Mantis Partners Sydney
Friday, February 20, 2026
Mantis Partners Sydney
Home » അഖിൽ മാരാർ ട്വന്റി-20യിൽ, എൻഡിഎ സ്ഥാനാർഥിയായേയ്ക്കും; വി ഡി സതീശനെ വിമർശിച്ച് അഖിൽ മാരാർ
അഖിൽ മാരാർ ട്വന്റി-20യിൽ, എൻഡിഎ സ്ഥാനാർഥിയായേയ്ക്കും; വി ഡി സതീശനെ വിമർശിച്ച് അഖിൽ മാരാർ

അഖിൽ മാരാർ ട്വന്റി-20യിൽ, എൻഡിഎ സ്ഥാനാർഥിയായേയ്ക്കും; വി ഡി സതീശനെ വിമർശിച്ച് അഖിൽ മാരാർ

by Editor
Send your news and Advertisements

കൊല്ലം: സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20 (Twenty20) പാർട്ടിയിൽ ചേരാൻ തീരുമാനിച്ചു. ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ പാർട്ടി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് അദ്ദേഹത്തിന് അംഗത്വം നൽകുമെന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും അദ്ദേഹം സ്ഥാനാർത്ഥിയായേക്കും.

ട്വന്റി ട്വന്റിയുമായി സ്ഥാനാർത്ഥി ചർച്ചകൾ നടത്തിയതായി അഖിൽ മാരാർ സ്ഥിരീകരിച്ചു. അഖിലിന് പാർട്ടിയിൽ അംഗത്വം നിലവിൽ ഇല്ലെന്നും അംഗത്വം എടുക്കാൻ തയാറാണെങ്കിൽ പരിഗണിക്കുമെന്നും ട്വന്റി ട്വന്റി നേതാവ് സാബു എം ജേക്കബ് പറഞ്ഞു. എൻഡിഎ മറ്റ് ഘടക കക്ഷികളുമായി ആലോചിച്ച ശേഷമാകും സ്ഥാനാർഥികളെ സംബന്ധിച്ചുള്ള പ്രഖ്യാപനം എന്നും സാബു മാധ്യമങ്ങളോട് വ്യക്തമാക്കി.

അഖിൽ മാരാർ ഒരു കോൺ​ഗ്രസ് അനുഭാവിയെന്ന നിലയിലാണ് അറിയുന്നത്. യൂത്ത് കോൺ​ഗ്രസിലടക്കം അഖിൽ പ്രവർത്തിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. സർവ്വേകളുടെ അടിസ്ഥാനത്തിൽ അഖിൽ മാരാറിന്റെ കൊല്ലത്തുള്ള സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനായി ബിജെപിയും സമീപിച്ചിരുന്നു. ബിജെപിക്കായി സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ കൊട്ടാരക്കരയിൽ അഖിൽ സ്ഥാനാർഥിയാകുന്നത് ഉചിതമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്..

കൊട്ടാരക്കര സ്വദേശിയായ അഖിൽ മത്സരിക്കാനുള്ള താൽപര്യം കോൺഗ്രസ് നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് അനുകൂല നിലപാട് ഇല്ലാതായതോടെയാണ് ട്വന്റി20യിൽ ചേരാൻ അഖിൽ തീരുമാനിച്ചത്. അതിനിടെ വി ഡി സതീശനെ വിമർശിച്ച് അഖിൽ മാരാർ രംഗത്ത് വന്നു. കാന്തപുരം വിഷയത്തിൽ സതീശൻ അസ്വസ്ഥനാകുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

കാന്തപുരം മുസ്ലിയാർ പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാൻ നോക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകൾക്കാണ്. എന്നാൽ അവർ നിശബ്‍ദർ ആകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥൻ ആകുകയും ചെയ്യുന്നതാണ് കണ്ടതെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. എന്തിനാണ് മുസ്ലിം മത പണ്ഡിതർക്കില്ലാത്ത ആവലാതി ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാവുന്നത്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം സംസാരിക്കുന്നതിനു പകരം മതവും വർഗീയതയും ചർച്ച ആക്കുന്നതിനോട് മുൻപേ എതിരഭിപ്രായം ഉള്ള ആളാണ് താൻ. വർഗീയ ശക്തികളെ കൂട്ട് പിടിച്ചു അധികാരത്തിൽ തിരികെ എത്താം എന്ന കാഴ്ചപാട് രാഷ്ട്രീയമായി നല്ലതിനല്ല. മതവും ജാതിയും ഒക്കെ വിട്ട് ജനങ്ങൾക്ക് എങ്ങനെ സന്തോഷകരമായ ജീവിതം നൽകാം. പുതു തലമുറയ്ക്ക് മനോഹരമായ ഭാവി എങ്ങനെ നൽകാം എന്നാണ് ചിന്തിക്കേണ്ടതെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ കുറിച്ചു.

You may also like

error: Content is protected !!