തിരുവനന്തപുരം: കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി എന്നതാണ് പാർട്ടിയുടെ അടുത്ത ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശദ്രോഹികളിൽ നിന്നും കേരളത്തെ രക്ഷിക്കുക, വിശ്വാസങ്ങളെ സംരക്ഷിക്കുക, വികസിത കേരളം സൃഷ്‌ടിക്കുക എന്നതാണ് ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി പ്രതിനിധികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദേഹം. ഇന്ന് തലസ്ഥാന നഗരിയിൽ ബി ജെ പി മേയർ ഉണ്ടെങ്കിൽ, നാളെ കേരളത്തിൽ ബി ജെ പി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2047-ൽ വികസിത ഭാരതം എന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി മോദി നമുക്ക് മുന്നിൽ വെച്ചിരിക്കുന്നത്. വികസിത ഭരരതം വികസിത കേരളത്തിലൂടെയേ നടപ്പാക്കാനാകൂ. വികസിത കേരളം യാഥാർഥ്യമാകണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും അഴിമതിയുടെ കാര്യത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ ‘മാച്ച് ഫിക്സിങ്’ ആണ് നടക്കുന്നതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. വിശ്വാസം സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിണറായി വിജയന് ഇറങ്ങിപോകാൻ സമയമായി. ശബരിമലയിൽ സ്വതന്ത്ര ഏജൻസിയെ ഉപയോഗിച്ച് അന്വേഷണം നടത്തണം. ശബരിമല സ്വർണക്കൊള്ള കേസ് ഒരു നിഷ്പക്ഷ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.
പോപ്പുലർ ഫ്രണ്ടിന്റെയും എസ്‌ഡിപിയെയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് ബാങ്കിന്റെയും അടിസ്ഥാനത്തിലാണ് എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ പ്രവർത്തിക്കുന്നത്. ഇവരുടെ വിഭജന രാഷ്ട്രീയത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ സാധിക്കുന്നത് ബിജെപിക്ക് മാത്രമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. പരിപാടിയിൽവെച്ച്’ മിഷൻ 2026′ അമിത് ഷാ അവതരിപ്പിച്ചു. 2024 ൽ 20 ശതമാനം വോട്ടുകൾ ബിജെപി നേടി. 20 ൽ നിന്നും 30 ലേക്കും 40 ലേക്കും അത് വളരുമെന്നും അമിത് ഷാ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വരുമെങ്കിൽ പദ്മനാഭ സ്വാമിക്ക് മുന്നിൽ ദർശനം നടത്തിവണങ്ങുമെന്ന് പറഞ്ഞിരുന്നുവെന്നും ഇന്ന് അത് താൻ ചെയ്തെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കോർ കമ്മിറ്റി യോഗങ്ങളിലും ബി ജെ പി – എൻ ഡി എ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിലും പങ്കെടുത്ത അമിത് ഷാ, തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം വലിയ നേട്ടമാണെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പാർട്ടി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വരുത്താൻ ബി ജെ പിക്ക് സാധിക്കുമെന്നും അദ്ദേഹം നേതാക്കളെ ഓർമ്മിപ്പിച്ചു. ചടങ്ങിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, അമിത് ഷായ്ക്ക് അയ്യപ്പ വിഗ്രഹം സമ്മാനമായി നൽകി.



