Sunday, April 5, 2026
Home » നെല്ല്

നെല്ല്

by Editor
Send your news and Advertisements

ജാലക ചതുരക്കാഴ്ച്ചയിൽ രണ്ട് ദൃശ്യങ്ങൾ തെളിയുന്നു –
കിഴക്കൻമലകൾ അതിരിടുന്ന തോട്ടകം.
ഇരുണ്ട പച്ചയണിഞ്ഞ മങ്ങനാടി.
ഇതൊരു ഗൃഹാതുരമർമ്മരമല്ല, സസ്യപ്രകൃതിയിൽ നിന്ന് വരുന്ന ഓർമകളുടെ ക്രമരഹിതമായ ആഖ്യാനമാണ്.
സമീപഭൂതകാലത്ത് ഈ ഭൂമിയിൽനിന്ന് മാഞ്ഞുപോയ അധ്വാനികളായ ഒരുപറ്റം മനുഷ്യർ ചില ഫ്രെയ്മുകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. വയൽ എന്ന അത്ഭുതകരമായ ആവാസവ്യവസ്ഥയിലേക്ക് ഞാൻ നോട്ടം ഉറപ്പിച്ചു നിർത്തുന്നു. അവിടെ ജലത്തിൻ്റെ ആദിമശബ്ദം, ആർദ്രത.. എൻ്റെ കഥാതിണകൾ നനയുന്നു. സസ്യസ്മൃതികൾ ഊർവരമാകുന്നു. പുതിയ പൊടിപ്പുകളുണ്ടാകുന്നു.

കുട്ടിയമ്മയും മറിയംകുട്ടിയും തറവാടിൻ്റെ തെക്കേ ഇറയത്ത് ഇരുന്ന് വിശേഷങ്ങൾ പറയുന്നു. പുകയില ലഹരിയിൽ കുട്ടിയമ്മയ്ക്ക് ഉൻമേഷം കൂടി. “എനിക്ക് ഓർമവെയ്ക്കുമ്പോ പുല്ലാക്ക ആങ്ങള ഈ പാടം മുഴുവൻ ഉഴുതും വിതച്ചും നടക്കുന്നുണ്ട്. കാട്ടുങ്കായിലും മൊതയിലും എത്ര പൂപ്പ് കൃഷിയിറക്കീട്ടുണ്ടാവും പുല്ലാക്ക ആങ്ങള ! മൂന്നു പൂപ്പല്ലേ കൃഷി. ആങ്ങളയ്ക്ക് പാടത്ത് നിന്ന് കയറാൻ സമയമില്ല. എത്ര നട നെല്ല് അയ്യുണ്ണിയും കാട്ടുങ്കായിയും മൊതയും കടന്ന് കറ്റക്കളങ്ങളിലേക്ക് വന്നിട്ടുണ്ട്. വല്ല കണക്കൂണ്ടോ”

ഞവർക്കുമ്പോഴാണ് പുല്ലാക്ക ഉന്മാദിയാകുന്നത്. കണ്ടങ്ങളെ വിതയ്ക്ക് ഒരുക്കിയെടുക്കുന്ന സമയത്ത് പുല്ലാക്ക ചില ശബ്ദങ്ങൾ ഉണ്ടാക്കും. മണ്ണ് ഊർവരമാകുന്ന മൂഹൂർത്തമാണത്. പുല്ലാക്കയുടെ ഉഴവുകാളകൾക്കും അതറിയാം. മുതുകിലും കൈകാലുകളിലും കരുത്താർജ്ജിച്ച് ഏറു കാളകൾ പുല്ലാക്കയ്ക്ക് വഴങ്ങി നിൽക്കും. കാളകൾക്ക് പുല്ലാക്കയുടെ കണലി വടിയുടെ ആവശ്യം വരാറില്ല.

