കുവൈറ്റ് സിറ്റി: കുവൈറ്റിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് (desalination plant) നേരെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ മൃതദേഹം കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഹെച്ച്.ഇ. പരാമിത ത്രിപാഠി (H.E. Paramita Tripathi) സന്ദർശിച്ചു. കുവൈത്ത് സെൻട്രൽ മോർച്ചറിയിൽ എത്തിയ അംബാസഡർ പൗരന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശിയായ ശാന്തശെൽവം കൃഷ്ണൻ ആണ്. ഇദ്ദേഹം കുവൈത്തിലെ പവർ പ്ലാന്റിൽ ജീവനക്കാരനായിരുന്നു.
മോർച്ചറിയിലെത്തിയ അംബാസഡർ, കുവൈറ്റ് ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റ് ജനറൽ മാനേജർ ബ്രിഗേഡിയർ അബ്ദുൾറഹീം അൽ അവദിയുമായി കൂടിക്കാഴ്ച നടത്തുകയും തുടർനടപടികൾക്ക് നൽകുന്ന സഹായത്തിന് നന്ദി അറിയിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കുവൈറ്റ് അധികൃതർ നൽകിയ വേഗത്തിലുള്ളതും സഹാനുഭൂതിപൂർണ്ണവുമായ സഹായത്തിനും പിന്തുണയ്ക്കും അവർ നന്ദി അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരം കുവൈറ്റിലെ ഒരു പ്രധാന പവർ ആന്റ് വാട്ടർ പ്ലാന്റിലെ സർവീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മരിച്ച വ്യക്തിയുടെ കുടുംബവുമായി എംബസി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി കുവൈറ്റ് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
Photo courtesy: Indian Embassy Kuwait
കുവൈറ്റിലെ കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റിന് നേരെ ഇറാൻ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

