സിറോ മലബാർ സഭ പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ഗൗരവത്തോടെ ആലോചിക്കുന്നതായി താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വ്യക്തമാക്കി. ഇന്നുവരെ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് പിന്തുണ നൽകിവന്നെങ്കിലും, ഇനിയങ്ങോട്ട് വോട്ട് ബാങ്കായി നിലനിൽക്കാൻ സഭ തയാറല്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ക്രൈസ്തവ സമൂഹം നാടിനായുള്ള സേവനത്തിൽ ഒരിക്കലും പിന്നിലായിട്ടില്ലെന്നും, നാടിന്റെ വികസനത്തിന് വലിയ സംഭാവന നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കഴിഞ്ഞ 10 വർഷത്തിനിടെ വന്യമൃഗ ആക്രമണത്തിൽ 1500-ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. കൃഷിക്കാർക്ക് വന്യമൃഗ ആക്രമണം മൂലം ജീവിക്കാൻ പറ്റാത്ത അവസ്‌ഥയാണ്. കാലാനുസൃതമായ മാറ്റം വരുത്താതെ പഴയ നിയമങ്ങൾ വച്ചുകൊണ്ട് ജനങ്ങളെ പീഡിപ്പിക്കുകയാണ്. അതിനാലാണ് അവകാശങ്ങൾക്ക് വേണ്ടി പോരാടേണ്ടി വരുന്നത്. രാഷ്ട്രീയ പാർട്ടി രൂപീകരണത്തെക്കുറിച്ച് വളരെ മുൻപ് തന്നെ ആലോചനയുള്ളതാണ്. ഇപ്പോഴുള്ള രാഷ്ട്രീയ പാർട്ടികൾക്ക് സമുദായത്തിന്റെ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ല. പാവപ്പെട്ടവരായിപ്പോയി എന്നതുകൊണ്ട് ചൂഷണം ചെയ്യപ്പെടാൻ പാടില്ല’ – അദ്ദേഹം പറഞ്ഞു.
വനം മന്ത്രിക്ക് കണ്ണില്ലെന്നും ആരോ എഴുതുന്ന നിയമങ്ങളിൽ മന്ത്രി ഒപ്പിട്ട് നൽകുകയാണെന്നും അദേഹം വിമർശിച്ചു. കഴിവില്ലെങ്കിൽ വനംവകുപ്പ് മന്ത്രി രാജിവെക്കണം. ഇനി ഒരു മനുഷ്യനും ഇവിടെ ആന കുത്തി മരിക്കരുത്. ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് എന്തിന് സർക്കാർ പൂഴ്ത്തിവെക്കുന്നു എന്ന് മുഖ്യമന്ത്രി പറയണമെന്നും അദേഹം ആവശ്യപ്പെട്ടു.
ചർച്ച് ബില്ലെന്നു പറഞ്ഞ് ഭയപ്പെടുത്തേണ്ടെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനിയൂം മുന്നറിയിപ്പ് നൽകി. ജെബി കോശി കമ്മീഷണർ റിപ്പോർട്ട് നടപ്പിലാക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു. രാഷ്ട്രീയപാർട്ടി രൂപീകരണ സാധ്യതകൾക്ക് കരുത്ത് പകർന്ന് കോഴിക്കോട് നടന്ന അവകാശ സംരക്ഷണ റാലിയിൽ ആയിരങ്ങളാണ് ഇന്നലെ പങ്കെടുത്തത്. ക്രൈസ്തവ വോട്ട് ബാങ്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് അല്ലെന്ന് വ്യക്തമാക്കിയാണ് സഭ രാഷ്ട്രീയ പാർട്ടി രൂപികരണ സാധ്യത തുറന്ന് പറയുന്നത്. ചർച്ച് ബില്ലെന്ന് പറഞ്ഞ് ഭയപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലെന്നും തലശേരി അതിരൂപത ബിഷപ് ജോസഫ് പാംപ്ലാനി പറഞ്ഞു.
ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചതെന്തിനെന്നും മറുപടി വേണമെന്നും സഭ നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മന്ത്രി എ കെ ശശീന്ദ്രൻ ആരോ എഴുതി നൽകുന്നത് വായിക്കുകയാണെന്നും മന്ത്രിക്ക് ആന്തരികമായ കണ്ണില്ലെന്നും ബിഷപ് വിമർശിച്ചു.
വഖഫ് ബിൽ വർഗീയമല്ല, സാമൂഹിക നീതിയുടെ വിഷയമാണ്. സഭയുടെ നിലപാടിനെ വർഗീയമായി ചിത്രികരിച്ചു. സഭയ്ക്ക് വസ്തുതകളെ മനസ്സിലാക്കാൻ അറിയാം. രാഷ്ട്രീയ മുതലെടുപ്പിനായി വിനിയോഗിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവഗണന തുടർന്നാൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. സഭക്ക് അതിന് കഴിയില്ലെന്ന് കരുതരുത്. പള്ളിയിൽ അച്ചന്മാരും മെത്രാന്മാരും പറഞ്ഞാൽ ആരും കേൾക്കില്ല എന്ന് കരുതരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് തീറെഴുതി കൊടുത്ത ജനതയല്ല ക്രൈസ്‌തവർ. മുനമ്പം നിവാസികൾ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അഭിപ്രായം കേൾക്കരുത്. മലയോര ജനത മുനമ്പത്തോടൊപ്പം ആണെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം