നാടക-ചലച്ചിത്ര രംഗത്തെ ഒരു കലാകാരനായിരുന്ന ശശി കലിംഗ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് ആറു വർഷം. ശശിയുടെ അമ്മാവനും കലാരംഗത്തെ അദ്ദേഹത്തെ മാർഗ്ഗദർശിയുമായിരുന്ന നാടകാചാര്യൻ വി. വിക്രമൻ നായരുടെ ഓർമ്മദിനം ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു.
‘പ്രാഞ്ചിയേട്ട’നിലെ ഈയ്യപ്പന്‍, ‘പലേരി മാണിക്യ’ത്തിലെ മനാലത്ത് തുടങ്ങി ഇദ്ദേഹം ചെയ്ത കഥാപാത്രങ്ങളുടെ പേരിലാണ് ശശി കൂടുതൽ അറിയപ്പെടുന്നത്. മലയാള നാടകവേദിയില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട താരമാണ് അദ്ദേഹം.
‘കലിംഗ’യിൽ അഭിനയിക്കാതെ കലിംഗ ശശിയായി (ശശി കലിംഗയായിയും) മാറിയ നടൻ്റെ കഥ, ഡോ. കെ. ശ്രീകുമാറിന്റെ ‘അരങ്ങു്’ എന്ന പുസ്‌തകത്തിൽ വിശദമായി ഉണ്ട്. പല്ലുകളില്ലാത്ത വായയായിരുന്നു ശശിയുടെ ‘ഹൈലൈറ്റ്’. ആവശ്യമുള്ളപ്പോൾ ഹാസ്യവും മറ്റു ചിലപ്പോൾ ക്രൗര്യവും പ്രകാശിപ്പിക്കാൻ ശശിയുടെ രൂപത്തിന് കഴിഞ്ഞു. അഭിനയിക്കാൻ വേണ്ടി പല്ലുകൾ എടുത്തു കളഞ്ഞതല്ല; ചെറുപ്പത്തിലെ ധാരാളം മിഠായി കഴിച്ചു കഴിച്ചു, യൗവനത്തിൽ തന്നെ പല്ല് കേട്ടു വന്നപ്പോൾ പിഴുതുകളഞ്ഞതാണ്.
കോഴിക്കോട് കുന്നമംഗലം സ്വദേശിയാണ് ശശി. ചന്ദ്രശേഖരൻ നായരും സുകുമാരിയുമാണ് മാതാപിതാക്കൾ. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി, അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. ‘വി. ചന്ദ്രകുമാര്‍’ എന്നാണ് യഥാര്‍ത്ഥ പേര്. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്.
അമ്മാവനായ വിക്രമൻ നായരുടെ ‘സ്റ്റേജ് ഇന്ത്യ’ നാടകട്രൂപ്പിന്റെ രണ്ടാമതുനാടകമായ ‘സാക്ഷാത്കാര’ത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998–ൽ ആദ്യമായി കാമറയ്ക്കു മുന്നിലെത്തി. ‘തകരച്ചെണ്ട’യെന്ന സിനിമയിൽ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം.
തുടർന്ന് അവസരങ്ങൾ ലഭിക്കാതെ വന്നപ്പോൾ നാടകങ്ങളിലേക്ക് തിരിച്ചു പോയി. നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ ‘മുൻഷി’ എന്ന ദിനപരമ്പരയിലും (കുറച്ചുകാലം) അഭിനയിച്ചിരുന്നു.
ശശി പിന്നീട് ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നത്. സ്വതസിദ്ധമായ ഭാഷാശൈലിയിലൂടെ അദ്ദേഹം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് കലിംഗ ശശി മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കുന്നത്.
നാട്ടിലും വീട്ടിലും ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന്, കെ ടി മുഹമ്മദിന്റെ നാടകട്രൂപ്പിന്റെ പേരായ ‘കലിംഗ’ (കലിംഗ തിയറ്റേഴ്സ്) ഒപ്പം ചേർത്തു നൽകുന്നത് സംവിധായകൻ രഞ്ജിത്താണ്. നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും ‘മുൻഷി’ എന്ന പരമ്പരയിലുലും അഭിനയിച്ചു. ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്’, ‘പുലിമുരുകൻ’, ‘കസബ’, ‘ഇടുക്കി ഗോൾഡ്’ ‘ആമേൻ’, ‘അമർ അക്ബർ അന്തോണി’, ‘വെള്ളിമൂങ്ങ’, ‘ഫിലിപ്സ് ആന്‍ഡ് മങ്കിപ്പെൻ’, ‘ഇന്ത്യൻ റുപ്പി’ ‘ഹണീ ബീ’ എന്നിവയാണ് പ്രധാന സിനിമകൾ.
ഇരുന്നൂറ്റിയമ്പതില്‍പ്പരം സിനിമകളില്‍ വേഷമിട്ടു. സഹദേവന്‍ ഇയ്യക്കാട് സംവിധാനംചെയ്ത ‘ഹലോ ഇന്ന് ഒന്നാം തിയതിയാണ്’ എന്ന സിനിമയില്‍ നായകനുമായി. ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
കോഴിക്കോട് ആശുപത്രിയിൽ വെച്ച്, 2020 ഏപ്രിൽ 07-ന് (59-ാം വയസിൽ), ശശി അന്തരിച്ചു. കരള്‍ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു…. ഭാര്യ- പ്രഭാവതി.
ആർ. ഗോപാലകൃഷ്ണൻ
‘യൂദാസ്’ ആയി കലിംഗ ശശി! ഹോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം ബിഗ് ബജറ്റ് ഇംഗ്ലീഷ് സിനിമയില്‍ യൂദാസായി അഭിനയിച്ച നടനാണ് കലിംഗ ശശി – 2015. ഹോളീവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായി അഭിനയിച്ച ഒരു സിനിമ – ബൈബിൾ അടിസ്ഥാനത്തിലുള്ള കഥ. ചില പ്രശ്‌നങ്ങളാല്‍ സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ഹോളിവുഡ് അഭിനയ ഭാഗ്യം ത്രില്ലോടെയാണ് കലിംഗ ശശി ആസ്വദിച്ചത്. യൂദാസായ കലിംഗ ശശി വാങ്ങിയത് നമ്മുടെ സൂപ്പര്‍താരങ്ങളെ മറികടന്ന പ്രതിഫലം! ഈ സിനിമയുടെ ഷൂട്ടിങ്ങിനായി ദിവസവും പോയിരുന്നത് താമസിക്കുന്ന ഹോട്ടലിന്റെ റൂഫ്ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിലായിരുന്നുവെന്നും അദ്ദേഹമന്ന് പറഞ്ഞിരുന്നു. നിർമ്മാതാക്കളുടെ നിർദ്ദേശപ്രകാരം അത് അഭിനയിച്ച കാലത്ത് വിവരം പുറത്തു പറയാൻ കഴിഞ്ഞില്ല.

