കോഴഞ്ചേരി: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ വഴിപാടിന് ഇന്ന് തുടക്കം. രാവിലെ 11-ന് തിരുമുറ്റത്തെ ഗജമണ്ഡപത്തിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ഭദ്രദീപം തെളിയിച്ച് തൂശനിലയിൽ ആദ്യവിഭവം വിളമ്പും. അവിട്ടം തിരുനാൾ ആദിത്യ വർമ്മ, ആരോഗ്യമന്ത്രി വീണാജോർജ്, ആന്റോ ആന്റണി. എം.പി, പ്രമോദ് നാരായണൻ എം.എൽ.എ എന്നിവർ വിഭവങ്ങൾ വിളമ്പും. തുടർന്ന് പള്ളിയോട സേവാസംഘം നിർമ്മിച്ച വിസ്മയ ദർശനം ഡോക്യുമെന്ററിയുടെ പ്രകാശനം പ്രമോദ് നാരായൺ എം.എൽ.എ നിർവഹിക്കും.
വഴിപാടുകാരുടെ ക്ഷണം സ്വീകരിച്ച് പള്ളിയോടത്തിലെത്തുന്ന കരക്കാരെ വഴിപാടുകാരും പള്ളിയോട സേവാസംഘം, ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ എന്നിവർ ചേർന്ന് വെറ്റയും പുകയിലയും നൽകി സ്വീകരിക്കും. ഉച്ചപൂജയ്ക്ക് ശേഷം ഊട്ടുപുരകളിൽ വളസദ്യ ആരംഭിക്കും. ഓതറ, ളാക ഇടയാറന്മുള, കോടിയാട്ടുകര, തെക്കേമുറി, പൂവത്തൂർ പടിഞ്ഞാറ്, കോഴഞ്ചേരി, വെൺപാല എന്നീ പള്ളിയോടങ്ങൾ ആദ്യദിനം വളസദ്യയിൽ പങ്കെടുക്കും. അഭീഷ്ട സിദ്ധിക്കും സന്താനലബ്ധിക്കുമായി ഭക്തജനങ്ങൾ സമർപ്പിക്കുന്ന അന്നദാന വഴിപാടാണ് വള്ള സദ്യ. കരക്കാർ പാടി ചോദിക്കുന്നതുൾപ്പടെ 64 വിഭവങ്ങൾ വിളമ്പും. പള്ളിയോടകരക്കാർക്കൊപ്പം തിരുവാറന്മുളയപ്പനും സദ്യയിൽ പങ്കെടുക്കുമെന്നാണ് വിശ്വാസം. 80 ദിവസം നീണ്ടുനിൽക്കുന്ന വളസദ്യ വഴിപാട് ഒക്ടോബർ രണ്ടിന് സമാപിക്കും.