വാഷിങ്ടൺ: വെനസ്വേലയിലെ സൈനിക നടപടിക്കും അറ്റ്ലാന്റിക് സമുദ്രത്തിൽ റഷ്യൻ എണ്ണക്കപ്പലിനെ ചെല്ലിയുണ്ടായ സംഘർഷങ്ങൾക്കും പിന്നാലെ വിവിധ അമേരിക്കൻ യുദ്ധ വിമാനങ്ങൾ ബ്രിട്ടനിൽ ലാൻഡ് ചെയ്തു. ഇതോടെ യു എസിന്റെ അടുത്ത നടപടി എന്താണ് എന്ന ആകാംക്ഷയിലാണ് ലോകം.
അമേരിക്കയുടെ പതിനാല് സി 17 ഗ്ലോബ് മാസ്റ്റർ 3 കാർഗോ ജെറ്റുകളും രണ്ട് സായുധ എസി 130 ജെ ഗോസ്റ്റ് റൈഡർ ഗൺഷിപ്പുകളും ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ ഇറങ്ങിയതായാണ് മാധ്യമ റിപ്പോർട്ട്. കൂടാതെ യു.എസ് വ്യോമ സേനയുടെ ഏറ്റവും വലിയ ചരക്കു വിമാനങ്ങളായ സി 5, സി 17 എന്നിവയും യുദ്ധ വിമാനങ്ങൾക്ക് ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന ടാങ്കർ വിമാനങ്ങളും എത്തിയിട്ടുണ്ട്. ബ്രിട്ടനിലെ ആർഎഎഫ് ഫെയർഫോർഡ്, മൈൽഡൻ ഹാൾ, ലേക്കൻഹീത്ത് എന്നീ വ്യോമ താവളങ്ങളിലാണ് യുഎസ് വിമാനങ്ങളെത്തിയത്. യൂറോപ്പിലെയും മധ്യേഷ്യയിലെയും അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് ഉപയോഗിക്കുന്ന വ്യോമതാവളങ്ങളാണ് ഇവ. രാത്രി കാലങ്ങളിൽ രഹസ്യമായി ശത്രു മേഖലകളിൽ സൈനികരെ എത്തിക്കുന്നതിൽ വൈദഗ്‌ധ്യമുള്ള അമേരിക്കയുടെ 160-ാമത് സ്പെഷ്യൽ ഓപ്പറേഷൻസ് ഏവിയേഷൻ റെജിമെൻ്റുമായി ബന്ധപ്പെട്ട വിമാനങ്ങളും പടക്കോപ്പുകളുമാണ് ബ്രിട്ടണിൽ എത്തിയിട്ടുള്ളത്.
യുഎസിന്റെ ഈ സൈനിക വ്യന്യാസം ഇറാൻ ലക്ഷ്യമിട്ടാണോ അതോ ലക്‌ഷ്യം ഗ്രീൻലാൻഡോ എന്നാണ് ലോകം സംശയത്തോടെ വീക്ഷിക്കുന്നത്. വെനസ്വേലയ്ക്ക് പിന്നാലെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ സുരക്ഷയ്ക്ക് വേണ്ടി ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കേണ്ടത് ആവശ്യമാണെന്ന് ട്രംപ് നിരന്തരം പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയുടെ ഏതൊരു ആക്രമണവും നാറ്റോയുടെ അന്ത്യത്തിലേക്ക് നയിക്കുമെന്നായിരുന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണ്‍ ഇതിന് മുന്നറിയിപ്പ് നല്‍കിയത്.
നാറ്റോ അംഗമായ ഡെന്‍മാര്‍കിന്റെ ഒരു അര്‍ദ്ധസ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. ഡെന്‍മാര്‍കിന് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ‘ഗ്രീന്‍ലാന്‍ഡ് അവിടുത്തെ മനുഷ്യരുടേതാണ്. അവരുടെ കാര്യങ്ങള്‍ ഡെന്‍മാര്‍കും ഗ്രീന്‍ലാന്‍ഡും മാത്രമേ തീരുമാനിക്കുകയുള്ളു‘, എന്ന് യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം തന്നെ മധ്യേഷ്യ കേന്ദ്രീകരിച്ചുള്ള ഈ നീക്കം ഇറാൻ ലക്ഷ്യമിട്ടാണെന്നും അഭ്യൂഹം ശക്തമാകുന്നുണ്ട്. രാജ്യത്തെ വിലക്കയറ്റത്തിനും സ്വേച്ഛാധിപത്യത്തിനുമെതിരെ ഇറാനിലെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. പ്രതിഷേധക്കാർക്ക് നേരെ ഭരണകൂടത്തിൻ്റെ അടിച്ചമർത്തലുണ്ടായാൽ അമേരിക്ക ഇടപെടുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പ് മുഖവിലയ്ക്കെടുക്കാൻ ഇറാൻ ഭരണകർത്താക്കൾ തയ്യാറായിട്ടില്ല.
‘ലോക്ക്ഡ് ആൻഡ് ലോഡഡ്’ (Locked and Loaded) എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഈ പരാമർശവും പിന്നാലെ മധ്യേഷ ലക്ഷ്യമിട്ട് നടക്കുന്ന സൈനിക നീക്കവും അഭ്യൂഹങ്ങൾ ബലപ്പെടുത്തിയിട്ടുണ്ട്. ഇറാനിൽ ഒരു ഭരണമാറ്റത്തിനോ അല്ലെങ്കിൽ നേരിട്ടുള്ള സൈനിക ഇടപെടലിനോ അമേരിക്ക ലക്ഷ്യമിടുമോ എന്നത് കണ്ടറിയണം. അതേസമയം അമേരിക്കൻ സൈനിക നീക്കമുണ്ടെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ഇറാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനമടക്കം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ വ്യോമാതിർത്തിയിൽ അമേരിക്കൻ നിരീക്ഷണ വിമാനമായ പി 8 പ്രത്യക്ഷപ്പെട്ടത് സ്ഥിതിഗതികൾ അതീവ ഗൗരവതരമാണെന്ന വിലയിരുത്തലുകൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ ഈ നീക്കങ്ങളെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ അമേരിക്ക പുറത്തുവിട്ടിട്ടില്ല. ഇറാനെതിരായ നീക്കത്തിന് അമേരിക്ക ഈ സമയത്ത് നേരിട്ട് ഇറങ്ങുമോ എന്ന കാര്യത്തിലും വ്യക്തത വരുത്തിയിട്ടില്ല.



