ഈരാറ്റുപേട്ടയിൽ അനധികൃത പാറമടകളിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച വൻ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. കുഴിവേലി ഭാഗത്തെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്‌ട്രിക് ഡിറ്റനേറ്ററുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയത്.
പുളിയൻമലയിൽ ജലാറ്റിന്‍ സ്റ്റിക്കുമായി പിടിയിലായ ശിബിലിയെ ചോദ്യം ചെയ്തതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തുകയായിരുന്നു. റോഡരികിലെ ഒരു കെട്ടിടത്തിൽ വാടകയ്ക്കെടുത്ത രണ്ട് ഷട്ടറുകളിൽ വസ്തുക്കൾ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
പതിനായിരത്തിലധികം ഡിറ്റനേറ്ററുകൾ, 2600 ജലാറ്റിന്‍ സ്റ്റിക്കുകൾ, 3350 മീറ്റർ സ്‌ഫോടക തിരി, ഒരു എയര്‍ റൈഫിള്‍ എന്നിവയാണ് പോലീസ് പിടിച്ചെടുത്തത്. ശിബിലി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കൽ സ്വദേശി മുഹമ്മദ് ഫാസിലിനെയും അറസ്റ്റ് ചെയ്തു. ശിബിലിക്ക് സ്‌ഫോടക വസ്തു നൽകിയതിൽ ഫാസിലിന് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ജനവാസ കേന്ദ്രത്തിന് സമീപം വൻ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്. കണ്ടെത്തിയ കെട്ടിടത്തിലും പരിസരത്തും നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതേ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ഒരു കുടുംബം വാടകക്ക് താമസിച്ചുവരികയുമാണ്.
അനധികൃതമായി ജനവാസ മേഖലയിൽ സൂക്ഷിച്ച സ്‌ഫോടക വസ്തുക്കൾ പ്രദേശത്ത് വലിയ അപകട സാധ്യത സൃഷ്ടിക്കുമെന്ന് നാട്ടുകാർ ആരോപിച്ചു. ഈരാറ്റുപേട്ട പ്രിൻസിപ്പൽ എസ്‌ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തുകയും പിടിച്ചെടുത്ത വസ്തുക്കളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.