ഭാരതീയ ഫുട്ബോൾ ആരാധകർക്ക് ഉത്സാഹം പകരുന്ന വാർത്ത. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ സുനിൽ ഛേത്രി തന്റെ വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചെത്തുന്നു. 2027 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ താരം വീണ്ടും അണിനിരക്കും. ഈ മാസം 25-ന് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഛേത്രി തന്റെ രണ്ടാം വരവ് കുറിക്കും.
കഴിഞ്ഞ വർഷം ജൂണിൽ, കുവൈറ്റിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരം 1-1 സമനിലയിൽ അവസാനിച്ചതിന് പിന്നാലെ, 40 വയസ്സുള്ള ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, താൻ വീണ്ടും രാജ്യത്തിനായി കളിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ആരാധകർ ആവേശത്തിലാണ്.
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന നാലാമത്തെ താരമായ ഛേത്രി, വീണ്ടും ഇന്ത്യൻ ടീമിന്റെ മുന്നേറ്റത്തിന് കരുത്താകുമെന്ന് പ്രതീക്ഷിക്കുന്നു.