തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ്. 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ പ്രഖ്യാപിച്ചു. മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. പിന്നാലെ ശമ്പള പരിഷ്കരണം സമയ ബന്ധിതമായി നടപ്പാക്കും. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ കുടിശിക മാര്‍ച്ച് മാസത്തിനകം തീര്‍ക്കും. ഡി എ കുടിശ്ശിക പൂര്‍ണ്ണമായും നല്‍കുമെന്നും ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് അഷ്വേഡ് പെൻഷൻ പെൻഷൻ ഏപ്രിൽ മുതൽ നൽകും. പിണറായി വിജയൻ സർക്കാരിൻ്റെ പന്ത്രണ്ടാമത്തെയും മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ ആറാമത്തെയും ബജറ്റാണ് നിയമസഭയിൽ അവതരിപ്പിച്ചത്. തോമസ് ഐസക്കിനും, ഉമ്മൻ ചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചത്. 2 മണിക്കൂറും 53 മിനിറ്റുമായിരുന്നു അവതരണം.
സംസ്ഥാനത്തിൻ്റെ പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും. തിരുവനന്തപുരം ടെക്നോ പാർക്കിലും കാക്കനാട് ഇൻഫോ പാർക്കിലും ജോലി ചെയ്യുന്ന വനിതകളുടെ സുരക്ഷ ഒരുക്കുന്നതിന് പുതിയ പദ്ധതി അവതരിപ്പിക്കും. ഇതിനായി അഞ്ച് കോടി അനുവദിക്കും. കൊട്ടാരക്കര ഐടി പാർക്കിന് 10 കോടി. പബ്ലിക് വൈഫൈയ്ക്കായി 15 കോടി. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിന്റെ വികസനത്തിനായി അത്യാധുനിക ക്യാംപസ്. ഇതിനായി 10 കോടി രൂപ.
വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടി രൂപയും എംസി റോഡ് വികസനത്തിന് 5917 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ക്ഷേമപെൻഷൻ വിതരണത്തിന് 145000 കോടി രൂപയും ആശാ – അങ്കണവാടി ജീവനക്കാരുടെ പ്രതിമാസ വരുമാനത്തിൽ 1000 രൂപയുടെ വർധനയും ബജറ്റിൽ പ്രഖ്യാപിച്ചു. കൊച്ചി മുസിരിസ് പദ്ധതിക്ക് 14 കോടി. സ്കൂൾ ഓഫ് മാത്തമാറ്റിക്സിന് 8 കോടി. പത്തനംതിട്ട – കോട്ടയം ജില്ലകളിലെ തീർഥാടന റോഡ് വികസനത്തിന് 15 കോടി. നോൺ മേജർ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി. എംസി റോഡ് വികസനത്തിന് 5217 കോടി.
റോഡപകടത്തില്‍പ്പെട്ട് ചികിത്സ തേടുന്നവര്‍ക്ക് ആദ്യത്തെ അഞ്ച് ദിവസം സൗജന്യ ചികിത്സയുള്‍പ്പെടെ ആരോഗ്യമേഖലയിലും ബജറ്റില്‍ കാര്യമായ പ്രഖ്യാപനങ്ങള്‍. ഫെബ്രുവരി ഒന്ന് മുതല്‍ മെഡിസെപ്പ് 2.0 നടപ്പാക്കും. ഇതുവഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. കാന്‍സര്‍- കുഷ്ഠ- എയ്ഡ്‌സ് – ക്ഷയ ബാധിതരുടെ പെന്‍ഷനില്‍ 1,000 രൂപയുടെ വര്‍ധനവ്. പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കായി 57 കോടി രൂപ അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആരോഗ്യമേഖലയ്ക്കായുള്ള ബജറ്റിലെ പ്രഖ്യാപനങ്ങള്‍. കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 200 