അധ്യാപകനും സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസവിചക്ഷണനുമായ ശ്രീ സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്. പുതിയ നാല് പേരെയാണ് കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തത്. അതിൽ ഒരാളായാണ് സി സദാനന്ദൻ മാസ്റ്റർ എത്തുന്നത്. നിലവിൽ അദ്ദേഹം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ആണ്. മുൻ വിദേശകാര്യ സെക്രട്ടറി ശ്രിംഗ്ല, 26/11 മുംബൈ ഭീകരാക്രമണ കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഉജ്ജ്വൽ നികം, കേരളത്തിലെ അധ്യാപകൻ സി. സദാനന്ദൻ മാസ്റ്റർ, ചരിത്രകാരി മീനാക്ഷി ജെയിൻ എന്നിവരെ ഇന്ത്യൻ രാഷ്‌ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുകയായിരുന്നു.
മൂന്ന് പതിറ്റാണ്ട് മുൻപുണ്ടായ സിപിഎം ആക്രമണത്തിൽ ഇരുകാലുകളും നഷ്ടമായിട്ടും തളരാതെ, കൃത്രിമ കാലുകളുടെ സഹായത്തോടെ പൊതുരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സി. സദാനന്ദൻ മാസ്റ്റർ. കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശിയായ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന മേഖല കൂത്തുപറമ്പായിരുന്നു. ആര്‍എസ്എസിലൂടെ ബിജെപിയിലെത്തിയ സദാനന്ദന്‍, കണ്ണൂര്‍ ജില്ലയിലെ പ്രമുഖനായ നേതാവാണ്. ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബിജെപിയുടെ പുതിയ ഭാരവാഹികളുടെ പട്ടികയിലാണ് അദ്ദേഹത്തിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. ഗ്രൂപ്പുകളുടെയോ വിഭാഗീയതയുടെയോ ഭാഗമായി ഒരിക്കലും സദാനന്ദന്റെ പേര് പ്രത്യക്ഷപ്പെട്ടിട്ടില്ല. അതിനാല്‍തന്നെ കണ്ണൂർ ജില്ലയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളാണ് സദാനന്ദന്‍. കൂടാതെ, ദേശീയനേതൃത്വവുമായും നല്ല ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്.
കൂത്തുപറമ്പിൽ താമസിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വേളയിൽ 1994 ജനുവരി 25-നുണ്ടായ സിപിഎം-ആർഎസ്എസ് സംഘർഷത്തിലാണ് അദ്ദേഹത്തിൻ്റെ ഇരുകാലുകളും സിപിഎം പ്രവർത്തകർ വെട്ടിയത്. അന്ന് ആർഎസ്എസ് കണ്ണൂർ ജില്ലാ കാര്യവാഹക് ആയിരുന്നു സദാന്ദൻ. ആക്രമണത്തിനിരയാകുമ്പോൾ മുപ്പതുവയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. രണ്ടു കാലുകളും അക്രമി സംഘം വെട്ടിമാറ്റി. ഭീതിപരത്താൻ ബോംബെറിഞ്ഞു. പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു ആക്രമണം. ജീവൻ രക്ഷപ്പെട്ടില്ലെങ്കിലും ആക്രമണത്തിൽ സദാനന്ദന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയ്ക്കുശേഷം വീൽ ചെയറിലും ഊന്നുവടിയുടെ സഹായത്തോടെയും വീണ്ടും രാഷ്ട്രീയരംഗത്ത് സജീവമായി. അതിനിടെ നേരത്തെ തീരുമാനിച്ചിരുന്ന പെൺകുട്ടിയുമായി തന്നെ അദ്ദേഹത്തിന്റെ വിവാഹം നടക്കുകയും ചെയ്തു.
1999 മുതൽ തൃശ്ശൂർ ജില്ലയിലെ പേരാമംഗലം ശ്രീ ദുർഗാവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ അധ്യാപകനായിരുന്നു സദാനന്ദൻ മാസ്റ്റർ. അദ്ദേഹത്തിന്റെ ധർമ്മപത്നി റാണിയും അധ്യാപികയാണ്. നാഷണൽ ടീച്ചേഴ്സ് യൂണിയൻ കേരള സംസ്ഥാന ഭാരവാഹിയും ആ സംഘടനയുടെ മുഖപത്രമായ ദേശീയ ദേശീയ അധ്യാപക വാർത്തയുടെ എഡിറ്ററും ആയിരുന്നു സദാനന്ദൻ മാസ്റ്റർ. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല.