ഇന്നത്തെ വിശേഷം, കെട്ടുകാഴ്ചയെക്കുറിച്ച്.
13 കരകളാണ് ചെട്ടികുളങ്ങര ക്ഷേത്രത്തിനുള്ളത്.
കരകളും കെട്ടുകാഴ്ചയും.
1. ഈരേഴ തെക്ക്- കുതിര
2. ഈരേഴ വടക്ക് – കുതിര
3. കൈത തെക്ക്- കുതിര
4: കൈതവടക്ക് – കുതിര
5. കണ്ണമംഗലം തെക്ക്-തേര്
6.കണ്ണമംഗലം വടക്ക് – തേര്
7. പേള- കുതിര
8: കടവൂർ – തേര്
9. ആഞ്ഞിലിപ്രാ- തേര്
10.മറ്റം വടക്ക് – ഭീമസേനൻ
11. മറ്റം തെക്ക്-ഹനുമാനും പാഞ്ചാലിയും
12. മേനാമ്പള്ളി – തേര്
13. നടക്കാവ് – കുതിര
അങ്ങനെ 13 കരകളിൽ നിന്നായി 6 കുതിര (യഥാർത്ഥ കുതിരയുമായി യാതൊരു സാമ്യവുമില്ല) 5 തേര്, 12 ഭീമൻ – (പോത്തിനെക്കെട്ടിയ വണ്ടിയിൽ ബകനു ചോറുമായിപ്പോകുന്ന ഭീമസേനൻ) ഭീമസേനനോടൊപ്പമുള്ള ഈച്ചാടി വല്യമ്മയും. 13 ഹനുമാനും പാഞ്ചാലിയും ‘… രാവണസദസ്സിലിരിക്കുന്ന ഹനുമാനും ഒപ്പം കല്യാണ സൗഗന്ധികം തേടിപ്പോയ ഭീമസേനനെക്കാത്ത് സർവ്വാഭരണവിഭൂഷിതയായിരിക്കുന്ന പാഞ്ചാലിയും. ഇങ്ങനെയാണ് കെട്ടുകാഴ്ചകൾ..
കഴിഞ്ഞ വർഷം നടന്ന കെട്ടുകാഴ്ച കഴിഞ്ഞ് എല്ലാം ഓരോന്നോരോന്നായി അഴിച്ച് “കുതിരപ്പുരയിൽ” സൂക്ഷിച്ചിരുന്ന ഉരുപ്പടികൾ പുറത്തെടുത്ത് ശിവരാത്രി ദിവസം ആരംഭിക്കുന്ന കെട്ടുകാഴ്ച നിർമ്മാണം (അതിനു മുൻപും തുടങ്ങുന്ന കരകളും ഉണ്ട് – മിനുക്കുപണികൾ, പഴയ ഭാഗം മാറ്റി പുതുക്കേണ്ടതുണ്ടെങ്കിൽ അതിനൊക്കെയായി) ഭരണി ദിവസം ഉച്ചയോടെയാണ് പൂർത്തിയാകുന്നത്.
സന്നദ്ധ സേവനത്തിലൂടെ പരിചയസമ്പന്നരായ പഴയ തലമുറയോടൊപ്പം പുതുതലമുറയും ഇതിൽ പങ്കാളികളായി ഇതിന്റെ നിർമ്മാണത്തിൽ പങ്കുകൊണ്ട് പാരമ്പര്യം കാത്തു സൂക്ഷിച്ചു വരുന്നു.
ഒരു എൻജിനീയറിംഗ് ബ്രാഞ്ചിലും ലഭിക്കുന്നതല്ല ഇതിന്റെ നിർമ്മാണ രീതി. 100 അടിയിൽ കൂടുതൽ ഉയരം വരുന്ന ഈ കെട്ടുകാഴ്ചയുടെ നിർമ്മാണത്തിൽ ഒരു “നട്ടോ ബോൾട്ടോ” ചാനലുകളോ ഉപയോഗിക്കുന്നില്ല എന്നതാണ് ഇതിന്റെ പ്രത്യേകത, അതാണ് ഇതിൻ്റെ കരവിരുത്…
‘മാനംമുട്ടെ‘ നീളമുണ്ടെങ്കിലും ഇരുമ്പു തൊടാത്ത നിർമ്മിതിയാണിത്. കവുങ്ങിൻ കീറ് ചെത്തിയൊരുക്കിയെടുക്കുന്ന ആപ്പും കയറും മാത്രമാണ് ഇതിന് ബലം നൽകുന്നത്..
