കോട്ടയം: പൊൻകുന്നത്ത് നാളുകൾക്ക് ശേഷം ബിവറേജ് ഔട്ട്ലെറ്റ് വീണ്ടും തുറന്നപ്പോൾ ആദ്യം മദ്യം വാങ്ങാനെത്തിയാൾ ബിവറേജിലെ ഉദ്യോഗസ്ഥന് പണം നൽകിയത് അടക്കയും വെറ്റിലയും ചേർത്ത് ദക്ഷിണയായി. വെറ്റിലയിൽ അടയ്ക്കയും പണവുംവെച്ചാണ് യുവാവ് ബെവറജസിൽനിന്ന് ആദ്യകുപ്പി വാങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് ബെവറജസ് വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ബെവറജസില്‍നിന്ന് ആദ്യം വില്‍ക്കുന്ന കുപ്പി വാങ്ങാനാണ് നെറ്റിയില്‍ ഭസ്മക്കുറിയും ചാര്‍ത്തി കൈയില്‍ ദക്ഷിണയുമായി യുവാവ് എത്തിയത്. ഏതായാലും അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
പ്രദേശവാസിയായ രഞ്ജുവാണ് സന്തോഷാധിക്യത്താൽ ദക്ഷിണയുംകൊണ്ട് കുപ്പി വാങ്ങാനെത്തിയത്. ഇനി ഈ ബെവറജസ് പൂട്ടരുതേയെന്നാണ് രഞ്ജുവിന്റെ മാത്രമല്ല, തങ്ങളുടെയെല്ലാം പ്രാർഥനയെന്ന് ഉദ്ഘാടനത്തിനെത്തിയവർ പറയുന്നു. ഇവിടെ ബെവറജസ് പൂട്ടിയിരുന്ന സമയത്ത് ദീർഘദൂരം യാത്രചെയ്‌ത് പാല, എരുമേലി, പള്ളിക്കത്തോട് എന്നിവിടങ്ങളിൽ നിന്നാണ് ആളുകൾ മദ്യം വാങ്ങിയിരുന്നത്.