കാബൂൾ: അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 600 കടന്നു. റിക്ടർ സ്‌കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കനത്ത നാശനഷ്ടം ഉണ്ടായതായും അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1000-ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ഞായറാഴ്ച പ്രാദേശിക സമയം രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് ജലാലാബാദിന് കിഴക്കായി 27 കിലോമീറ്റർ അകലെ ഭൂചലനമുണ്ടായത്. ജലാലാബാദ് നഗരമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.
ഭൂകമ്പത്തിൻ്റെ ആഘാതം സമീപപ്രദേശങ്ങളെയും സാരമായി ബാധിച്ചതായാണ് വിവരം. സ്ഥലത്ത് ദേശീയ-സംസ്ഥാന ദുരന്ത നിവാരണസേനയെ വിന്യസിച്ചു. പ്രദേശവാസികളും സൈനികരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുനാർ പ്രവിശ്യയിലെ മൂന്ന് ഗ്രാമങ്ങൾ പൂർണമായും തകർന്നു. പരിക്കേറ്റ 500-ലധികം ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നൂർഗൽ, സാവ്‌കെ, വാതപൂർ, മനോഗി, ചാപ്പ ദാര ജില്ലകളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. നിരവധി ഗ്രാമങ്ങൾ മണ്ണിനടിയിലായി. വീടുകളും കെട്ടിടങ്ങളും തകർന്നു. അതേസമയം പ്രദേശത്തേക്ക് എത്തിപ്പെടുന്നതിൽ പ്രതിസന്ധിയുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് അഫ്ഗാൻ ആരോഗ്യ മന്ത്രാലയം വക്താവ് ഷറഫത് സമാൻ പറഞ്ഞു.
370 കിലോമീറ്റർ അകലെയുള്ള പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ഭൂചലനം അനുഭവപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അഫ്ഗാനിസ്ഥാനിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; നിരവധി മരണം