കോടിയുടെ വര്‍ധനവാണിത്. വയോധികര്‍ക്കായി ന്യൂമോണിയ പ്രതിരോധ വാക്‌സിനായി 50 കോടി വകയിരുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ടിനായി 12 കോടി വകയിരുത്തി. കാൻസർ ചികിത്സയ്ക്കായി ആകെ 203 കോടിയാണ് വകയിരുത്തിയത്. മലബാര്‍ കാന്‍സര്‍ സെന്ററിന് 50 കോടിയും കൊച്ചി കാൻസർ സെന്ററിന് 30 കോടിയും ആര്‍സിസിയ്ക്ക് 90 കോടിയും വകയിരുത്തി. മെഡിക്കല്‍ കോളേജിലെ കാൻസർ ചികിത്സയ്ക്ക് 30 കോടി വകയിരുത്തി. ജില്ലാ താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടിയും ഔഷധിയ്ക്ക് 2.3 കോടിയും പ്രഖ്യാപിച്ചു. ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടം – 70.92 കോടി പ്രഖ്യാപിച്ചു. മെഡിക്കല്‍ കോളേജുകളിലെ മാലിന്യ സംസ്‌കരണത്തിന് 22 കോടി, പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി, സാംക്രമിക രോഗ പ്രതിരോധത്തിന് 13 കോടി, നാഷണല്‍ ഹെല്‍ത്ത് മിഷന് 465.20 കോടി രൂപയുടെ സംസ്ഥാന വിഹിതം എന്നിവയും പ്രഖ്യാപിച്ചു.
പിന്നാക്ക വിഭാഗ വികസനത്തിന് 200.94 കോടി, പിന്നാക്ക വിഭാഗങ്ങളിലെ വിധവകളുടെ സ്വയം തൊഴിലിന് മൂന്ന് കോടി, ന്യൂനപക്ഷ വിഭാഗത്തിൻ്റെ ക്ഷേമത്തിനായി 94.69 കോടി, ന്യൂനപക്ഷ വിഭാഗത്തിന് വിദേശ സ്കോളർഷിപ്പ് പദ്ധതിക്ക് നാല് കോടി എന്നിവയും പ്രഖ്യാപിച്ചു. വയോജന ക്ഷേമത്തിന് എൽഡേർലി ബജറ്റും പ്രഖ്യാപിച്ചു. അംഗണവാടികളിൽ മുട്ടയും പാലും എല്ലാ ദിവസവും ഉറപ്പാക്കാൻ 80.90 കോടി രൂപ വകയിരുത്തി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി, തൊഴിലാളി ക്ഷേമ പദ്ധതികൾക്കായി 950.89 കോടി. എം.എൻ ലക്ഷം വീട് പദ്ധതിക്ക് പത്ത് കോടി. വിദ്യാവാഹിനിക്ക് 30 കോടി. ജയിലുകളുടെ നവീകരണത്തിന് 47 കോടി.
ലോക കേരള സഭയുടെ അനുബന്ധ പ്രവർത്തനങ്ങൾക്ക് 7.3 കോടി അനുവദിച്ചു. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തും. സൗരോർജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകൾ തോറും പദ്ധതി നടപ്പിലാക്കും. തളിപ്പറമ്പിൽ മൃഗശാലയ്ക്കായി നാല് കോടി അനുവദിച്ചു.
കലാ സാംസ്കാരിക ബഡ്‌ജറ്റ് വിഹിതം 30 ശതമാനം ഉയർത്തി, എം.ടി മെമ്മോറിയൽ സാംസ്കാരിക കേന്ദ്രത്തിന് ഒന്നരക്കോടി രൂപ കൂടി നൽകും. ചലച്ചിത്ര അക്കാഡമിയുടെ പ്രവർത്തനത്തിന് 16 കോടി, വനിതാ സംവിധായകർക്ക് ഫീച്ചർ സിനിമ ഒരുക്കാൻ ഏഴ് കോടി. തോപ്പിൽ ഭാസി, പി.ജെ ആൻ്റണി, കെ.ടി. മുഹമ്മദ് എന്നിവരെ ആദരിക്കാൻ സ്ഥിരം നാടക തിയേറ്ററുകൾ സംഘടിപ്പിക്കും. ധർമടം റെയിൽവേ സ്റ്റേഷൻ വികസനത്തിന് അഞ്ച് കോടി, ബ്രണ്ണൻ കോളജിലെ കായിക വികസനത്തിന് രണ്ട് കോടി. സ്കോളർഷിപ്പ് ഫെലോഷിപ്പ് പദ്ധതിക്കായി 38.76 കോടി, പത്രപ്രവർത്തക പെൻഷൻ 1500 രൂപ വർധിപ്പിച്ചു. പൊതു വിദ്യാഭ്യാസത്തിന് 1128 കോടി, ഉച്ചഭക്ഷണ പദ്ധതിക്ക് അധികമായി 266. 66 കോടി രൂപയും അനുവദിച്ചു.
