അംബരചുംബികളായ കെട്ടുകാഴ്ചകളൊരുക്കി; ആചാരപ്പെരുമയുടെ പൊലിമയിൽ കുത്തിയോട്ടച്ചുവടുകളോടെ; ഭക്തിയും വിശ്വാസവും ഗ്രാമക്കൂട്ടായ്മകളും സമന്വയിപ്പിക്കുന്ന ഓണാട്ടുകരയുടെ ദേശീയോത്സവം – ചെട്ടികുളങ്ങര ഭരണി.
ചെട്ടികുളങ്ങരയമ്മയുടെ തിരുനടയിലേക്ക് പതിമൂന്നുകരകൾ മാത്രമല്ല ഇന്ന് ജനലക്ഷങ്ങൾ ഒന്നായി ഒഴുകിയെത്തും .. കുത്തിയോട്ടവും കുത്തിയോട്ടപ്പാട്ടും കെട്ടുകാഴ്ചയുമായി… അക്ഷരാർത്ഥത്തിൽ, എല്ലാ വഴികളും ഇന്ന് ചെട്ടികുളങ്ങരയിലേക്ക്….
കുത്തിയോട്ടം നടന്ന വീട്ടിൽ നിന്നും അമ്മയുടെ തിരുനാൾ ദിനത്തിൽ നാടാകെ പുണ്യംനിറച്ച് രാവിലെ കുത്തിയോട്ടങ്ങളെത്തും… വാദ്യമേളങ്ങളും, താലപ്പൊലിയും മുത്തുക്കുടകളും അമ്മൻകുടങ്ങളും കുത്തിയോട്ട പാട്ട് സംഘങ്ങളും ഘോഷയാത്രയിലുണ്ടാകും. ഭക്തിനിർഭരമായ കാഴ്ച. ഇവദർശിച്ച് സായൂജ്യമടയാനായി രാവിലെ 6 മണി മുതൽ ലക്ഷക്കണക്കിന് ഭക്തജനങ്ങൾ കുത്തിയോട്ടം കടന്നു പോകുന്ന റോഡിനിരുവശവും സ്ഥാനംപിടിക്കും. കൂടാതെ എല്ലാ വഴികളും നിറഞ്ഞ് ജനം ക്ഷേത്രത്തിലേക്കും…
ഈ വർഷം 16 കുത്തിയോട്ടങ്ങൾ.. വൈകിട്ട് 5 മണിമുതൽ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും.. കരവിരുതിന്റെ ഉത്സവക്കാഴ്ച.. ഗ്രാമീണ ജനതയുടെ ഐക്യത്തിന്റേയും ഭക്തിയുടേയും പ്രതീകം…!അംബരചുംബികളായ കെട്ടുകാഴ്ചകൾ.!! നാടിന്റെയാകെ മെയ്ക്കരുത്തിന്റെ, കൂട്ടായ്മയുടെ നേർക്കാഴ്ച!!!
ഈരേഴ തെക്ക് കരയിലെ കുതിരയിലെ തത്തിക്കളിക്കുന്ന പാവ, ഈരേഴ വടക്കിന്റെ (ഞങ്ങളുടെ കര), കുതിരയിലെ “വിരിയുന്ന താമര” എന്നിവ അത്ഭുത കാഴ്ചകളാണ്… 6 കുതിര 5 തേര് ഭീമൻ, ഹനുമാനൊപ്പം പാഞ്ചാലി എന്നിങ്ങനെ 13 കരകളിൽ നിന്നായി 13 കെട്ടുകാഴ്ചകൾ…!
കെട്ടുകാഴ്ചകൾ, വയലുകളും ഗ്രാമ വീഥികളുംതാണ്ടി വൈകിട്ടോടെ ദേവിയെ വണങ്ങി കിഴക്കുവശത്തുള്ള കാഴ്ചക്കണ്ടത്തിൽ അണിനിരക്കുമ്പോൾ അസ്തമയ സൂര്യന്റെ രശ്മികളേറ്റ് മിന്നിത്തിളങ്ങുന്ന, പ്രഭാപൂരം പൊഴിക്കുന്ന വിസ്മയക്കാഴ്ച ആരെയാണ് ആകർഷിക്കാത്തത്.. ആരെയാണ് ഭക്തിയിൽ വിലയിപ്പിക്കാത്തത്. അതെ… മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ ഉത്സവാഘോഷം…!! കേരളത്തിലെ മറ്റ് ഉത്സവാഘോഷങ്ങളിൽ നിന്നും തികച്ചു വ്യത്യസ്തമായത്. ഈ മനോഹരമായ ദൃശ്യവിസ്മയം കാണാൻ ലക്ഷങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും…
ഉത്സവത്തിന്റെ ഭാഗമായുളള എഴുന്നള്ളത്ത് പുലർച്ചെ 4. ന്.. കാഴ്ച്ചക്കണ്ടത്തിൽ അണിനിരന്ന കെട്ടുകാഴ്ചകൾകണ്ട് മനംനിറയാനും അനുഗ്രഹംചൊരിയാനും അമ്മ ജീവതയിലെഴുന്നള്ളും… ഓരോ കെട്ടുകാഴ്ചയ്ക്കു മുന്നിലും മൂന്നു ചുവടു താളവട്ടം ജീവതകളിപ്പിക്കും… ഇവകണ്ടു സായൂജ്യമടയാൻ പതിനായിരങ്ങൾ രാത്രിക്ഷേത്രസങ്കേതത്തിൽ തങ്ങും….
ചെട്ടികുളങ്ങര നിവാസികൾക്ക് ഓണത്തേക്കാൾ പ്രാധാന്യമാണ് ഭരണി.. ദൂരെദേശത്തുള്ളവർ പോലും ഓണത്തിന് നാട്ടിൽ എത്തിയില്ലെങ്കിലും ഭരണിക്ക് നാട്ടിലെത്തും…. അതോടൊപ്പം സൽക്കാര പ്രിയരുമാണ് ചെട്ടികുളങ്ങരക്കാർ’ ബന്ധക്കാരോ സ്വന്തക്കാരോ സുഹൃത്തുക്കളോ ഒക്കെയായി മിക്കവീടുകളിലും വിരുന്നുകാർ ഉണ്ടാകും.
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ മാവേലിക്കരയിൽ നിന്ന് 5 .കി.മീ.മാറിയും കായംകുളത്തുനിന്ന് 7 കി .മീ വടക്കുമാറിയും കായംകുളം – തിരുവല്ല റോഡിന്റെ ഓരംചേർന്നാണ് ഈ ദേവീ ക്ഷേത്രം നാടിൻ്റെ ആത്മീയ ചൈതന്യമായി നിലകൊള്ളുന്നത്. പ്രതിഷ്ഠ ഭദ്രകാളിയാണെങ്കിലും പ്രഭാതത്തിൽ ദേവി സരസ്വതിയായും, മധ്യാഹ്നത്തിൽ മഹാലക്ഷ്മിയായും സായംസന്ധ്യയിൽ ദുർഗ അഥവാ ഭദ്രകാളി എന്നീ രൂപങ്ങളിലും വിരാജിക്കുന്നു എന്നാണ് സങ്കല്പം. അതുകൊണ്ട് മൂന്നു രീതിയിലുള്ള പൂജ ഇവിടുത്തെ പ്രത്യേകതയാണ് … അമ്മേ ശരണം. ദേവീ ശരണം …
വിജയൻ ന്യൂസ്പ്രിന്റ് നഗർ