കൈക്കരുത്തും മെയ്ക്കരുത്തും ഒരുപോലെ സമ്മേളിക്കുന്ന ഇതിന്റെ നിർമ്മാണ രീതി ആരേയും അത്ഭുതപ്പെടുത്തും. ഒരോ വർഷവും പാരമ്പര്യമായുള്ള, അണുവിട വിടാതെയാണ് ഇത് നിർമ്മിക്കുന്നത്. അതാണ് ഇതിന്റെ ‘മാത്തമാറ്റിക്സ്‘ തലുമുറകൾ കൈമാറിവരുന്നത്.
അംബരചുംബികളായ ഈ കെട്ടുകാഴ്ചകൾ വയലേലകളും റോഡുംതാണ്ടി കരക്കാർ ക്ഷേത്രത്തിലേക്ക് വലിച്ചുകൊണ്ടുവരുമ്പോഴും ഒരിളക്കം പോലും തട്ടുന്നില്ലെന്നു പറയുമ്പോൾ ആ നിർമ്മാണരീതി ഒന്നാലോചിച്ചുനോക്കൂ. അതാണ് പാരമ്പര്യമായി പകർന്നു കിട്ടിയ കൈത്തഴക്കം. ഇതൊന്നും ജോലിക്കാരെവെച്ചു ചെയ്യിക്കുന്നതോ ആരും പ്രതിഫലംപറ്റി ചെയ്യുന്നതോ അല്ല എന്നതും എടുത്തു പറയേണ്ടത്. കുതിരച്ചുവട്ടിൽ ഇതിന്റെ നിർമ്മാണം കാണാൻ ചെന്ന് നില്ക്കുമ്പോൾ അത് നമുക്ക് അനുഭവവേദ്യമാകും.
ആചാരവും അനുഷ്ഠാനവും പാരമ്പര്യവും സമ്മേളിക്കുന്ന മനം കുളിർക്കുന്ന കാഴ്ച.
പ്രധാനമായും നാല് ഭാഗങ്ങളാണ് കെട്ട്കാഴ്ചകൾക്കുള്ളത് (കുതിരയ്ക്ക്)
1. അടിക്കൂട്ട്…
വണ്ടിക്കൂട്ടെന്നും ചട്ടമെന്നും ഇതിനെ പറയും. ഇതാണ് കെട്ടുകാഴ്ചയുടെ അടിസ്ഥാന ഭാഗം. ചാടുകൾ (ഇതും തടിയിൽ നിർമ്മിച്ചവയാണ്) ഈ ചാടുകൾ യോജിപ്പിച്ച് വണ്ടിയുടെ രൂപത്തിലാക്കുന്നു. ഇതാണ് വലിച്ചുകൊണ്ടു പോകാൻ സഹായിക്കുന്നത്. ആഞ്ഞിലിത്തടിയിലാണ് ഇവയെല്ലാം നിർമ്മിക്കുന്നത്.
ചാടുകൾക്ക് 55 ഇഞ്ചോളം വ്യാസവും ഒന്നര അടിയോളം ഘനവും ഉണ്ട്.
2. കതിരുകാൽ…
നീളമേറിയ നാലു തെങ്ങിൻ കീറുകൾ. ദീർഘചതുരാകൃതിയിൽ അലകുകളാൽ യോജിപ്പിച്ചാണ് കതിരുകാൽ നിർമ്മിക്കുന്നത്.
3. ഇടക്കൂടാരം…
കെട്ടുകാഴ്ചയുടെ ഏറ്റവും മുകളിലായി മേൽക്കൂടാരത്തിനു താഴെ കാണുന്ന ഭാഗമാണ് ഇടക്കൂടാരം..
4. മേൽക്കൂടാരം..
കെട്ടുകാഴ്ചയുടെ ഏറ്റവും മുകളിലായി കാണുന്ന പിരമിഡ് ആകൃതിയിലുള്ള ഭാഗമാണ് മേൽക്കൂടാരം..