വല്യാട്ടു ചിറമുതൽ കരിങ്ങാലിക്കാട്ടുവരെ നീളുന്ന തോട്ടകം പുഞ്ചപ്പാടമാണ് പുല്ലാക്കയുടെ ജീവഭൂമി.
കാട്ടുങ്കായിലും മൊതയിലും അയാളുടെ അധ്വാനം കനകം വിളയിച്ചു. ചീര, ജയ, ചിറ്റേണി…

നെല്ല് പുല്ലാക്കയ്ക്ക് ജീവൻ്റെ പ്രതീകമാണ്. കതിർക്കുലകളെയാണ് അയാൾ ആരാധിക്കുന്നത്. അന്നം ബ്രഹ്മ എന്ന ഉപനിഷദ് വചനമൊന്നും അയാൾ കേട്ടിട്ടില്ല. പക്ഷെ, ജീവിതം കൊണ്ട് അതയാൾക്കറിയാം.

ഒന്നാം വിളയിൽ പുല്ലാക്ക കരുതലോടെ പാടത്തിറങ്ങും. രണ്ടാം വിളക്കാലമായ മുണ്ടകൻ പണിയിൽ അയാൾക്ക് ഉൻമേഷം കൂടും. പുഞ്ചകൃഷിയിലെത്തുമ്പോഴാണ് അയാളുടെ സർഗശേഷി ഉയരത്തിലെത്തുന്നത്.

തോട്ടകത്തെ പാടങ്ങളിൽ പണിയെടുക്കുന്ന പുല്ലാക്കയെ നീരീക്ഷിച്ചാൽ അറിയാം. അയാൾ മണ്ണിലെ കലാകാരനാണെന്ന്. മണ്ണ് പുല്ലാക്കയ്ക്ക് അതുപോലെ വഴങ്ങുന്നു. ഒരു ശിലയിൽ ശില്പമുണ്ടെന്ന് ശില്പി കണ്ടെത്തുന്നപോലെ മണ്ണിൽ ആനന്ദമുണ്ടെന്ന് പുല്ലാക്കയ്ക്ക് അറിയാം. പഠിച്ചതറിഞ്ഞതെല്ലാം അയാൾ കൃഷിയിടങ്ങളിൽ പ്രയോഗിക്കുന്നു. പുല്ലാക്കയ്ക്ക് പിഴച്ചാൽ തോട്ടകം മുഴുവൻ പിഴയ്ക്കുമെന്ന് അമ്മാമ്മ പറയാറുണ്ട്.

ഞാറ് മണ്ണിലുറയ്ക്കുന്നത്, നെല്ല് നിരക്കുന്നത്, കതിരിടുന്നത്, വിളയുന്നത് എല്ലാം പുല്ലാക്ക നോക്കി നിൽക്കും. കീടങ്ങളെയും കളകളെയും അയാൾ അകറ്റി നിർത്തി.

മിതഭാഷിയായ പുല്ലാക്ക കൊയ്ത്തുകാലമായാൽ എല്ലാം നിരീക്ഷിച്ചു കൊണ്ട് അങ്ങനെ നിൽക്കും. താൻ ഉഴുതുവിതച്ച മണ്ണിൽ നിന്ന് കറ്റകൾ നിരനിരയായി വന്ന് മെതിക്കളങ്ങളിൽ നിറയുന്നത് അയാൾ നിർന്നിമേഷനായി നോക്കി നിൽക്കും. പുല്ലാക്ക നെൽച്ചെടികളോടും വയൽക്കിളികളോടും സംസാരിക്കും. തോട്ടകം നിവാസികൾക്ക് അതൊന്നും ആശ്ചര്യമായി തോന്നിയില്ല. അതെല്ലാം കാർഷികജീവിതത്തിൽ സ്വഭാവികമായിരുന്നു.

