Saturday, November 29, 2025
Mantis Partners Sydney
Home » ചന്ദ്രനെ ചുറ്റി വീണ്ടും ചന്ദ്രയാൻ 3; അമ്പരപ്പിൽ ശാസ്ത്രലോകം
ചന്ദ്രനെ ചുറ്റി വീണ്ടും ചന്ദ്രയാൻ 3; അമ്പരപ്പിൽ ശാസ്ത്രലോകം

ചന്ദ്രനെ ചുറ്റി വീണ്ടും ചന്ദ്രയാൻ 3; അമ്പരപ്പിൽ ശാസ്ത്രലോകം

by Editor

ന്യൂ ഡൽഹി: ദൗത്യം പൂർത്തിയാക്കിയശേഷം ബഹിരാകാശത്ത് അനാഥമായി ചുറ്റിത്തിരിയുകയായിരുന്ന ചന്ദ്രയാൻ-3 പേടകം സ്വമേധയാ ചന്ദ്രൻ്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി. ഈ മാസം നാലിനാണ് മൊഡ്യൂൾ വീണ്ടും ചന്ദ്രൻ്റെ സ്വാധീനവലയത്തിലെത്തിയത്. നവംബർ ആറിന് ചന്ദ്രനിൽനിന്ന് 3740 കിലോമീറ്റർ മുകളിലൂടെയും നവംബർ 11-ന് 4537 കിലോമീറ്റർ മുകളിലൂടെയും മൊഡ്യൂൾ കടന്നുപോയതായി ഐഎസ്ആർഒ അറിയിച്ചു. അതോടെ ഭൂമിയിൽ നിന്ന് 4.09 ലക്ഷം കിലോമീറ്റർ അടുത്തും 7.29 ലക്ഷം കിലോമീറ്റർ അകലത്തും വരുന്ന ഭ്രമണപഥത്തിലായി. ഇത് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമല്ല.

ചന്ദ്രയാൻ 3-ൻ്റെ ലാൻഡറിനെയും റോവറിനെയും ചന്ദ്രനിലേക്കെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ ആണ് വീണ്ടും ചന്ദ്രന്റെ സ്വാധീനവലയത്തിൽ പ്രവേശിച്ചത്. രണ്ടു വർഷത്തിനുശേഷം ഐ.എസ്.ആർ.ഒ.യുടെ നിയന്ത്രണസംവിധാനമായ ടെലിമെട്രി പരിധിയിലേക്ക് വീണ്ടുമെത്തിയതോടെ നിർണ്ണാകയ ഡാറ്റാകൾ കൈമാറാനും തുടങ്ങി. ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ഈ വിവരങ്ങൾ ഭാവിയിലെ ചാന്ദ്രദൗത്യങ്ങൾക്ക് നിർണ്ണായകമാണെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു.

ബഹിരാകാശത്തെ അപ്രതീക്ഷിത മാറ്റങ്ങളും പേടകങ്ങളുടെ സഞ്ചാരപഥങ്ങളിൽ ഗ്രഹങ്ങളുടെ ആകർഷണസ്വഭാവങ്ങൾ മാറിമറിയുന്നതിൻ്റെ പുതിയപാഠങ്ങളാണ് ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. തുടർചലനങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് ഐ.എസ്.ആർ.ഒ.അറിയിച്ചു. സഞ്ചാരമോ പ്രവർത്തനമോ ഭൂമിയിൽ നിന്ന് നിയന്ത്രിക്കാൻ കഴിയില്ല. കാരണം അതിനുള്ള ഇന്ധനം ഇല്ല. സൗരോർജ്ജം സ്വയം സ്വീകരിച്ചാണ് പ്രവർത്തിക്കുന്നത്.

രണ്ട് വർഷം മുൻപ് ജൂലൈ മാസത്തിൽ 14ാം തീയതിയാണ് ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–3 പറന്നുയർന്നതു. ദൗത്യത്തിലെ ലാൻഡർ ചന്ദ്രനിൽ 2023 ഓഗസ്റ്റിൽ ഇറങ്ങിയതോടെ ഒരു പുതുചരിത്രം ഇന്ത്യൻ ബഹിരാകാശരംഗം കുറിക്കുകയായിരുന്നു. റോവർ പുറത്തിറങ്ങി ചന്ദ്രൻ്റെ ഉപരിതലത്തിലൂടെ നടന്നു. ആസ്ഥലത്തിന് ഇന്ത്യ ശിവശക്തിപോയൻ്റ് എന്ന് നാമകരണം ചെയ്തു. ലാൻഡറിൻ്റെ മുകളിൽ ആലേഖനം ചെയ്ത ത്രിവർണ്ണ പതാകയും അശോകചക്രവും പ്രപഞ്ചമുള്ള കാലത്തോളം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിലകൊള്ളും. ഈ ചരിത്ര ദൗത്യത്തിനു ശേഷം ഒക്ടോബർ അവസാനത്തോടെ പ്രൊപ്പൽഷൻ മൊഡ്യൂൾ എന്ന ചന്ദ്രയാൻ 3 പേടകം ചന്ദ്രൻ്റെ ഭ്രമണപഥത്തിൽ നിന്ന് അകന്നുപോയി. ഭൂമിയിൽ നിന്ന് ഒരു ലക്ഷം കിലോമീറ്റർ അടുത്തും മൂന്ന് ലക്ഷം കിലോമീറ്റർ അകന്നുമുള്ള ബഹിരാകാശമേഖലയിൽ ഗതിനിയന്ത്രണം കൈവിട്ട് ചുറ്റിത്തിരിയുകയായിരുന്നു. പേടകത്തിൽ നിന്നുളള കമ്മ്യൂണിക്കേഷൻ തുടർന്നുവന്നത് മാത്രമാണ് ഐ.എസ്.ആർ.ഒ.യുമായുള്ള ഏകബന്ധം.

 

Send your news and Advertisements

You may also like

error: Content is protected !!