ജൈവ വൈവിദ്ധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് 13 കോടി, ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് ആയിരം രൂപ വർധിപ്പിച്ചു. പഞ്ചായത്ത് തല സ്‌കിൽ കേന്ദ്രങ്ങൾക്ക് 20 കോടി, യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായം. വന്യജീവി ആക്രമണം നേരിടാൻ 100 കോടി രൂപ അധികം അനുവദിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ വിഹിതം 30 കോടിയായി വർധിപ്പിച്ചു. പമ്പാ നദി മാലിന്യ മുക്തമാക്കാൻ 30 കോടി. കടൽ സുരക്ഷ പദ്ധതിക്കായി മൂന്ന് കോടി. കേരള ചിക്കൻ പദ്ധതി വ്യാപിപ്പിക്കും. ക്ഷീര വികസനത്തിനായി 128.05 കോടി, പാലിൻ്റെയും പാൽ ഉൽപ്പന്നങ്ങളുടെയും ഗുണമേന്മ വർധിപ്പിക്കാൻ ലബോറട്ടറികൾക്കായി എട്ട് കോടി ബജറ്റിൽ വകയിരുത്തി.
ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് പൂർണമായും നടപ്പിലാക്കി. പത്ത് വർഷം മുൻപുള്ള കേരളമല്ല ഇന്നത്തെ കേരളം. അഭിമാനകരവും അതിശയകരവുമായ പുരോഗതിയാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തിന് പറയാനുള്ള കാര്യങ്ങൾ ക്ഷമയോടെ കേൾക്കാൻ തയ്യാറാണെന്നും ബാലഗോപാൽ പറഞ്ഞു.
പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ചാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയം കലര്‍ത്തി ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി. പത്തുവര്‍ഷം ചെയ്യാത്ത കാര്യങ്ങളില്‍ മാറ്റം ഉണ്ടാകുമെന്ന അവകാശവാദമാണ് നടത്തുന്നത്. ബജറ്റിനെ പൊളിറ്റിക്കല്‍ ഡോക്യുമെന്റ് ആക്കി മാറ്റി. തെരഞ്ഞെടുപ്പിന് മുന്‍പേ ആളുകളെ കബളിപ്പിക്കാനുള്ള നീക്കമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. കേരളത്തിലെ സാമ്പത്തികരംഗം പരിതാപകരമാണ്. രാജ്യത്ത് ഏറ്റവും വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. അധികാരത്തില്‍ തിരിച്ചു വരില്ലെന്ന് എല്‍ഡിഎഫിന് നന്നായി അറിയാം. അടുത്ത സര്‍ക്കാരാണ് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കേണ്ടത്. എല്ലാം അടുത്ത സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ്. കിഎഫ്ബി പദ്ധതികള്‍ ഒന്നും നടക്കുന്നില്ല. ഈ ബജറ്റ് നടപ്പിലാക്കാന്‍ പോകുന്നില്ലെന്നും യുഡിഎഫ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമെന്നും അതാവും നടപ്പിലാക്കുകയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഭരണ പരാജയത്തിന്റെ രേഖയാണ് ബജറ്റെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അഞ്ചുവർഷം കൊടുത്തിട്ടില്ല. വെച്ചത് ചെലവഴിക്കാതെയാണ് കൂട്ടുന്ന കാര്യം പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.



