കൊച്ചി: എൻഡിഎയുമായി ഒന്നിച്ചുപോകാനുള്ള തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്ന് ട്വന്റി -20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ട്വന്റി -20 യെ ഇല്ലാതാക്കാൻ ശ്രമം നടത്തി. അതിനായി കോൺഗ്രസ്സും സി പി ഐ എമ്മും ഉൾപ്പടെ 25 ഓളം രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് ചേർന്ന് ഒരു സഖ്യമുണ്ടാക്കി. ആ സാഹചര്യത്തിൽ ഒറ്റയ്ക്ക് ഒരുപാടുകാലം നിൽക്കാൻ കഴിയില്ലെന്നും അതിനാലാണ് സഖ്യം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിൽ ഒറ്റയ്ക്ക് നിന്നുകഴിഞ്ഞാൽ അത് എത്രത്തോളം പ്രായോഗികമായി നടപ്പിലാക്കുമെന്ന ആശങ്കയുണ്ടായിരുന്നു. പാര്‍ട്ടിയിൽ കൂടിയാലോചിക്കാതെയാണ് എൻഡിഎ പ്രവേശനമെന്ന ആരോപണം സാബു എം.ജേക്കബ് നിഷേധിച്ചു. ‘‘സംസ്ഥാന സമിതിയിൽ 80 ശതമാനം പേരും എൻഡിഎയില്‍ പോകണമെന്നാണ് പറഞ്ഞത്. നാലോ അഞ്ചോ പേർ യുഡിഎഫിനൊപ്പം പോകാമെന്നു പറഞ്ഞു. എൽഡിഎഫിലേക്ക് പോകണമെന്ന് ഒരാള്‍ പോലും പറഞ്ഞില്ല. ഒടുവിൽ തീരുമാനമെടുക്കാൻ എന്നെ ചുമതലപ്പെടുത്തുകയായിരുന്നു’’ സാബു എം.ജേക്കബ് പറഞ്ഞു.
വികസിത കേരളം യാഥാർഥ്യമാകുകയാണ് ലക്ഷ്യം. ആരൊക്കെ നേരത്തെ ചർച്ച നടത്തിയോ എന്നതിന് പ്രസക്തി ഇല്ല. എല്ലാ മുന്നണികളും ചർച്ചക്ക് വന്നിട്ടുണ്ട്. എൻഡിഎ മുന്നണിയുടെ ഭാഗമായി കഴിഞ്ഞു. തകർക്കാൻ പറ്റാത്ത രാഷ്ട്രീയപാർട്ടിയായി ട്വന്റി -20 മാറി. ഇനി ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല. ഇനി കൂട്ടായ തീരുമാനങ്ങൾ എടുക്കും. എൻഡിഎയുടെ ആശയങ്ങൾ യോജിക്കാൻ കഴിയുന്നതാണെന്നും അത് മനസിലാക്കിയതിനാലാണ് പാർട്ടിയുടെ ഭാഗമായതെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
എൽഡിഎഫും യുഡിഎഫും ചേർന്ന് ഈ നാട് ഭരിച്ച് കട്ടുമുടിക്കുന്നത് കണ്ട് മനംമടുത്തിട്ടാണ് ഒരു വ്യവസായിയായ താൻ രാഷ്ട്രീയത്തിലേക്ക് വരുന്നത്, അങ്ങിനെയാണ് ട്വന്റി- 20 എന്ന പാർട്ടി ഉണ്ടാക്കിയതും. കഴിഞ്ഞ 14 വർഷക്കാലമായി ജനങ്ങളുടെ ക്ഷേമത്തിനും കേരളത്തിന്റെ വികസനത്തിനായി ഒട്ടനവധി മാതൃകപരമായ കാര്യങ്ങൾ ഞങ്ങൾ ചെയ്തു. അതിന്റെ ഭാഗമായിരുന്നു ഭക്ഷ്യസുരക്ഷ. വിലക്കയറ്റം പിടിച്ചുനിർത്തുണമെന്ന് പറഞ്ഞാണ് പിണറായി സർക്കാർ അധികാരത്തിൽ വന്നത് പക്ഷെ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിച്ചില്ല എന്ന് മാത്രമല്ല വിലക്കയറ്റം രണ്ടും മൂന്നും ഇരട്ടിയായി സാധനങ്ങളുടെ വില വർധിക്കുകയാണ് ഉണ്ടായത് സാബു എം ജേക്കബ് പറഞ്ഞു.
