പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 182 യാത്രക്കാരെ ബന്ദികളാക്കി. ചൊവ്വാഴ്ച ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. വിഘടനവാദികള്‍ നടത്തിയ വെടിവെപ്പില്‍ 20 പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ പിന്‍മാറിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നും വിഘടനവാദികള്‍ ഭീഷണി മുഴക്കി. ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചലിന് പിന്നില്‍. ഇതിനു പിന്നാലെ സൈന്യവും ബലൂച് ലിബറേഷൻ ആർമിയും ഏറ്റുമുട്ടി. പാക്കിസ്ഥാൻ സുരക്ഷാ സേന സ്ഥലത്തെത്തി, വ്യോമാക്രമണം ഉൾപ്പെടെയുള്ള വൻ പ്രത്യാക്രമണം നടത്തിയെന്നാണ് വിവരം. സൈന്യത്തിന്റെ കര ആക്രമണം പൂർണമായും ചെറുത്തതായി വിഘടനവാദികള്‍ അവകാശപ്പെട്ടു.
പാക്കിസ്ഥാനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് ആണ് വിഘടനവാദികള്‍ കയ്യടക്കിയത്. യാത്രക്കിടയില്‍ ഒരു തുരങ്കത്തിനടുത്തുവെച്ച് ആയുധധാരികളായ ആളുകള്‍ ട്രെയിന്‍ തടയുകയായിരുന്നു. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളികള്‍ ഏറെയുണ്ട്. ഇവരില്‍ സ്ത്രീകളെയും കുട്ടികളേയും ബലൂചിസ്ഥാന്‍ സ്വദേശികളായ യാത്രക്കാരെയും വിട്ടയച്ചുവെന്നാണ് വിഘടനവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ട്രെയിനിലെ യാത്രക്കാരുമായി യാതൊരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. പാക്കിസ്ഥാൻ സൈന്യം സൈനികരുടെയും ഡോക്ടർമാരുടെയും അധിക സേനയുമായി ഒരു ദുരിതാശ്വാസ ട്രെയിനും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ആക്രമണത്തെ അപലപിച്ചു. നിരപരാധികളായ യാത്രക്കാരെ വെടിവയ്ക്കുന്നവരോട് സർക്കാർ ഒരു വിട്ടുവീഴ്ചയും നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാനില്‍നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന് ആവശ്യവുമായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ), ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ പാക്കിസ്ഥാൻ ഭരണകൂടത്തിനെതിരെ പോരാട്ടം ശക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഈ ആക്രമണവും.