ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ ജുഡീഷ്യൽ കോംപ്ലക്സിന് സമീപം കാർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. മുപ്പതോളം പേർക്ക് പരിക്കേറ്റു. പാർക്ക് ചെയ്തിരുന്ന കാറിലാണ് സ്ഫോടനമുണ്ടായത്. വൻ ഗതാഗതക്കുരുക്കും കോടതിവളപ്പിൽ ധാരാളം ആളുകളും ഉണ്ടായിരിക്കുമ്പോഴായിരുന്നു സ്ഫോടനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തിൽ അനവധി വാഹനങ്ങളും തകർന്നു. പരിക്കേറ്റവരിൽ അഭിഭാഷകരമുണ്ട്. എന്ത് തരത്തിലുള്ള ആക്രമണമാണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, ഫോറൻസിക് റിപ്പോർട്ടിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കുവെന്നും പൊലീസ് ഉദ്‌യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ചാവേർ സ്ഫോടനത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.