തോട്ടകത്തെ പുല്ലാക്കയ്ക്ക് ഞവർക്കലാണ് ആനന്ദമെങ്കിൽ മങ്ങനാടിയിലെ ദേവസ്സിക്ക് അത് വിതയ്ക്കലായിരുന്നു. കായലിൽ വലയെറിയുന്നതുപോലെ അയാൾ പാടങ്ങളിൽ വിത്തെറിഞ്ഞു. ദേവസ്സിയുടെ കണക്കുകളും കയ്യടക്കവും കൃത്യമായിരുന്നു. മറ്റ് പാടങ്ങളിൽ വിതയ്ക്കാൻ അയാൾ പോകുമായിരുന്നു. ദേവസ്സി വിതച്ച കണ്ടങ്ങൾ കണ്ടാലറിയാം. വിത്തെറിയുന്ന വിരലുകളുടെ വിരുതും വിത്ത് വീഴുന്ന മണ്ണും പ്രധാനമാണ്.

പുല്ലാക്കയെപോലെ ദേവസ്സിയും നിശ്ശബ്ദനായിരുന്നു. ഒരോ പണി ചെയ്യുമ്പോഴും പഴഞ്ചൊല്ലുകളും നാട്ടറിവുകളും അയാൾ വിതച്ചുകൊണ്ടിരുന്നു…
ഞാറുറച്ചാൽ ചോറ് ഉറച്ചു,
മകരത്തിലെ മഴ മണ്ണിനും കൊള്ളില്ല,
കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്….
അയാളുടെ നാവിൽ പഴഞ്ചൊല്ലുകൾ വിളഞ്ഞു.

ഞവർക്കൽ കഴിഞ്ഞ് ദേവസ്സി മണ്ണ് രുചിച്ചുനോക്കും. മണ്ണിൻ്റെ പശിയറിയാനാണ്. മണ്ണിന് വേണ്ട പച്ചില വളത്തിൻ്റെ കണക്കും അപ്പോൾ പറയും.

വരമ്പ് പണിയിലെ മൂപ്പനാണ് ദേവസ്സി. കളച്ചും മിനുക്കിയും അയാൾ വരമ്പുകൾക്ക് പ്രത്യേക ഭംഗി തീർക്കും.
ഇടവപ്പാതിയിലും തുലാമഴയിലും ദേവസ്സി തീർത്ത വരമ്പുകൾ പൊട്ടിയൊലിക്കുകയില്ല.

മുണ്ടകൻ പണിയ്ക്ക് ദേവസ്സിയുടെ ചൊടിയും ചുണയും കൂടും. മറ്റ് പണിക്കാർ അയാളെ നിശ്ശബ്ദരായി അനുസരിച്ചു. ഒരു കാവൽക്കാരനായി ദേവസ്സി വയൽവരമ്പുകളിലൂടെ നടന്നു. ഉഴവുകാളകളെ അയാൾ മക്കളെ പോലെ കണ്ടു. പൂഞ്ചിറയിലിറക്കി അവയെ നന്നായി തേച്ചുകുളിപ്പിച്ചു, വയർ നിറയെ തവിടും പുല്ലും കൊടുത്തു. കാളകൾ അയാൾ പറയുന്നത് അനുസരിച്ചു.

മുണ്ടകൻ പണി കാലം കൂടുന്ന ദിവസം ദേവസ്സിയും സംഘവും ചാരായം കുടിക്കും. ലഹരി സിരകളിൽ നിറയുമ്പോൾ ദേവസ്സി നാടൻ പാട്ടുകൾ പാടി ചുവടുകൾ വെയ്ക്കും. പെൺകൂട്ടം ദേവസ്സിയ്ക്കൊപ്പം ഉല്ലാസത്തോടെ കൂടും. അന്തിയായാൽ പാട്ടുപാടിക്കൊണ്ട് ദേവസ്സി നെടുംവരമ്പിലൂടെ തെക്കേമറ്റത്തിലേക്ക് നടക്കും. രാത്രി ഏറെയായാലും മറ്റത്തിൽ നിന്ന് ദേവസ്സിയുടെ പാട്ടു കേൾക്കാമായിരുന്നു. പൊതുവെ നിശ്ശബ്ദനായ ദേവസ്സി ഗായകനായി പരിണമിക്കുന്ന ദിവസമായിരുന്നു അത്.

