കൊച്ചി: ദേവികുളം മുന്‍ എം എല്‍ എയും സിപിഎം നേതാവുമായിരുന്ന എസ് രാജേന്ദ്രന്‍ എന്‍ഡിഎയിലേക്ക്. റിപ്പബ്ലിക്കാന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഭാഗമായിട്ടാണ് എന്‍ഡിഎ മുന്നണിയില്‍ എത്തുന്നത്.
രാജേന്ദ്രൻ ആർപിഐയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്നും കേരളത്തിൽ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാകുമെന്നും ആർപിഐ പാർട്ടി ചെയർമാനും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്താവാലെ പറഞ്ഞു. എസ് രാജേന്ദ്രനുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ചർച്ച. പാർട്ടി പ്രവേശനം സംബന്ധിച്ച് ഇന്നോ നാളെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആർപിഐ (അത്താവാലെ) വിഭാഗവുമായി മാസങ്ങളായി രാജേന്ദ്രൻ ചർച്ചകൾ ആരംഭിച്ചിട്ട്.
കോട്ടയത്ത് നിന്നുള്ള ബിജെപി നേതാവ് എൻ ഹരിയാണ് എസ് രാജേന്ദ്രനെ ബിജെപി പാളയത്തിൽ എത്തിക്കാൻ ആദ്യഘട്ടം മുതൽ ചുക്കാൻ പിടിക്കുന്നത്. സിപിഐഎമ്മുമായി കുറേക്കാലമായി അകൽച്ചയിലാണ് എസ് രാജേന്ദ്രൻ.