വത്തിക്കാൻ സിറ്റി: വിടപറഞ്ഞ കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ ശവസംസ്കാരം ശനിയാഴ്‌ച. പ്രാദേശിക സമയം രാവിലെ പത്ത് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ഓടെയാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥന പ്രകാരം മേരി മേജർ ബസിലിക്കയിലെ പൗളിൻ ചാപ്പലിനും ഫോർസ് ചാപ്പലിനും നടുവിലായിട്ടായിരിക്കും സംസ്‌കാരം നടത്തപ്പെടുക. മുൻ മാർപാപ്പമാരിൽ ഭൂരിപക്ഷവും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. ഇതിൽ നിന്നും വ്യത്യസ്തമായാണ് ഫ്രാൻസിസ് പാപ്പയുടെ ആഗ്രഹം.
റോമിലെ എസ്ക്വിലിൻ കുന്നിലാണ് സെൻ്റ് മേരി മേജർ പേപ്പൽ ബസിലിക്ക സ്ഥിതി ചെയ്യുന്നത്. കന്യകാമറിയത്തിന്റെ പേരിലുള്ള റോമിലെ ഏറ്റവും വലിയ ദേവാലയം. നൂറ്റാണ്ടുകൾ പഴക്കമുള്ള ബസിലിക്കയുടെ നിർമാണം ആരംഭിച്ചതു ക്രിസ്തുവർഷം 432-ൽ. 1348-ലെ ഭൂചലനത്തിൽ കാര്യമായ തകരാറുകൾ സംഭവിച്ചു. പിന്നീട് പലവട്ടം പുതുക്കിപ്പണിയുകയും മോടിപിടിപ്പിക്കുകയും ചെയ്തു. 1743-ലാണ് ബസിലിക്കയുടെ ഇപ്പോഴത്തെ രൂപത്തിലുള്ള നിർമാണം പൂർത്തിയായത്. വത്തിക്കാൻ സിറ്റിക്കു പുറത്താണ് ബസിലിക്ക എങ്കിലും വത്തിക്കാൻ ഭരണകൂടത്തിന്റെ അധികാര പരിധിയിലാണിത്. റോമിലെ ജനങ്ങളുടെ രക്ഷകയായ കന്യകാമറിയത്തിന്റെ ഐക്കൺ ചിത്രത്തിന് അരികിലാണ് ഫ്രാൻസിസ് മാർപാപ്പയ്ക്കു കബറിടം ഒരുക്കിയിട്ടുള്ളത്. മാർപാപ്പയായി ചുമതലയേറ്റതിന് ശേഷം ഫ്രാൻസിസ് പാപ്പ കന്യകാമറിയത്തിന്റെ ഈ ചിത്രത്തിനു മുന്നിൽ പ്രാർഥിക്കാനെത്തുന്നതു പതിവാണ്. ഏറ്റവുമൊടുവിൽ, 38 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷവും മാർപാപ്പ ഇവിടം സന്ദർശിച്ചിരുന്നു.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ശവസംസ്‌കാര ചടങ്ങിൽ കോളജ് ഓഫ് കാർഡിനൽസിൻ്റെ ഡീൻ കർദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ നേതൃത്വം വഹിക്കും. സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പൊതുദർശനം ഇന്ന് ആരംഭിക്കും. പിന്നീട് സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി സാന്താ മരിയ മാഗിയോർ ബസിലിക്കയിലേക്ക് കൊണ്ടുപോകും.
മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ആദര സൂചകമായി അമേരിക്കയിൽ പതാക പകുതി താഴ്ത്തിക്കെട്ടണമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. പൊതു കെട്ടിടങ്ങൾ, മൈതാനങ്ങൾ, സൈനിക പോസ്റ്റുകൾ, നാവിക സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ പതാക താഴ്ത്തിക്കെട്ടാൻ ട്രംപ് നിർദേശിച്ചു. ട്രൂത്ത് സോഷ്യൽ എന്ന ട്രംപിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് അറിയിപ്പ്. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണും ജന്മനാടായ അർജൻറീനയുടെ പ്രസിഡൻറും ചടങ്ങിനെത്തും. ലോകത്തെ വിവിധ രാജ്യങ്ങളാണ് മാർപാപ്പയുടെ വിയോഗത്തിൽ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തോട് അനുബന്ധിച്ച് ഇന്ത്യയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Pope Francis’s tomb at St. Mary Major Basilica
അടുത്ത മാർപാപ്പ തിരഞ്ഞെടുപ്പ്: കേരളത്തിൽ നിന്ന് 2 പേർക്ക് മാത്രം വോട്ടവകാശം.