കോഴിക്കോട്: വയനാടുകാരുടെ യാത്രാ ദുരിതത്തിന് പരിഹാര പ്രതീക്ഷ നൽകി ആനയ്ക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമുള്ള മൂന്നാമത്തെ തുരങ്കപാതയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. വാണിജ്യ വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
തുരങ്ക പാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ നാളുകൾ നീണ്ട യാത്രാ ദുരിതത്തിനാണ് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. നിലവിൽ കച്ചവട ആവശ്യങ്ങൾക്കും മറ്റും വയനാട്ടിലേക്ക് പോകാൻ കിലോ മീറ്ററുകൾ യാത്ര ചെയ്യണം. മണിക്കൂറുകൾ ഗതാഗത കുരുക്കിൽ കിടക്കണം. തുരങ്ക പാത യാഥാർഥ്യമായാൽ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആനക്കാംപൊയിലിൻ്റെയും സമീപ പ്രദേശങ്ങളുടെയും വികസന കുതിപ്പിന് കൂടി തുരങ്ക പാത വഴിത്തുറക്കും.
പ്രകടനപത്രികയിലെ വാഗ്ദാനമാണ് തുരങ്കപാത. പല വാഗ്ദാനങ്ങളും ജനങ്ങള്‍ കണ്ടതാണ്. 2016 ശേഷം നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെടുമെന്ന ശുഭപ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് ആക്ഷേപിച്ച പല പദ്ധതികളും യാഥാർത്ഥമാക്കി. ദേശീയപാത വികസനം, ഇടമൺ കൊച്ചി പവർ ഹൈ വെ, ഗെയ്ൽ പദ്ധതി എന്നിവ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിഫ്ബി ധനസഹായത്താൽ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്ക പാതയുടെ നിർമാണം. ഇന്ത്യയിലെ ദൈർഘ്യമേറിയ മൂന്നാമത്തെ ട്വിൻ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്. കൊച്ചി-ബംഗളരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയിൽ അനന്തമായ സാധ്യതകളുടെ വാതിൽ തുറക്കുന്നതുമായ ഈ തുരങ്ക പാത കേരളത്തിൻ്റെ വികസനരംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടാക്കും. മല തുരന്നുള്ള നിര്‍മ്മാണം നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂര്‍ ആയി കുറയും. പദ്ധതി പൂർത്തിയാകുന്നതോടെ താമരശേരി ചുരത്തിലെ തിരക്ക് ഒഴിവാകും.