കൊല്ലം: കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് കോണ്‍ഗ്രസ് വേദിയില്‍തന്നെ മറുപടിയുമായി കൊട്ടാരക്കര മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ അഡ്വ. ഐഷ പോറ്റി. കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുമെന്ന സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ ചിരിപ്പിക്കുന്നതെന്ന് ഐഷ പോറ്റി പറഞ്ഞു. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉമ്മന്‍ചാണ്ടി അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അയിഷ പോറ്റി.
സത്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത പ്രചാരണമാണ് നടക്കുന്നത്. വിമര്‍ശനങ്ങള്‍ തന്നെ കൂടുതല്‍ ശക്തയാക്കുന്നു. താന്‍ പാര്‍ലമെന്ററി സ്ഥാനങ്ങള്‍ മോഹിക്കുന്ന ആളല്ല. പ്രസ്ഥാനം അവസരങ്ങള്‍ തന്നാലും ജനം വോട്ടു ചെയ്താലേ ആരും ജയിക്കുകയുള്ളൂവെന്നും ഐഷ പോറ്റി തുറന്നടിച്ചു. രാഷ്ട്രീയമേതായാലും നല്ലതിനെ നല്ലതെന്നു പറയാന്‍ ഒരു പേടിയുമില്ല. ചിരിച്ചാല്‍ ആത്മാര്‍ത്ഥതയോടെയാകണം. വിമര്‍ശനങ്ങളെ ചിരിയോടെ നേരിടുന്നതില്‍ ഉമ്മന്‍ചാണ്ടി മാതൃകയാണ്. ഉമ്മന്‍ചാണ്ടിയോടുള്ള ജനസ്‌നേഹം രാഷ്ട്രീയത്തിന് അതീതമാണ്. ജനപ്രതിന്ധി എങ്ങനെയാവണമെന്ന് കാട്ടിക്കൊടുത്തയാളാണ് ഉമ്മന്‍ചാണ്ടിയെന്നും അയിഷാ പോറ്റി പറഞ്ഞു.
പിതാവിനൊപ്പം പ്രവര്‍ത്തിച്ച അയിഷാ പോറ്റിയെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമിക്കുന്നത് ക്രൂരതയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എയും പറഞ്ഞു. ഉമ്മന്‍ചാണ്ടിയോടൊപ്പം പ്രവര്‍ത്തിച്ച ജനകീയ എംഎല്‍എയാണ് അയിഷാ പോറ്റിയെന്നും ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന് മാത്രമാണ് എത്തിയതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപിയും പറഞ്ഞു.
ഉമ്മൻ ചാണ്ടി അനുസ്മരണത്തില്‍ അയിഷാ പോറ്റിക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെ സിപിഐഎമ്മില്‍ നിന്നും അകന്നുകഴിയുന്ന അയിഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന സോഷ്യൽ മീഡിയ പ്രചാരണം ശക്തമായിരുന്നു. സിപിഐഎം നേതൃത്വവുമായി അകല്‍ച്ച പാലിച്ച അയിഷ പോറ്റി ഇക്കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല.