Monday, March 23, 2026
Home » നാലര പതിറ്റാണ്ടിന് ശേഷം വീണ്ടും വക്കീലായി മമത; എസ്ഐആറിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് വാദിച്ചു.
നാലര പതിറ്റാണ്ടിന് ശേഷം വീണ്ടും വക്കീലായി മമത; എസ്ഐആറിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് വാദിച്ചു.

നാലര പതിറ്റാണ്ടിന് ശേഷം വീണ്ടും വക്കീലായി മമത; എസ്ഐആറിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ നേരിട്ട് വാദിച്ചു.

by Editor
Send your news and Advertisements

ന്യൂ ഡൽഹി: നാലര പതിറ്റാണ്ടിന് ശേഷം അഭിഭാഷകയുടെ വേഷത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ നേരിട്ട് ഹാജരായി. ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് വ്യാപകമായി വോട്ടർമാരെ ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ’ (SIR) നടപടിയെ ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജിയിലാണ് മമത നേരിട്ട് ഹാജരായത്.

തനിക്ക് വാദിക്കാൻ പത്ത് മിനിറ്റ് സമയം വേണമെന്ന് മമത ആവശ്യപ്പെട്ടു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് മമതയുടെ ആവശ്യം അംഗീകരിച്ചു. പാർട്ടിക്ക് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് താൻ വാദിക്കുന്നത് എന്നാണ് മമത പറഞ്ഞത്. വോട്ടർമാരുടെ പ്രയാസങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മമതയുടെ വാദം. വാദം പൂർത്തിയാക്കിയ ശേഷം കോടതിക്ക് മമത നന്ദി പറഞ്ഞു. ബംഗാളിൽ കമ്മീഷൻ ഉദ്യോഗസ്ഥരോട് ശത്രുതാമനോഭാവമാണ് എന്നായിരുന്നു തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ എതിർവാദം. പച്ചക്കള്ളമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകർ പറയുന്നതെന്ന് മമത തിരിച്ചടിച്ചു. ഹർജിയിൽ കമ്മീഷന് കോടതി നോട്ടീസയച്ചു. തിങ്കളാഴ്ച വിശദവാദം നടക്കും.

കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി ലോ കോളേജിൽ നിന്ന് നിയമബിരുദം നേടിയ മമത, ഏകദേശം 2003 വരെയാണ് സജീവമായി പ്രാക്ടീസ് ചെയ്തിരുന്നത്. നിയമ ബിരുദം നേടിയ ശേഷം അവർ കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തിരുന്നു. പിന്നീട് അവർ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയും മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയായി മാറുകയും ചെയ്തതോടെ ആണ് അഭിഭാഷക ജോലി അവസാനിപ്പിച്ചത്. കൊൽക്കത്തയിലെ ജോഗാമയ ദേവി കോളേജിൽ നിന്ന് ഹിസ്റ്ററി ബിരുദം, കൊൽക്കത്ത സർവകലാശാലയിൽ നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം, ശ്രീ ശിക്ഷായതൻ കോളേജിൽ നിന്ന് ബി എഡ് എന്നിവയും മമതയ്ക്കുണ്ട്. ഒരു സംസ്ഥാനത്തിന്റെ സിറ്റിംഗ് മുഖ്യമന്ത്രി സ്വന്തം കേസ് കോടതിയിൽ വാദിക്കുന്നത് ഇന്ത്യയുടെ നിയമചരിത്രത്തിൽ ഇതാദ്യമായാണ്.

You may also like

error: Content is protected !!