റ് ബെര്‍ത്ത് തുറമുഖമാകുന്നതോടെ ഒരേസമയം 4 മദര്‍ഷിപ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറ്റം നടത്താനാകും. രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്‌നറുകള്‍ എത്തിക്കാനും ഇവിടെ നിന്നു കണ്ടെയ്‌നറുകള്‍ കയറ്റുമതി ചെയ്യാനും കഴിയും. റോഡ് മാര്‍ഗമുള്ള കണ്ടെയ്‌നര്‍ നീക്കവും സാധ്യമാവും. ക്രൂസ് ടെര്‍മിനല്‍ കൂടി വരുന്നതോടെ വന്‍കിട യാത്രാ കപ്പലുകള്‍ക്കും വിഴിഞ്ഞത്ത് അടുക്കാനാകും. കേരളത്തിലെ വിനോദസഞ്ചാര രംഗത്ത് വലിയ കുതിപ്പേകുന്നതിനൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കും വഴിയൊരുങ്ങും.
മാസ്‌റ്റർപ്ലാൻ അനുസരിച്ച് രണ്ടാംഘട്ടത്തിൽ അദാനി ഗ്രൂപ്പ് നടത്തേണ്ട നിക്ഷേപം 9600 കോടി രൂപയുടേതാണെങ്കിലും അവസാന മൂന്നു ഘട്ടങ്ങൾ ഒരുമിച്ചാക്കി 2028 ഡിസംബറിൽ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നതിനാൽ നിക്ഷേപത്തുക 14000 കോടി വരെ ഉയർത്തിയേക്കും. ഈ ഘട്ടത്തിൽ സർക്കാർ നിക്ഷേപം ഉണ്ടാകില്ല. ആദ്യ കരാർ അനുസരിച്ച് 2045ൽ പൂർത്തീകരിക്കേണ്ട ഘട്ടമാണ് സർക്കാർ അദാനിയുമായുണ്ടാക്കിയ സപ്ലിമെന്ററി കരാർ അനുസരിച്ച് 17 വർഷം മുൻപേ തീരുന്നത്.



