പാലാ: പാലാ നഗരസഭയിൽ മത്സരിച്ച് വിജയിച്ച പുളിക്കക്കണ്ടം കുടുംബത്തിലെ കൗൺസിലർമാർ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ഇന്നലെ ചേർന്ന ജനസഭയിൽ ഭൂരിപക്ഷ അഭിപ്രായം. ജനസഭയിൽ വെച്ച് ഭൂരിപക്ഷം ആളുകളും യുഡിഎഫിന് പിന്തുണയ്ക്കണം എന്നാണ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ യുഡിഎഫുമായിട്ടായിരിക്കും ആദ്യം ചർച്ച നടത്തുക. എൽഡിഎഫ് നേതാക്കളുമായും ചർച്ച നടത്തുമെന്നും നഗരസഭയിൽ അധ്യക്ഷ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്നും പുളിക്കകണ്ടം കുടുംബം അറിയിച്ചു. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്നതിൽ പുളിക്കക്കണ്ടം കുടുംബം ജനങ്ങൾക്ക് മുന്നൽ ചോദ്യങ്ങൾ വെച്ചിരുന്നു. ദിയ പുളിക്കക്കണ്ടത്തെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ആരുടെ പിന്തുണ വേണമെന്നതായിരുന്നു ഒരു ചോദ്യം. ഇരു മുന്നണികളുടേയും സംസ്ഥാന നേതാക്കൾ ബന്ധപ്പെട്ടെന്നും അധികാരത്തിൽ പങ്കു വേണമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. ഇന്നലെ ചേർന്ന ജനസഭയിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചൊവ്വാഴ്ച അന്തിമ തീരുമാനം പ്രഖ്യാപിക്കും.
പുളിക്കക്കണ്ടം കുടുംബത്തിലെ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം, ദിയ ബിനു പുളിക്കക്കണ്ടം എന്നിവര്‍ വിജയിച്ച മൂന്നു വാര്‍ഡുകളിലെ പൊതുജനങ്ങളാണ് ജനസഭയിൽ പങ്കെടുത്തത്. പിന്തുണ തേടി സമീപിച്ച എൽഡിഎഫ്, യുഡിഎഫ് നേതാക്കളെയും പുളിക്കക്കണ്ടം കുടുംബം ജനസഭയിലെ തീരുമാനം അറിയിക്കും. പുളിക്കക്കണ്ടം കുടുംബത്തിൽ നിന്നും വിജയിച്ച സ്വതന്ത്ര അംഗങ്ങളടക്കം ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനുശേഷമാണ് വൈകിട്ട് ജനസഭ നടന്നത്. എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയിൽ സ്വതന്ത്രരായി ജയിച്ച പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരുടെ തീരുമാനം ഭരണത്തിൽ ഏറെ നിര്‍ണായകമാണ്. കേരള കോൺഗ്രസ് എമ്മിന് ഭരണം നഷ്ടമായ നഗരസഭയാണ് പാലാ. ഇവിടെ സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രണ്ട് മുന്നണികളും.
ആകെയുള്ള 26 സീറ്റിൽ 12 സീറ്റിലും എൽഡിഎഫ് ആണ് വിജയിച്ചത്. പത്ത് സീറ്റിൽ യുഡിഎഫും വിജയിച്ചു. നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചത്. മുൻ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്‍റെ മകൾ ദിയ പുളിക്കക്കണ്ടം എന്നിവരാണ് സ്വതന്ത്രരായി ഒരേ കുടുംബത്തിൽ നിന്ന് വിജയിച്ച മൂന്നുപേര്‍. ഇതിനുപുറമെ 19ാം വാര്‍ഡിൽ നിന്ന് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മായ രാഹുലും വിജയിച്ചു. നാലു പേരുടെയും അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മുന്നണികള്‍.