ഇതിന് മുകളിൽ ഒരു നാമ്പും ഉണ്ടാകും. കെട്ടുകാഴ്ച നിർമ്മാണത്തിന്റെ ഏറ്റവും അവസാനമാണ് കപ്പിയുപയോഗിച്ച് മേൽക്കൂടാരം ഉറപ്പിക്കുക. ഇതിനായി കുതിരെയെക്കെട്ടുന്ന സ്ഥലത്ത് വലിയ ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏതാണ്ട് അരക്കോടിയോളംരൂപമുടക്കിയാണ് ആറ് വർഷം മുൻപ് ഞങ്ങളുടെ കരയുടെ (ഈരേഴ വടക്ക്) ടവർ പുതുക്കിപ്പണിതത്.
5. പ്രഭട….
ചരിപ്പുകൾക്കും ഇടക്കൂടാരത്തിനുമിടയിലാണ് പ്രഭട ഉറപ്പിക്കുന്നത്. പുരാണേതിഹാസകഥകൾ കൊത്തിയെടുത്ത വിവിധ പലകകൾ കൂട്ടികെട്ടിയാണ് “പ്രഭട” നിർമ്മിക്കുന്നത്. ഒരോ കരയുടേയും കുതിരയുടെ പ്രഭടയ്ക്ക് പ്രത്യേകം കഥകളും കൊത്തുപണികളുമാണ്.
കെട്ടുകാഴ്ചയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചെട്ടികുളങ്ങരയ്ക്ക് സ്വന്തമായി കുറച്ച് പദാവലികളുണ്ട്. ഇത് ശ്രീകണ്ഠേശ്വരത്തിൻ്റെ ശബ്ദതാരാവലി പരിശോധിച്ചാൽ കിട്ടുന്നതുമല്ല!
ഞാൻ മുകളിൽ സൂചിപ്പിച്ച അടിക്കൂട്ട്, കതിരുകാൽ, ഇടക്കൂടാരം, പ്രഭട ഇവ കൂടാതെ ചീപ്പ്, പിള്ളച്ചാട്, അച്ചുതടി, ചിറകുപടി, കുറ്റിക്കാൽ, കമഴ്ത്തുപടി, മലർത്തുപടി, താങ്ങുപടി, വല്ലഴി ,തിരുമ്മിക്കെട്ട്, ചാരിക്കെട്ട്, പക്കലക്, വെട്ടലക്, കോഴിക്കാല്, അമണ്ഡം, ഓടുവല്ലഴി, വട്ടക്കെട്ട് ,മൃഗപടി, മുടിച്ചട്ടം, ഇല്ലിത്തട്ട്, കുത്തുകത്രിക തുടങ്ങി… ‘ ഇവയൊക്കെ ചെട്ടികുളങ്ങരക്കാർക്ക് സ്വന്തം…..
പുറത്തു നിന്നെത്തുന്നവർക്ക് ഇതൊക്കെ അതിശയം ജനിപ്പിക്കുന്നവയാണ്. ഓരോ കെട്ടുകാഴ്ചയിലും ഓരോ പ്രത്യേകതകൾ ഉൾപ്പെടുത്തിയിട്ടുണ്ട് (പാരമ്പര്യമായി) ഒന്നാം കരയായ ഈരേഴ തെക്ക് കുതിരയിൽ ഇടക്കൂടാരത്തിനു താഴെ തത്തിക്കളിക്കുന്ന രണ്ടുപാവകൾ. രണ്ടാം കരയായ ഈരേഴ വടക്ക് (ഞങ്ങളുടെ കര) കുതിരയിൽ ഇതൾ വിരിയുന്ന താമര, ഗരുഡൻ , സരസ്വതീ ദേവിയുടെ ദാരുശില്പം, എന്നിവ …
2023- ൽ, 50 ലക്ഷം രൂപയോളം മുടക്കിയാണ് ഞങ്ങളുടെ കുതിര പുതുക്കി പണിതത്.
ചിത്രം (2): ഞങ്ങളുടെ കരയിലെ കുതിരയുടെ നിർമാണത്തിന്റെ ആദ്യഘട്ടം … ഇന്നലെ സന്ധ്യയ്ക്ക് കുതിരച്ചുവട്ടിൽ നിന്നും പകർത്തിയത്.
ഭരണി വിശേഷം തുടരും…
വിജയൻ ന്യൂസ്പ്രിന്റ് നഗർ


