ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി രാധാകൃഷ്‌ണൻ തിരഞ്ഞെടുക്കപ്പെട്ടു. എതിർപാളയത്തിൽ നിന്നുൾപ്പെടെ വോട്ടുനേടിയാണ് സി.പി. രാധാകൃഷ്ണന്റെ വിജയം. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയായിരുന്ന ബി. സുദർശൻ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് മഹാരാഷ്ട്ര ഗവർണറും എൻഡിഎ സ്ഥാനാർഥിയുമായ സി.പി രാധാകൃഷ്‌ണൻ്റെ വിജയം. പരമാവധി വോട്ടുകൾ പെട്ടിയിലാക്കാൻ ശ്രമിച്ച ഇന്ത്യാ സഖ്യത്തിന്, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണി കഴിഞ്ഞപ്പോൾ അപ്രതീക്ഷിത തിരിച്ചടി.
ജയസാധ്യതയില്ലായിരുന്നെങ്കിലും 324 വോട്ട് നേടും എന്നായിരുന്നു ഇന്ത്യ സഖ്യത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ 300 വോട്ടുകളാണ് സുദർശൻ റെഡ്ഡിക്ക് കിട്ടിയത്. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ രാധാകൃഷ്‌ണൻ 452 വോട്ട് നേടി. 15 വോട്ടുകൾ അസാധുവായി. പ്രതിപക്ഷ നിരയിൽ നിന്നടക്കം രാധാകൃഷ്ണന് വോട്ട് ലഭിച്ചതായാണ് സൂചന. പുതിയ പാർലമെൻ്റ് മന്ദിരത്തിൽ ഇന്നലെ രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് വരെയായിരുന്നു വോട്ടെടുപ്പ്.
ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധൻകർ രാജിവെച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സി.പി രാധാകൃഷ്ണൻ ആർഎസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ബിജെപി തമിഴ്‌നാട് ഘടകം മുൻ പ്രസിഡന്റാണ്. തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്‌ണൻ കോയമ്പത്തൂരിൽനിന്ന് രണ്ടു തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതൽ രണ്ട് വർഷം കേരളത്തിലെ ബിജെപിയുടെ പ്രഭാരിയായിരുന്നു. കയർ ബോർഡ് മുൻ ചെയർമാനാണ്. ജാർഖണ്ഡ് ഗവർണർ സ്ഥാനത്ത് നിന്നാണ് സിപി രാധാകൃഷ്‌ണൻ മഹാരാഷ്ട്ര ഗവർണറായത്.