ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാർ. ഇന്ത്യയുടെ ഒന്‍പതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാക്കിസ്ഥാൻ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് ലക്ഷ്യം മറികടന്നത്. അർധസെഞ്ചറി നേടിയ തിലക് വർമ (53 പന്തിൽ 69*), ശിവം ദുബെ (22 പന്തിൽ 33), സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ 146 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും പാക്കിസ്ഥാന്‍ 19.1 ഓവറില്‍ ഓള്‍ഔട്ടാക്കുകയായിരുന്നു. പാക്കിസ്ഥാന് വേണ്ടി ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ അര്‍ധ സെഞ്ച്വറി നേടി. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് പാക്കിസ്ഥാന്റെ ടോപ്സ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രിത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയിൽ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകൾ നഷ്‌ടമായിരുന്നു. ടൂർണമെന്റ്റിലൂടനീളം ഉജ്വല ഫോമിലായിരുന്ന അഭിഷേക് ശർമ (5), ഇതുവരെ ഫോമിലെത്താത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (1), ഓപ്പണർ ശുഭ്മാൻ ഗിൽ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവർപ്ലേയിൽ നഷ്‌ടമായത്. അഭിഷേക് ശർമയെയും ശുഭ്‌മാൻ ഗില്ലിനെയും ഫഹീം അഷ്റഫ് പുറത്താക്കിയപ്പോൾ ഷഹീൻ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവർപ്ലേ അവസാനിച്ചപ്പോൾ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ. തിലക് വർമയും സഞ്ജുവും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു. 13-ാം ഓവറിൽ അബ്രാർ അഹമ്മദാണ് സഞ്ജുവിനെ വീഴ്ത്തിയത്. പിന്നാലെയെത്തിയ ശിവം ദുബെ, തിലകയ്ക്ക് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു. അവസാന ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയടിച്ച് റിങ്കു സിങാണ് ഇന്ത്യയുടെ വിജയ റണ്‍ കുറിച്ചത്.