പുഞ്ചത്തുരുത്തിൽ നിന്നു കൊണ്ട് പുല്ലാക്ക മലവെള്ളം കാണുന്നു.
തുരുത്തിന് ചുറ്റും മലവെള്ളം വളഞ്ഞുനിൽക്കുന്നു. മനുഷ്യനായി പുല്ലാക്ക മാത്രം.
കിഴക്കൻ മലകളിൽനിന്നാണ് മലവെള്ളം ഇരച്ചെത്തിയത്. ചന്ദ്രപ്പുരയും അയ്യുണ്ണിയും കരിങ്ങാലിക്കാടും കഴിഞ്ഞ് വെള്ളം പുഞ്ചപ്പാടത്തെത്തി. പടിഞ്ഞാറ് കാട്ടുങ്കായി മുതൽ താണിത്തുരുത്തുവരെ വെള്ളം പടർന്നു കായൽ പോലെയായി. യക്ഷിയൊഴിഞ്ഞുപോയ കാട്ടുങ്കായിലെ പാലമരത്തിൻ്റെ ശിരസ്സുകാണാം.

ഇരണ്ടകളും കാട്ടു താറാവുകളും മുങ്ങാങ്കുഴിയിടുന്നുണ്ട്. ഒരു വഞ്ചി മൊതത്തോട് മുറിച്ചു കടന്ന് വരുന്നത് പുല്ലാക്ക കണ്ടു.
“പൂയ്….. ”
വഞ്ചിയിലിരുന്ന കൊടുങ്ങിലി തിരിച്ചു കൂകി. “പൂയ്..”
കൊടുങ്ങലി വഞ്ചി തുഴഞ്ഞ് തുരത്തിലടുപ്പിച്ചു. പുല്ലാക്ക വഞ്ചിയിലേക്ക് കയറി.

സന്ധ്യയാകാറായിരുന്നു. തണുത്ത കാറ്റ് വെള്ളത്തിൽ ഓടി നടക്കുന്നുണ്ട്. മലയിൽ മഴ വീണ്ടും പെയ്തു തുടങ്ങിയെന്ന് തോന്നുന്നു. ഞൊടിക്കണ്ണൻമാർ പുളയ്ക്കുന്നുണ്ട്. കായൽ പോലെ വെള്ളം പരന്നു കിടക്കുന്ന പുഞ്ചപ്പാടത്തിലൂടെ കൊടുങ്ങിലി വഞ്ചി തുഴഞ്ഞു. അകലെ കാണുന്ന കരിങ്ങാലിക്കാട്ടിൽ ദൃഷ്ടിയുറപ്പിച്ച് പുല്ലാക്ക വഞ്ചിയിലിരുന്നു.

രാത്രിനിശ്ശബ്ദതയിൽ ദേവസ്സി കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്നു. കണ്ണുകളിൽ ചില ദൃശ്യങ്ങൾ കടന്നുപോകുന്നുണ്ട്.
ചിവീടുകളുടെ കച്ചേരി മുറുകുന്നു. മഴയുടെ ഇരമ്പൽ കേൾക്കാം.
അല്പം കഴിഞ്ഞ് മങ്ങനാടിമുത്തപ്പൻ ദേവസ്സിയുടെ മുറിയിലേക്ക് കടന്നുവന്നു. ദേവസ്സി എന്തോ പറയാൻ ശ്രമിച്ചു. അപ്പോൾ, പുറത്ത് നിന്ന് ത്രേസ്യമുത്തിയുടെ ഉറച്ച ശബ്ദം കേട്ടു . “അവൻ അവടെ കെടന്നോട്ടെ“.

അതുകേട്ട് മുത്തപ്പൻ ദേവസ്സിയെ നോക്കി പിറുപിറുത്തുകൊണ്ട് പുറത്തെയ്ക്കിറങ്ങി.
നെടുംവരമ്പിലൂടെ നടന്ന് മുത്തപ്പൻ മങ്ങനാടിയിലെ ഇരുളിൽ ഇല്ലാതായി..

ജാസ്മിൻ ജോയ്

 

You may also like

error: Content is protected !!