Mantis Partners Sydney
Friday, March 20, 2026
Mantis Partners Sydney
Home » ഇറാന് താക്കീതുമായി ബ്രിട്ടനും ഫ്രാൻസും ജപ്പാനും; കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സംയുക്ത നീക്കം

ഇറാന് താക്കീതുമായി ബ്രിട്ടനും ഫ്രാൻസും ജപ്പാനും; കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സംയുക്ത നീക്കം

by Editor
Send your news and Advertisements

ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നീക്കങ്ങൾക്കെതിരെ ബ്രിട്ടൻ, ഫ്രാൻസ്, ജപ്പാൻ എന്നിവരടങ്ങുന്ന ആറ് രാജ്യങ്ങൾ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നതും ഊർജ്ജ വിതരണ ശൃംഖലയെ ബാധിക്കുന്നതുമായ നടപടികൾ ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് ഈ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, ജപ്പാൻ എന്നീ രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെയാണ് ഇറാന്റെ നീക്കങ്ങളെ അപലപിച്ചത്.

ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിന്യസിക്കുന്നതും ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നതും ഇറാൻ ഉടൻ നിർത്തണമെന്ന് രാജ്യങ്ങൾ ആവശ്യപ്പെട്ടു. കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാനുള്ള ഉചിതമായ ശ്രമങ്ങളിൽ പങ്കാളികളാകാൻ തയ്യാറാണെന്ന് ഈ രാജ്യങ്ങൾ അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ ഓഫീസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്നത് ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് ഇവർ ഓർമ്മിപ്പിച്ചു.

കടലിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാന തത്വമാണെന്നും ഇറാന്റെ നടപടികൾ ലോകമെമ്പാടുമുള്ള സാധാരണക്കാരെ, പ്രത്യേകിച്ച് ദരിദ്രവിഭാഗങ്ങളെയാണ് ബാധിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു. ഹോർമുസ് തുറക്കാൻ നാറ്റോ ഉൾപ്പെടെയുള്ള സഖ്യശക്തികളുടെ സഹായം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പെട്ടെന്ന് പ്രതികരിച്ചില്ലെങ്കിലും, ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും തയ്യാറാണെന്ന സൂചനയാണ് ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങൾ നൽകുന്നത്.

ഹോർമുസ് കടലിടുക്കിലെ സംഘർഷം അതിന്റെ 21-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികൾ നേരിടാൻ അന്താരാഷ്ട്ര തലത്തിൽ വലിയ നീക്കങ്ങളാണ് നടക്കുന്നത്. തങ്ങളുടെ സമുദ്രപരിധി ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന നിലപാടിലാണ് ഇറാൻ ഇപ്പോഴും.

യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ ആഗോള വിപണിയിൽ എണ്ണവിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേൽ-അമേരിക്കൻ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാൻ നടത്തുന്ന മിസൈൽ വർഷം ഗൾഫ് മേഖലയിലെ എണ്ണ-വാതക പ്ലാന്റുകൾക്ക് വൻ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. ഇതാണ് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായത്.

ഇസ്രയേല്‍ ഇറാനിലെ സൗത്ത് പാഴ്സ് വാതകപ്പാടം ആക്രമിച്ചത് അമേരിക്കയുടെ അറിവോടെ ആയിരുന്നില്ലെന്നും ഇനി അത് ആവര്‍ത്തിക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഖത്തറിലെ എല്‍എന്‍ജി പ്ലാന്റുകള്‍ ഇറാന്‍ ലക്ഷ്യം വച്ചാല്‍ സൗത്ത് പാഴ്സ് വാതകപ്പാടം അമേരിക്ക ചുട്ടെരിക്കുമെന്നും ട്രംപ് സമൂഹമാധ്യമ പോസ്റ്റില്‍ ഭീഷണി മുഴക്കി. അതിനിടെ, ഇറാന്‍ യുദ്ധത്തിനായി പെന്റഗണ്‍ 20,000 കോടി ഡോളറിന്റെ ബജറ്റിന് അനുമതി തേടിയതായി ദ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഖാര്‍ഗ് ദ്വീപിലേക്ക് സൈന്യത്തെ അയക്കാന്‍ അമേരിക്ക തയാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനിലെ നേതാക്കളുടെ മരണം രാജ്യത്തിന്റെ ചട്ടക്കൂടിനെ ബാധിക്കില്ലെന്നും രാജ്യത്തെ രാഷ്ട്രീയ സംവിധാനം തകര്‍ക്കാനാകാത്തതാണെന്നും ഇറാന്‍ വിദേശകാര്യമന്തി അബ്ബാസ് അരഗ്ചി അവകാശപ്പെട്ടു. അയൽരാജ്യങ്ങൾ തങ്ങളുടെ മണ്ണ് അമേരിക്കയ്ക്കും ഇസ്രായേലിനും സൈനിക ആവശ്യങ്ങൾക്കായി വിട്ടുനൽകുന്നത് ഉടൻ അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ആക്രമണങ്ങൾക്ക് സൗകര്യം ഒരുക്കുന്നവരും പിന്തുണയ്ക്കുന്നവരും ഇസ്രായേൽ നടത്തുന്ന ‘കുറ്റകൃത്യങ്ങളിൽ’ തുല്യ പങ്കാളികളാണെന്ന് ഇറാൻ കുറ്റപ്പെടുത്തി.

നേരത്തെ, മേഖലയിലെ സായുധ സംഘങ്ങൾക്ക് ഇറാൻ നൽകുന്ന സാമ്പത്തിക-ആയുധ സഹായങ്ങൾ നിർത്തണമെന്നും സമാധാനം തകർക്കരുതെന്നും ആവശ്യപ്പെട്ട് സൗദി അറേബ്യ ഉൾപ്പെടെയുള്ള 12 രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഖത്തറിലും കുവൈത്തിലും എണ്ണ റിഫൈനറികൾക്ക് ഉണ്ടായ കനത്ത നാശനഷ്ടങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഈ മുന്നറിയിപ്പ്.

ഇറാന്റെ പാർസ് എണ്ണപ്പാടം ആക്രമിച്ചതിന് പിന്നാലെ ഖത്തറിന്റെ ഊർജ്ജ കേന്ദ്രത്തിൽ ഇറാൻ ആക്രമണം.

You may also like

error: Content is protected !!