ട്വന്റി 20 പാർട്ടി കിഴക്കമ്പലം അടക്കമുള്ള പഞ്ചായത്തുകളിൽ മുന്നോട്ടുവച്ച വികസനമാതൃക കേരളത്തിലെ മുഴുവൻ പഞ്ചായത്തിലും സാധ്യമാകുന്നതിന് തങ്ങളുടെ എൻഡിഎ പ്രവേശം ഗുണകരമാകുമെന്നും സാബു എം. ജേക്കബ് അവകാശപ്പെട്ടു. ട്വന്റി 20യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടവരെ താൻ കുറ്റപ്പെടുത്തുന്നില്ലെന്നും പാർട്ടിയുടെ ഓരോ പരിണാമത്തിലും അതിനോട് ചേർന്നു പോകാൻ സാധിക്കാത്തവർ പിരിഞ്ഞു പോകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും നിയമസഭാ സീറ്റുകളുടെ കാര്യത്തിൽ അടക്കം തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
സാമ്പത്തികമായ യാതൊരു നേട്ടത്തിനും വേണ്ടിയല്ല താൻ എൻഡിഎയ്ക്കൊപ്പം ചേർന്നതെന്നും അദ്ദേഹം പറഞ്ഞു. ‘‘എന്റെ പിതാവിനും എല്ലാ രാഷ്ട്രീയ നേതാക്കളുമായും അടുപ്പമുണ്ടായിരുന്നു. എന്നാൽ ഒരു കാര്യത്തിനും ആരേയും ആശ്രയിച്ചിട്ടില്ല. അതുപോലെ എൽഡിഎഫിൽ നിന്നോ യുഡിഎഫിൽ നിന്നോ ഒരു സാമ്പത്തിക ലാഭവും ഞാൻ ഉണ്ടാക്കിയിട്ടില്ല. സമാനമായി നരേന്ദ്ര മോദിയിൽ നിന്നും ഞാനൊരു സാമ്പത്തിക ലാഭവും ഉണ്ടാക്കാൻ ഉണ്ടാക്കാൻ പോകുന്നില്ല’’, സാബു എം.ജേക്കബ് പറഞ്ഞു.
“ഞങ്ങൾ ബിജെപിയിൽ ലയിക്കുകയല്ല, ഇന്ത്യ ഭരിക്കുന്ന പാർട്ടിക്കൊപ്പം മുന്നണിയിൽ പ്രവർത്തിക്കുകയാണ് ചെയ്യുന്നത്. അത് കേരളത്തിനു വേണ്ടിയാണ്. ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും പരിഹരിക്കാൻ സാധിക്കും. രൂപീകരിച്ചിട്ട് 14 വർഷമായിട്ടും മത, ജാതി കാർഡുകൾ രാഷ്ട്രീയത്തിലേക്ക് ഞങ്ങൾ കൊണ്ടുവന്നിട്ടില്ല. എന്നാൽ ആരാധനാലയങ്ങളുടെ സ്വത്തുക്കൾ കട്ടുതിന്നുന്നതിനൊപ്പം വർഗീയത പ്രചരിപ്പിക്കുകയാണ് എൽഡിഎഫും യുഡിഎഫും. ഞങ്ങൾ ഇതുവരെ മതം പറഞ്ഞിട്ടില്ല, നാളേയും പറയില്ല. മതവും രാഷ്ട്രീയവും രണ്ടായി തന്നെ നിൽക്കണം. വ്യക്‌തിത്വം അടിയറ വച്ച് ഞാൻ എവിടെയും നിൽക്കാറില്ല‘, കിറ്റക്‌സ് ആസ്‌ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സാബു എം.ജേക്കബ് പറഞ്ഞു.



