മുംബൈ: വിദേശത്ത് ജനിച്ച കുഞ്ഞുങ്ങളെ ഇന്ത്യൻ ദമ്പതിമാർക്ക് ദത്തെടുക്കാൻ അവകാശമില്ലെന്ന് മുംബൈ ഹൈക്കോടതി. യുഎസിൽ ജനിച്ച സഹോദരിയുടെ കുഞ്ഞിനെ ദത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് പൂനയിൽ ഉള്ള ഇന്ത്യൻ ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ ദത്തെടുക്കുന്നതിനുള്ള ചട്ടങ്ങൾ പ്രകാരം വിദേശപൗരത്വമുള്ള കുട്ടിയെ ദത്തെടുക്കാൻ ഇന്ത്യയിലെ ദമ്പതികൾക്ക് അവകാശങ്ങളൊന്നുമില്ല. അമേരിക്കയിലെ ദത്തെടുക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ നടത്താനാവു.
നിയമപ്രകാരം കുട്ടിക്ക് പരിചരണവും സംരക്ഷണവും ആവശ്യമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ തുടർ നടപടികൾക്ക് അനുമതി നൽകാൻ കഴിയൂവെന്നും കോടതി പറഞ്ഞു. യുഎസിലുള്ള ബന്ധുക്കളുടെ മക്കളെ പോലും ദത്തെടുക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ രേവതി മൊഹിതെ, നീല ഗൊഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. പൂനെയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരായ ദമ്പതികൾ, ഹർജിക്കാരിയായ ഭാര്യയുടെ സഹോദരിയുടെ യുഎസിൽ ജനിച്ച കുട്ടിയെയാണ് ദത്തെടുക്കാൻ തീരുമാനിച്ചത്. കുട്ടി 2019 ൽ അമേരിക്കയിൽ ജനിച്ചെങ്കിലും ദമ്പതികൾക്കൊപ്പം പൂനെയിലാണ് താമസിക്കുന്നത്.