ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ക്രിമിനലെന്ന് വിശേഷിപ്പിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി. ഇറാനിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്ക് കാരണം അമേരിക്കയും ഇസ്രയേലും ആണെന്ന് ഖൊമേനി കുറ്റപ്പെടുത്തി. ട്രംപിനെ ക്രിമിനൽ എന്ന് വിശേഷിപ്പിച്ച ഖൊമേനി ഇറാനിലെ മരണങ്ങൾക്കും നാശനഷ്‌ടങ്ങൾക്കും ഉത്തരവാദി ഈ രണ്ട് ബാഹ്യശക്തികളാണെന്നും പറഞ്ഞു. രാജ്യത്തുണ്ടായ ആയിരക്കണക്കിന് മരണങ്ങൾക്ക് ഉത്തരവാദികൾ പ്രതിഷേധക്കാരാണെന്നും ഖൊമേനി കുറ്റപ്പെടുത്തി. സർക്കാർ ടെലിവിഷൻ പ്രസംഗത്തിലാണ് പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടെന്ന് ഖൊമേനി വെളിപ്പെടുത്തിയത്.
ഇറാനുമേൽ സാമ്പത്തികവും രാഷ്ട്രീയവുമായ ആധിപത്യം സ്ഥാപിക്കാനാണ് യു.എസ് ശ്രമിക്കുന്നത്. മരണങ്ങൾക്കും നാശനഷ്‌ടങ്ങൾക്കും ഉത്തരവാദി എന്ന നിലയിൽ യു.എസ് പ്രസിഡൻ്റിനെ ഒരു ക്രിമിനലായി കണക്കാക്കുന്നതായും ഖൊമേനി പ്രസംഗത്തിൽ പറഞ്ഞു. പ്രതിഷേധക്കാർ അമേരിക്കയുടെ കാലാൾപ്പടയാണെന്നും ഖൊമേനി വിശേഷിപ്പിച്ചു. പ്രക്ഷോഭകർ പള്ളികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും നശിപ്പിച്ചു. ഇറാനിൽ സംഭവിച്ച മരണങ്ങൾക്കും അപകടങ്ങൾക്കും നാശനഷ്‌ടങ്ങൾക്കും പിന്നിൽ അമേരിക്കയാണ്. ഒരു രാജ്യമെന്ന നിലയിൽ അക്രമങ്ങൾക്ക് ഉത്തരവാദികളാണെന്ന് കരുതുന്നർക്ക് മാപ്പു നൽകാനാവില്ലെന്നും ഖൊമേനി പറഞ്ഞു. എങ്കിലും രാജ്യം ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് പോകില്ല.
അതേസമയം ഇന്ത്യയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ ജനാധിപത്യ ഇറാൻ ശ്രമിക്കുമെന്ന് നാടുകടത്തപ്പെട്ട ഇറാൻ രാജകുടുംബാംഗം റിസാ പഹ്‌ലവി. “ആധുനിക ചരിത്രത്തിൽ ഇറാനും ഇന്ത്യയും തമ്മിൽ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇറാൻ സന്ദർശിച്ച സമയത്ത് ഞാൻ വളരെ ചെറുപ്പമായിരുന്നു. ആ ബന്ധം വളരെക്കാലം പഴക്കമുള്ളതാണ്. ഇരു രാജ്യങ്ങൾക്കും അവരുടെ ചരിത്രങ്ങളിൽ അഭിമാനിക്കാം. ഇന്ത്യയുടേത് സമ്പന്നമായ ഒരു സംസ്ക്‌കാരമാണ്. രാഷ്ട്രങ്ങൾ എന്ന നിലയിൽ നമുക്ക് നമ്മുടെ പൈതൃകത്തെക്കുറിച്ച് വളരെയധികം അഭിമാനിക്കാൻ കഴിയും. ഇത് വളരെ നല്ല ബന്ധത്തിനും സഹകരണത്തിനും സ്വാഭാവികമായ ഒരു പാതയായിരിക്കാം. സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തിൽ ഇന്ത്യ ഒരു മുൻനിര രാജ്യമാണ്” എന്ന് റിസാ പഹ്ലവി പറഞ്ഞു. ഒരേ മൂല്യങ്ങൾ പാലിക്കുകയും തങ്ങളോടൊപ്പം പ്രവർത്തിക്കുകയും വ്യത്യസ്ത മേഖലകളിൽ പങ്കാളികളാകുകയും ചെയ്യുന്ന ഏതൊരു രാജ്യവുമായും സാധ്യമായ ഏറ്റവും മികച്ച ബന്ധം പുലർത്താനും ജനാധിപത്യ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാണയപ്പെരുപ്പവും വിലക്കയറ്റവും സൃഷ്‌ടിച്ച പ്രശ്‌നങ്ങളെ തുടർന്നാണ് ഇറാനിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അതോടൊപ്പം കാലങ്ങളായി ഇറാൻ ജനത നേരിടുന്ന വ്യക്തി സ്വാതന്ത്ര്യമില്ലായ്‌മയും ലിംഗ വിവേചനവും ചർച്ചയായി. ട്രംപിൻ്റെ ശക്തമായ ഇടപെടലും മുന്നറിയിപ്പുകളും കാരണം പ്രക്ഷോഭകരെ തൂക്കിക്കൊല്ലുന്നതിൽ നിന്ന് ഇറാൻ പിന്തിരിഞ്ഞിരുന്നു.



