ആത്മസുഹൃത്ത് മോപ്പാസാങ് വാലത്ത് ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വർഷം, സ്മരണാഞ്ജലികൾ ! മോപ്പസാങ്ങിനെ കോളേജ് കാലഘട്ടത്തിൽ സമപ്രായക്കാരനായ എനിക്ക് നേരിയ പരിചയമുണ്ടായിരുന്നെങ്കിലും, അദ്ദേഹം എസ്.പി.സി.എസിന്റെ പബ്ലിക്കേഷൻ ഓഫീസറായിരിക്കുമ്പോഴാണ് ഞങ്ങൾ അടുത്ത സുഹൃത്തുക്കളായത്.
പ്രശസ്ത ചരിത്രകാരൻ വി.വി.കെ. വാലത്തിന്റെ മൂത്ത മകനാണ്. റിട്ടയേഡ് അദ്ധ്യാപകൻ ഐൻസ്റ്റേൻ വാലത്ത്, കഥാകാരൻ സോക്രട്ടീസ് വാലത്ത് എന്നിവർ സഹോദരനാണ്. എറണാകുളം ചേരാനെല്ലൂരിൽ 1957-ൽ ജനിച്ച മോപ്പസാങ് എറണാകുളത്താണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അക്കാലത്ത് ചിത്രരചന മുഖ്യ താല്പര്യവും സാഹിത്യ രംഗത്ത് നല്ല അറിവും മോപ്പസാങ്ങിന് ഉണ്ടായിരുന്നു.
എറണാകുളം സെയ്ന്റ് ആൽബർട്ട്സ് കോളേജിൽ പഠിക്കുമ്പോൾ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. വിദ്യാർഥി സുഹൃത്തുക്കൾക്ക് ഷർട്ടിൽ ഫേബ്രിക് പെയ്ന്റ് കൊണ്ട് വരച്ചുകൊടുത്ത ചിത്രങ്ങൾ മോപ്പസാങ്ങിനെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനാക്കി. ഓയിൽ പെയ്ന്റിങ്ങിൽ ആധുനിക ധാരയിലുള്ള ഒട്ടേറെ ചിത്രങ്ങൾ അക്കാലത്ത് വരച്ചിരുന്നു. അതിലൊന്ന് 1982-ലെ കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക ബഹുമതിക്ക് അർഹമായി.
എസ്.പി.സി.എസിന്റെ (സാഹിത്യപ്രവർത്തക സഹകരണ സംഘം) പബ്ലിക്കേഷൻ ഡിപ്പാർട്ടുമെൻ്റിൽ അസിസ്റ്റൻ്റായും പിന്നീട് മാനേജറായിയും അദ്ദേഹം ജോലി ചെയ്തു. സേവന കാലാവധി പൂർത്തിയാക്കാതെ അവിടെ നിന്നു പിരിഞ്ഞ, മോപ്പസാങ് വാലത്ത് ചെറുപ്പകാലം മുതൽ തൻ്റെ പാഷനായിരുന്ന ചിത്രകലയിലേക്ക് പൂർണ്ണമായി ശ്രദ്ധവച്ചു. ജലച്ഛായ ചിത്രങ്ങളെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച ചിത്രകാരനാണ് ഇദ്ദേഹം. നാല് പതിറ്റാണ്ടിനിടെ അയ്യായിരത്തിലേറെ ചിത്രങ്ങൾ വരച്ചതായി കണക്കാക്കപ്പെടുന്നു. കലാസ്വാദകരുടെ വീടുകളുടെയും റിസോർട്ടുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും ചുമരുകൾ മോപ്പസാങ്ങിൻ്റെ പെയിൻ്റിങ്ങിൽക്കൂടി കേരളത്തിൻ്റെ പ്രകൃതിഭംഗിയും ദൃശ്യകലകളുടെയും സ്പർശം ആവാഹിച്ചു.
ചിത്രകലയിൽ അക്കാദമിക്ക് പരിശീലമൊന്നും നേടിയിരുന്നില്ല; സ്വന്തമായാണു വരയ്ക്കാൻ പഠിച്ചത്. വാട്ടർകളർ പെയിൻ്റിങ്ങുകളാണ് ഏറെ പ്രിയം. കേരളീയ കലാരൂപങ്ങളെ ചിത്രീകരിക്കുന്നതില്‍ പ്രത്യേക താല്പര്യം പുലര്‍ത്തിയ അദ്ദേഹം തിരുവാതിര, കഥകളി, തെയ്യം എന്നിവയുടെ ചിത്രപരമ്പരകള്‍ ചെയ്തിട്ടുണ്ട്.
കഥകളി ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ചെയ്തത്. 2001 മുതലാണ് മോപ്പസാങ് കഥകളി ചിത്രങ്ങൾ വരച്ചുതുടങ്ങിയത്. ഏറ്റവുമൊടുവിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കലാമണ്ഡലം ഗോപിയുടെ നവരസങ്ങൾ ചിത്രീകരിച്ചു.
ദൃശ്യമാധ്യമങ്ങളിലൂടെ ഏറെനാൾ ചിത്രകലാ പഠന ക്ലാസ്സുകൾ മോപ്പസാങ് നടത്തിയിരുന്നു. മോപ്പസാങ്ങിൻ്റെ ചിത്രങ്ങൾ, ഗ്യാലറികളിലും വില്പനയിലും ഒരു താരമായിരുന്നു. ധാരാളം ചിത്രങ്ങൾ വിറ്റുപോയി. ഇന്ത്യയിലെ പ്രധാനനഗരങ്ങളിൽ ഒക്കെയും മോപ്പസാങ് ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
മോപ്പസാങ് വാലത്ത്, 2025 ഫെബ്രുവരി 11-ന്, തൻ്റെ 68-ാം വയസ്സിലാണ് അന്തരിച്ചത്. ന്യൂമോണിയ (ശ്വാസകോശ അണുബാധ) ബാധിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്നു. തുടക്കത്തിൽ, കോട്ടയത്ത് ചികിത്സ ചെയ്തെങ്കിലും രോഗനിലയിൽ കുറവു കാണാത്തതിനാലാണ് എറണാകളത്തേക്ക് കൊണ്ടുവന്നത്. പിന്നീട് നേരിയ ഏറ്റക്കുറച്ചില്ലകൾ ഉണ്ടായെങ്കിലും ICU-യും വെൻ്റിലേറ്ററും തന്നെ ശരണമായി തുടർന്ന ശേഷ്യം മരണത്തിന് കീഴടങ്ങുകയായിരുന്നു.
എറണാകുളം ചേരാനെല്ലൂർ സ്വദേശിയായ അദ്ദേഹം കോട്ടയം പുത്തനങ്ങാടി ഐശ്വര്യ ഗാർഡൻസിലായിരുന്നു താമസം. ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥ മിനിയാണ് ഭാര്യ. മകൻ ചിത്രകാരൻ വാൻഗോവ്. മകൾ ഏയ്ഞ്ചൽ.
മോപ്പസാങ്ങിൻ്റെ അയൽക്കാരനും ഞങ്ങളുടെ പൊതു സുഹൃത്തുമായിരുന്ന കെ.എ. ഫ്രാൻസിസിൻ്റെ നിര്യാണ ദിവസമാണ് ഞങ്ങൾ അവസാനമായി നേരിൽ കണ്ടത്.
ആർ. ഗോപാലകൃഷ്ണൻ


