Tuesday, April 7, 2026
Home » ആന്ധ്രപ്രദേശി​ന്റെ ഔദ്യോ​ഗിക തലസ്ഥാനമായി അമരവതിയെ പ്രഖ്യാപിച്ചു.
ആന്ധ്രപ്രദേശി​ന്റെ ഔദ്യോ​ഗിക തലസ്ഥാനമായി അമരവതിയെ പ്രഖ്യാപിച്ചു.

ആന്ധ്രപ്രദേശി​ന്റെ ഔദ്യോ​ഗിക തലസ്ഥാനമായി അമരവതിയെ പ്രഖ്യാപിച്ചു.

by Editor
Send your news and Advertisements

അമരവതി: 12 വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അമരവതിയെ ആന്ധ്രാപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ് പുനസംഘടന ഭേ​ദ​ഗതി നിയമം- 2026 പാസാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. 2024 ജൂൺ 2 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് തലസ്ഥാനം നിലവിൽ വരുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2014-ലാണ് ആന്ധ്ര സംസ്ഥാനം തെലങ്കാനയെന്നും ആന്ധ്രപ്രദേശെന്നും വിഭജിക്കപ്പെട്ടത്. തെലങ്കാന രൂപപ്പെട്ടതിന് ശേഷം ഹൈദരാബാദ് രണ്ട് സംസ്ഥാനങ്ങൾക്കും പൊതുവായ തലസ്ഥാനമായി തുടരുകയായിരുന്നു.

മാർച്ച് 28-ന് സംസ്ഥാന നിയമസഭ അമരവതിയെ അനുകൂലിച്ച് പ്രമേയം പാസ്സാക്കിയതോടെയാണ്. ഈ നീക്കത്തിന് വേഗത കൈവന്നത്. തുടർന്ന് ഏപ്രിൽ 1-ന് ലോക്‌സഭയും ഏപ്രിൽ 2-ന് രാജ്യസഭയും ബില്ലിന് അംഗീകാരം നൽകി. നിയമത്തിന് അംഗീകാരം നൽകിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനും, മാർഗനിർദേശങ്ങൾ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തി. “ഇത് ആന്ധ്രപ്രദേശിലെ എൻ്റെ ജനങ്ങളുടെ, പ്രത്യേകിച്ച് അമരവതിയിലെ കർഷകരുടെ വിജയമാണ്,” അദ്ദേഹം പറഞ്ഞു.

ഗുണ്ടൂർ ജില്ലയിൽ കൃഷ്ണാനദിയുടെ തീരത്താണ് ഈ ചരിത്രനഗരം സ്ഥിതി ചെയ്യുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ‘ഗ്രീൻഫീൽഡ്’ നഗരമായാണ് അമരാവതി വിഭാവനം ചെയ്തിരിക്കുന്നത്. 2014-ൽ ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചതു മുതൽ തലസ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം നിലനിന്നിരുന്നു. ഹൈദരാബാദ് 10 വർഷത്തേക്ക് ഇരു സംസ്ഥാനങ്ങളുടെയും സംയുക്ത തലസ്ഥാനമായിരിക്കുമെന്നായിരുന്നു ആദ്യത്തെ ധാരണ. വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്റെ കാലത്ത് വിശാഖപട്ടണം, അമരവതി, കർണൂൽ എന്നിങ്ങനെ മൂന്ന് തലസ്ഥാനങ്ങൾ എന്ന പദ്ധതി കൊണ്ടുവന്നിരുന്നെങ്കിലും, ഭരണമാറ്റത്തിന് ശേഷം അമരവതിയെ ഏക തലസ്ഥാനമായി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു

You may also like

error: Content is protected !!