അന്താരാഷ്ട്ര വിദ്യാര്‍ഥി വിസയുമായി ബന്ധപ്പെട്ട് ഇന്ത്യയെ ഹൈ റിസ്ക് വിഭാഗത്തിലേക്ക് മാറ്റി ഓസ്ട്രേലിയ. അസസ്മെന്‍റ് ലെവൽ മൂന്നിലേക്കാണ് ഇന്ത്യയെ മാറ്റിയത്. 2026 ജനുവരി 8 മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. റിപ്പോർട്ട് അനുസരിച്ച്, വിദ്യാർത്ഥികൾ ഇനി സാമ്പത്തികസ്ഥിതി, ഇംഗ്ലീഷ് പ്രാവീണ്യം, വിസ ലഭിക്കുന്നതിനുള്ള യഥാർത്ഥ ഉദ്ദേശ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിപുലമായ തെളിവുകൾ നൽകേണ്ടതായി വരും. ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമായിരിക്കും വിസ അനുവദിക്കുക. ഓസ്‌ട്രേലിയയിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടുന്ന യഥാർത്ഥ വിദ്യാർത്ഥികൾക്ക് തുടർന്നും സൗകര്യമൊരുക്കുമൊന്നും ഓസ്ട്രേലിയ അറിയിച്ചു.
ഇന്ത്യയെ കൂടാതെ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവയുൾപ്പെടെ നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങളെയും അസെസ്മെന്‍റ് ലെവല്‍ മൂന്നിലേക്ക് വിഭാഗത്തിലേക്ക് മാറ്റി. പാക്കിസ്ഥാൻ നേരത്തെ ഈ പട്ടികയിലാണ്. ഇന്ത്യയിൽ അടുത്തിടെ നടന്ന വൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദമാണ് കാറ്റഗറി മാറ്റാന്‍ കാരണം.
ഇന്ത്യൻ പോലീസ് 22 സർവകലാശാലകളിൽ നിന്ന് 100,000-ത്തിലധികം വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തിരുന്നു. ഈ സർട്ടിഫിക്കറ്റുകൾ വിദേശ ജോലികൾക്കായി ഉപയോഗിച്ചിരിക്കാമെന്നു ഓസ്‌ട്രേലിയൻ സെനറ്റർ മാൽക്കം റോബർട്ട്സ് ആരോപിച്ചു. തട്ടിപ്പിനെതിരെ നടപടിയെടുക്കുന്നതിൽ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ സർക്കാർ പരാജയപ്പെട്ടുവെന്ന് മാൽക്കം റോബർട്ട്സ് ജനുവരി 6 ന് എക്‌സിൽ കുറിച്ചിരുന്നു. ഇതിൽ ഭൂരിഭാഗം പേരും നഴ്സിംഗ്, പ്രീ-പ്രൈമറി വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഓസ്‌ട്രേലിയയിൽ 23,000 വിദേശ വിദ്യാർത്ഥികളെ വ്യാജ ബിരുദങ്ങളുമായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.



